
ദുബായ്: ടി20 ലോകകപ്പിലെ(T20 World Cup 2021) നിര്‍ണായക പോരാട്ടത്തില്‍ പാപ്പുവ ന്യൂ ഗിനിയയെ(Papua New Guinea ) 84 റണ്‍സിന് തകര്‍ത്ത് ബംഗ്ലാദേശ്(Bangladesh) സൂപ്പര്‍ 12(Super 12) ഘട്ടത്തിലേക്ക് യോഗ്യത നേടി. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുത്തു. 182 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാപ്പുവ ന്യൂ ഗിനിയ 19.3 ഓവറില്‍ 97 റണ്‍സിന് ഓള്‍ ഔട്ടായി.
ആദ്യ മത്സരത്തില്‍ സ്കോട്‌ലന്‍ഡിനോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയതോടെ ബംഗ്ലാദേശിന്‍റെ സൂപ്പര്‍ 12 യോഗ്യത തുലാസിലായിരുന്നു. എന്നാല്‍ രണ്ടാം മത്സരത്തില്‍ ഒമാനെയും മൂന്നാം മത്സരത്തില്‍ പാപ്പുവ ന്യൂ ഗിനിയയെയും തകര്‍ത്ത് മികച്ച നെറ്റ് റണ്‍ റേറ്റില്‍ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനം ഏകദേശം ഉറപ്പാക്കിയാണ് ബംഗ്ലാദേശ് സൂപ്പര്‍ 12ല്‍ എത്തിയത്.
ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനായി ക്യാപ്റ്റന്‍ മെഹമദ്ദുള്ള(28 പന്തില്‍ 50) നേടിയ അതിവേഗ അര്‍ധസെഞ്ചുറിയാണ് മികച്ച സ്കോര്‍ സമ്മാനിച്ചത്. റണ്‍സെടുക്കും മുമ്പെ ഓപ്പണര്‍ മൊഹമ്മദ് നയീമിനെ(0) നഷ്ടമായ ബംഗ്ലാദേശിനെ ലിറ്റണ്‍ ദാസും(29), ഷാക്കിബ് അല്‍ ഹസനും(37 പന്തില്‍ 46) ചേര്‍ന്നാണ് കരകയറ്റിയത്. മുഷ്ഫീഖുര്‍ റഹീമിന്(5) കാര്യമായി ഒന്നും ചെയ്യാനായില്ലെങ്കിലും മെഹമ്മദുള്ളയും ആഫിഫ് ഹൊസൈനും(14 പന്തില്‍ 21), സൈഫുദ്ദീനും(ആറ് പന്തില്‍ 19*) ചേര്‍ന്ന് ബംഗ്ലാദേശിനെ മികച്ച സ്കോറിലെത്തിച്ചു.
മറുപടി ബാറ്റിംഗില്‍ 29-7ലേക്ക് കൂപ്പുകുത്തിയ പാപ്പുവ ന്യൂ ഗിനിയ 50പോലും കടക്കില്ലെന്ന് തോന്നിച്ചെങ്കിലും എട്ടാമനായി വന്ന് 34 പന്തില്‍ 46 റണ്‍സടിച്ച കിപ്ലിന്‍ ദോറിഗയും ചാഡ് സോപറും(11) ചേര്‍ന്നാണ് പാപ്പുവ ന്യൂ ഗിനിയയെ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്. ഇരുവരും മാത്രമാണ് പാപ്പുവ ന്യൂ ഗിനിയ ടീമില്‍ രണ്ടക്കം കടന്നത്.
ബംഗ്ലാദേശിനായി ഷാക്കിബ് അല്‍ ഹസന്‍ നാലോവറില്‍ ഒമ്പത് റണ്‍സിന് നാലു വിക്കറ്റെടുത്തപ്പോള്‍ ടസ്കിന്‍ അഹമ്മദും മുഹമ്മദ് സൈഫുദ്ദീനും രണ്ട് വിക്കറ്റ് വീഴ്ത്തി. ഒന്നാം സ്ഥാനക്കാരായി യോഗ്യത നേടിയാല്‍ സൂപ്പര്‍ 12ല്‍ ഇന്ത്യയുള്‍പ്പെടുന്ന ഗ്രൂപ്പിലാണ് ബംഗ്ലാദേശ് മത്സരിക്കേണ്ടത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!