T20 World Cup‌|100 കടക്കാനാവാതെ ബംഗ്ലാ കടുവകള്‍, നാണക്കേടിന്‍റെ റെക്കോര്‍ഡ്

Published : Nov 04, 2021, 05:33 PM IST
T20 World Cup‌|100 കടക്കാനാവാതെ ബംഗ്ലാ കടുവകള്‍, നാണക്കേടിന്‍റെ റെക്കോര്‍ഡ്

Synopsis

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് ബംഗ്ലാദേശ് 100പോലും കടക്കാനാവാതെ പുറത്താവുന്നത്. കഴിഞ്ഞ മത്സരത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെ 84 റണ്‍സിന് ബംഗ്ലാദേശ് പുറത്തായിരുന്നു.

ദുബായ്: ടി20 ലോകകപ്പിലെ(T20 World Cup 2021) സൂപ്പര്‍ 12(Super 12) പോരാട്ടത്തില്‍ ഒരിക്കല്‍ കൂടി 100 കടക്കാനാവാതെ പുറത്തായതോടെ നാണക്കേടിന്‍റെ റെക്കോര്‍ഡ് പേരിലാക്കി ബംഗ്ലാദേശ്(Bangladesh). ഓസ്ട്രേലിയക്കെതിരായ(Australia) പോരാട്ടത്തില്‍ ആദം സാംപയുടെ(Adam Zampa) സ്പിന്നിന് മുന്നില്‍ കറങ്ങിവീണ ബംഗ്ലാദേശ് 15 ഓവറില്‍ 73 റണ്‍സിനാണ് ഓള്‍ ഔട്ടായത്. നാലോവറില്‍ 19 റണ്‍സിന് അഞ്ച് വിക്കറ്റെടുത്ത  ആദം സാംപയാണ് ബംഗ്ലാദേശിനെ കറക്കി വീഴ്ത്തിയത്. ജോഷ്  ഹേസല്‍വുഡും(Josh Hazlewood) മിച്ചല്‍ സ്റ്റാര്‍ക്കും(Mitchell Starc) രണ്ട് വിക്കറ്റ് വീതം വിഴ്ത്തി.

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് ബംഗ്ലാദേശ് 100പോലും കടക്കാനാവാതെ പുറത്താവുന്നത്. കഴിഞ്ഞ മത്സരത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെ 84 റണ്‍സിന് ബംഗ്ലാദേശ് പുറത്തായിരുന്നു. തുടര്‍ച്ചയായ രണ്ട് മത്സരങ്ങളില്‍ 100ല്‍ കുറഞ്ഞ സ്കോറിന് പുറത്താവുന്ന മൂന്നാമത്തെ മാത്രം ടീമാണ് ബംഗ്ലാദേശ്. 2007ല്‍ ന്യൂസിലന്‍ഡിനെതിരെ കെനിയ 73 റണ്‍സിനും ശ്രീലങ്കക്കെതിരെ 88 റണ്‍സിനും പുറത്തായിരുന്നു.

2014ല്‍ അഫ്ഗാനിസ്ഥാന്‍ ഇംഗ്ലണ്ടിനെതിരെ 80 റണ്‍സിനും ബംഗ്ലാദേശിനെതിരെ 72 റണ്‍സിനും പുറത്തായി. ഇതിനുശേഷം ഇതാദ്യമായാണ് ഒരു ടീം തുടര്‍ച്ചയായ രണ്ട് ടി20 മത്സരങ്ങളില്‍ 100ല്‍ കുറഞ്ഞ സ്കോറിന് പുറത്താവുന്നത്. ഈ വര്‍ഷം ഇത് നാലാം തവണയാണ് ബംഗ്ലാദേശ് 100ല്‍ കുറഞ്ഞ സ്കോറിന് ഓള്‍ ഔട്ടാവുന്നത്. ലോകകപ്പിന് മുമ്പ് ന്യൂസലന്‍ഡിനെതിരെ രണ്ട് തവണ 76  റണ്‍സിന് ബംഗ്ലാദേശ് ഓള്‍ ഔട്ടായിരുന്നു.

Also Read: ഇന്ത്യ- അഫ്ഗാന്‍ മത്സരത്തില്‍ ഒത്തുകളി ആരോപണം; രൂക്ഷമായി പ്രതികരിച്ച് പാക് ഇതിഹാസങ്ങള്‍

ഓസ്ട്രേലിയക്കായി അഞ്ച് വിക്കറ്റെടുത്ത ആദം സാംപ ലോകകപ്പില്‍ ഒരു ഓസീസ് ബൗളറുടെ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 2016ലെ ടി20 ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ മൊഹാലിയില്‍ ജെയിംസ് ഫോക്നോര്‍ 27 റണ്‍സിന് അഞ്ച് വിക്കറ്റ് വീഴ്ത്തിയതായിരുന്നു ഇതിന് മുമ്പത്തെ ഓസീസ് ബൗളറുടെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം. നാലോവറില്‍ 19 റണ്‍സിനാണ് സാംപ ഇന്ന് അഞ്ച് വിക്കറ്റെടുത്തത്.

സൂപ്പര്‍ 12ല്‍ കളിച്ച നാലു കളിയും തോറ്റ ബംഗ്ലാദേശ് സെമി കാണാതെ നേരത്തെ പുറത്തായിരുന്നു. സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസന്‍ പരിക്കേറ്റ് മടങ്ങിയതാണ് ബംഗ്ലാദേശിന് കനത്ത തിരിച്ചടിയായത്. ഷാക്കിബ് കളിക്കാതിരുന്ന രണ്ട് കളികളിലും ബംഗ്ലാദേശിന് 100 കടക്കാനായില്ല. അതേസമയം, ബംഗ്ലാദേശിനെ കുറഞ്ഞ സ്കോറില്‍ പുറത്താക്കിയ ഓസീസിന് മൂന്നാം ജയവുമായി നെറ്റ് റണ്‍റേറ്റില്‍ ദക്ഷിണാഫ്രിക്കയെ മറികടന്ന് ഗ്രൂപ്പില്‍ രണ്ടാമതെത്താനും അവസരമുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

സൂര്യയെ പറഞ്ഞ് ബോധിപ്പിച്ചു; യാന്‍സനെ പുറത്താക്കിയത് സഞ്ജുവിന്റെ മാസ്റ്റര്‍ പ്ലാന്‍
ചക്രവര്‍ത്തിക്ക് നാല് വിക്കറ്റ്, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര ഇന്ത്യക്ക്; അവസാന മത്സരത്തില്‍ ജയം 30 റണ്‍സിന്