
ദുബായ്: ടി20 ലോകകപ്പിന്‍റെ(T20 World Cup 2021) സൂപ്പര്‍ 12(Super 12) പോരാട്ടത്തില്‍ ഇന്ത്യയും ന്യൂസിലന്‍ഡും(IND vs NZ) ഇന്ന് മുഖാമുഖം വരികയാണ്. പാകിസ്ഥാനോട് തോറ്റ ഇരു ടീമിനും നിര്‍ണായകമാണ് ഇന്നത്തെ പോരാട്ടം. തോറ്റാല്‍ സെമി കാണാതെ പുറത്താകും. ജീവന്‍മരണ പോരാട്ടത്തിന് ഇറങ്ങുമ്പോള്‍ ഇന്ത്യ(Team India) പ്ലേയിംഗ് ഇലവനില്‍ ഒരു മാറ്റം വരുത്തണമെന്ന് പറയുകയാണ് മുന്‍താരം വിവിഎസ് ലക്ഷ്‌മണ്‍(VVS Laxman).
'റണ്‍സ് നല്‍കും എന്നതിനാല്‍ ഷര്‍ദ്ദുല്‍ ഠാക്കൂറിനെ ഇറക്കണം എന്നാണ് എനിക്ക് പറയാനുള്ളത്. അദേഹമൊരു വിക്കറ്റ് ടേക്കര്‍ ബൗളര്‍ കൂടിയാണ്. ഷര്‍ദ്ദുലിന്‍റെ വരവ് ബാറ്റിംഗ് നിരയുടെ ആഴം വര്‍ധിപ്പിക്കും. അതിനാല്‍ ഭുവനേശ്വര്‍ കുമാറിനെ മറികടന്ന് ഷര്‍ദ്ദുലിനെ കളിപ്പിക്കണം എന്നാണ് എന്‍റെ അഭിപ്രായം. ഭുവി പരിചയസമ്പന്നനായ ബൗളറാണ്. എന്നാല്‍ ടീമിന്‍റെ ബാലന്‍സ് പരിഗണിക്കുമ്പോള്‍ ഷര്‍ദ്ദുലിനെയാണ് ഞാന്‍ പരിഗണിക്കുക' എന്നും വിവിഎസ് ലക്ഷ്‌മണ്‍ പറഞ്ഞു.
പാകിസ്ഥാനെതിരെ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ മോശം പ്രകടനമാണ് ഭുവി കാഴ്‌ചവെച്ചത്. മൂന്ന് ഓവറില്‍ 25 റണ്‍സ് വിട്ടുകൊടുത്തപ്പോള്‍ വിക്കറ്റൊന്നും നേടാനായില്ല. പരിക്കിന് ശേഷം ഈ വര്‍ഷാദ്യം ടീമിലേക്ക് മടങ്ങിയെത്തിയ ശേഷം സ്ഥിരത കാട്ടാന്‍ താരത്തിനായില്ല. എട്ട് മത്സരങ്ങളില്‍ എട്ട് വിക്കറ്റേ സ്വന്തമാക്കിയുള്ളൂ. ഐപിഎല്ലിലും നിറംമങ്ങിയ പ്രകടനമാണ് കാഴ്‌ചവെച്ചത്. 11 മത്സരങ്ങളില്‍ വെറും ആറ് വിക്കറ്റായിരുന്നു സമ്പാദ്യം.
അതേസമയം ഐപിഎല്‍ 2021 സീസണിലെ ഉയര്‍ന്ന മൂന്നാമത്തെ വിക്കറ്റ് വേട്ടക്കാരനാണ് ഷര്‍ദ്ദുല്‍ ഠാക്കൂര്‍. 16 മത്സരങ്ങളില്‍ 21 വിക്കറ്റ് നേടി. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ കിരീടധാരണത്തില്‍ ഷര്‍ദ്ദുലിന്‍റെ പ്രകടനം നിര്‍ണായമായി. ഷര്‍ദ്ദുല്‍ ടീം മാനേജ്‌മെന്‍റിന്‍റെ പദ്ധതികളിലുള്ള താരമാണെന്ന് നായകന്‍ വിരാട് കോലി കിവീസിനെതിരായ മത്സരത്തിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ ടീമില്‍ താരത്തിന്‍റെ ചുമതല എന്തായിരിക്കും എന്ന് കോലി വ്യക്തമാക്കിയില്ല.
ടി20 ലോകകപ്പ്: വെല്ലുവിളിയാണ് ന്യൂസിലന്‍ഡ്; ഇന്ത്യക്ക് കാര്യങ്ങള്‍ ഒട്ടും എളുപ്പമാവില്ല
ജീവന്‍മരണ പോരാട്ടത്തിന് കോലിപ്പട
ദുബായില്‍ ഇന്ന് വൈകിട്ട് ഏഴരയ്ക്കാണ് ഇന്ത്യ-ന്യൂസിലന്‍ഡ് സൂപ്പര്‍പോരാട്ടം. ടോസ് ലഭിക്കുന്നവര്‍ ബൗളിംഗ് തെരഞ്ഞെടുക്കും. ദുബായില്‍ അവസാന പതിനെട്ട് കളിയില്‍ പതിനാലിലും ജയിച്ചത് രണ്ടാമത് ബാറ്റ് ചെയ്തവരാണ്. ഇന്ന് തോല്‍ക്കുന്നവരുടെ സെമി സാധ്യത അവസാനിക്കും.
ഐസിസി ടൂര്‍ണമെന്‍റുകളില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വെല്ലുവിളിയാണ് ന്യൂസിലന്‍ഡ്. ഇന്ത്യക്കെതിരെ വ്യക്തമായ ആധിപത്യമാണ് കിവീസിനുള്ളത്. എന്നാല്‍ ആകെ പോരാട്ടങ്ങളെടുത്താല്‍ ഇരു ടീമും ഒപ്പത്തിനൊപ്പം. ഏറ്റുമുട്ടിയ പതിനാറ് കളിയില്‍ ഇരു ടീമിനും എട്ട് ജയം വീതമുണ്ട്. ആദ്യം ബാറ്റ് ചെയ്ത് അഞ്ച് കളിയിലും റണ്‍ പിന്തുടര്‍ന്ന് മൂന്ന് കളിയിലുമാണ് ഇന്ത്യയുടെ ജയം.
ടി20 ലോകകപ്പ്: സെമിഫൈനലിസ്റ്റുകളെ പ്രവചിച്ച് ഷെയ്‌ന്‍ വോണ്‍; ഇന്ത്യ-പാകിസ്ഥാന്‍ ഫൈനലിനും സാധ്യത!
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!