T20 World Cup| മാലിക് വെടിക്കെട്ട്, ബാബര്‍ ക്ലാസ്, ഹഫീസ് ഷോ; പാകിസ്ഥാന് വമ്പന്‍ സ്‌കോര്‍

By Web TeamFirst Published Nov 7, 2021, 9:11 PM IST
Highlights

ബാബറിനൊപ്പം ചേര്‍ന്ന ഷൊയൈബ് മാലിക്കും വന്നപാടെ അടി തുടങ്ങിയതോടെ പാകിസ്ഥാന്‍ മുന്നേറി. 

ഷാര്‍ജ: ടി20 ലോകകപ്പില്‍(T20 World Cup 2021) പാകിസ്ഥാനെതിരെ സ്‌കോട്‌ലന്‍ഡിന്(PAK vs SCO) 190 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ പാകിസ്ഥാന്‍(Pakistan Cricket Team) നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റിന് 189 റണ്‍സെടുത്തു. നായകന്‍ ബാബര്‍ അസം(Babar Azam) വീണ്ടും ക്ലാസ് കാട്ടിയപ്പോള്‍ വെടിക്കെട്ട് അര്‍ധ സെഞ്ചുറിയുമായി ഷൊയൈബ് മാലിക്കും(Shoaib Malik), അതിവേഗ ബാറ്റിംഗുമായി മുഹമ്മദ് ഹഫീസുമാണ്(Mohammad Hafeez) പാകിസ്ഥാനെ മികച്ച സ്‌കോറിലെത്തിച്ചത്. 

ടോസ് നേടിയ പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസം ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പാകിസ്ഥാന്‍ പ്ലേയിംഗ് ഇലവനില്‍ മാറ്റമില്ലാതെയാണ് ഇറങ്ങിയപ്പോള്‍ സ്‌കോട്‌ലന്‍ഡില്‍ രണ്ട് മാറ്റങ്ങളുണ്ട്. 

വീണ്ടും ബാബര്‍, അടിച്ചുപറത്തി ഹഫീസ് 

കരുതലോടെ തുടങ്ങിയ മുഹമ്മദ് റിസ്‌വാനും ബാബര്‍ അസമും പവര്‍പ്ലേയില്‍ 35 റണ്‍സ് ചേര്‍ത്തു. എന്നാല്‍ തൊട്ടടുത്ത താഹിറിന്‍റെ പന്തില്‍ റിസ്‌വാന്‍(15) വിക്കറ്റിന് പിന്നില്‍ ക്രോസിന്‍റെ കൈകളിലെത്തി. മൂന്നാമനായെത്തിയ ഫഖര്‍ സമാന് പിടിച്ചുനില്‍ക്കാനായില്ല. എട്ട് റണ്‍സെടുത്ത ഫഖറിനെ ഗ്രീവ്‌സാണ് പുറത്താക്കിയത്. മുഹമ്മദ് ഹഫീസിനൊപ്പം മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ കുതിച്ച ബാബര്‍ 40 പന്തില്‍ അര്‍ധ ശതകം തികച്ചു. 19 പന്തില്‍  31 റണ്‍സുമായി കുതിച്ച ഹഫീസിനെ ഇതിനിടെ ഷെരീഫ് എല്‍ബിയില്‍ മടക്കി. 53 റണ്‍സ് കൂട്ടുകെട്ട് മൂന്നാം വിക്കറ്റില്‍ പിറന്നു. 

മരണമാസ് മാലിക്

ബാബറിനൊപ്പം ചേര്‍ന്ന ഷൊയൈബ് മാലിക്കും വന്നപാടെ അടി തുടങ്ങിയതോടെ പാകിസ്ഥാന്‍ മുന്നേറി. ഗ്രീവ്‌സിന്‍റെ 18-ാം ഓവറിലെ മൂന്നാം പന്തില്‍ ബാബര്‍ പുറത്തായത് പാകിസ്ഥാനെ തെല്ലും ബാധിച്ചില്ല. ബാബര്‍ 47 പന്തില്‍ 66 റണ്‍സെടുത്തു. പരിചയസമ്പത്ത് മുതലാക്കിയ മാലിക്ക് ആളിക്കത്തിയപ്പോള്‍ 18 പന്തില്‍ 54* റണ്‍സും ആസിഫ് അലി 4 പന്തില്‍ 5* റണ്‍സുമായി പുറത്താകാതെ നിന്നു. ആറ് സിക്‌സര്‍ പറത്തിയ മാലിക് ഇന്നിംഗ്‌സിലെ അവസാന പന്തില്‍ സിക്‌സോടെയാണ് ഫിഫ്റ്റി പൂര്‍ത്തിയാക്കിയത്. 

പാകിസ്ഥാന്‍: മുഹമ്മദ് റിസ്‌വാന്‍(വിക്കറ്റ് കീപ്പര്‍), ബാബര്‍ അസം(ക്യാപ്റ്റന്‍), ഫഖര്‍ സമാന്‍, മുഹമ്മദ് ഹഫീസ്, ഷൊയൈബ് മാലിക്, ആസിഫ് അലി, ഷദാബ് ഖാന്‍, ഇമാദ് വസീം, ഹസന്‍ അലി, ഹാരിസ് റൗഫ്, ഷഹീന്‍ അഫ്രീദി. 

സ്‌കോട്‌ലന്‍ഡ്: ജോര്‍ജി മണ്‍സി, കെയ്ല്‍ കോട്‌സര്‍(ക്യാപ്റ്റന്‍), മാത്യൂ ക്രോസ്(വിക്കറ്റ് കീപ്പര്‍), റിച്ചി ബെരിംഗ്ടണ്‍, ഡൈലാന്‍ ബഡ്‌ജ്, മൈക്കല്‍ ലേസ്‌ക്, ക്രിസ് ഗ്രീവ്‌സ്, മാര്‍ക് വാറ്റ്, ഹംസ താഹിര്‍, സഫ്യാന്‍ ഷെരിഫ്, ബ്രഡ്‌ലി വീല്‍.

കളിച്ച നാല് മത്സരങ്ങളും ജയിച്ച് പാകിസ്ഥാന്‍ നേരത്തെ തന്നെ സെമിയിലെത്തിയിരുന്നു. അഫ്‌ഗാനിസ്ഥാനെ എട്ട് വിക്കറ്റിന് തോല്‍പിച്ചതോടെ രണ്ടാം ഗ്രൂപ്പില്‍ നിന്ന് ന്യൂസിലന്‍ഡും സെമിയിലെത്തി. ഇരു ടീമിനും നിലവില്‍ എട്ട് പോയിന്‍റാണുള്ളത്. നാല് പോയിന്‍റ് വീതമുള്ള ഇന്ത്യയെയും അഫ്‌ഗാനേയും പിന്തള്ളിയാണ് കിവികളുടെ കുതിപ്പ്. ഗ്രൂപ്പ് രണ്ടില്‍ സെമി കളിക്കുന്ന ടീമുകളെ വ്യക്തമായതിനാല്‍ സ്‌കോട്‌ലന്‍ഡിന് ഇന്നത്തെ മത്സര ഫലം നിര്‍ണായകമല്ല. 

click me!