T20 World Cup| എതിരാളികള്‍ കരുതിയിരുന്നോ! ടി20യില്‍ സുപ്രധാന നാഴികക്കല്ല് പിന്നിട്ട് റാഷിദ് ഖാന്‍

By Web TeamFirst Published Nov 7, 2021, 8:03 PM IST
Highlights

ഡ്വെയ്ന്‍ ബ്രാവോ, സുനില്‍ നരെയ്‌ന്‍, ഇമ്രാന്‍ താഹിര്‍ എന്നിവരാണ് മുമ്പ് ഈ നേട്ടത്തിലെത്തിയിട്ടുള്ളത്

അബുദാബി: ടി20(T20) ക്രിക്കറ്റില്‍ ചരിത്രമെഴുതി അഫ്‌ഗാനിസ്ഥാന്‍(Afghanistan Cricket Team) സ്‌പിന്നര്‍ റാഷിദ് ഖാന്‍(Rashid Khan). 400 വിക്കറ്റുകള്‍ എന്ന നാഴികക്കല്ല് 289-ാം മത്സരത്തില്‍ പിന്നിട്ടു. രാജ്യാന്തര ടി20യിലെയും ഫ്രാഞ്ചൈസി ക്രിക്കറ്റിലേയും വിക്കറ്റുകള്‍ ചേര്‍ത്താണിത്. ടി20യില്‍ 400 വിക്കറ്റ് ക്ലബിലെത്തുന്ന നാലാമത്തെ മാത്രം താരമാണ് റാഷിദ്. ഡ്വെയ്ന്‍ ബ്രാവോ(Dwayne Bravo), സുനില്‍ നരെയ്‌ന്‍(Sunil Narine), ഇമ്രാന്‍ താഹിര്‍(Imran Tahir) എന്നിവരാണ് മുമ്പ് ഈ നേട്ടത്തിലെത്തിയിട്ടുള്ളത്. 

ടി20 ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരായ നിര്‍ണായക സൂപ്പര്‍ 12 മത്സരത്തില്‍ ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്‌റ്റിലിനെ ഗൂഗ്ലിയില്‍ ബൗള്‍ഡാക്കിയാണ് റാഷിദ് നേട്ടം കുറിച്ചത്. ന്യൂസിലന്‍ഡ് ഇന്നിംഗ്‌സിലെ ഒമ്പതാം ഓവറിലെ അഞ്ചാം പന്തിലാണ് ഗുപ്‌റ്റിലിനെ റാഷിദ് പറഞ്ഞയച്ചത്. 23 പന്തില്‍ 28 റണ്‍സാണ് ഗുപ്റ്റിലിന്‍റെ നേട്ടം. 

Rashid Khan delivers again 🙌

Guptill goes for a big sweep against him but sees his stumps castled. | | https://t.co/paShoZpj88 pic.twitter.com/EMA1TW3SzH

— T20 World Cup (@T20WorldCup)

ടി20യിലെ ആകെ വിക്കറ്റ് നേട്ടത്തില്‍ നിലവില്‍ നാലാം സ്ഥാനത്താണ് റാഷിദിന്‍റെ സ്ഥാനം. റാഷിദ് ഖാന്‍റെ അരങ്ങേറ്റത്തിന് ശേഷം മറ്റൊരു ബൗളറും 300 വിക്കറ്റുപോലും കുട്ടിക്രിക്കറ്റില്‍ നേടിയിട്ടില്ല എന്നത് സവിശേഷതയാണ്. 553 വിക്കറ്റുകളോടെ വെസ്റ്റ് ഇന്‍ഡീസ് താരം ഡ്വെയ്ന്‍ ബ്രാവോയും 425 എണ്ണവുമായി സുനില്‍ നരെയ്‌നുമാണ് വിക്കറ്റ് വേട്ടയില്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍. ദക്ഷിണാഫ്രിക്കന്‍ താരം ഇമ്രാന്‍ താഹിറാണ് 420 വിക്കറ്റുമായി റാഷിദിന് തൊട്ടുമുകളില്‍ മൂന്നാം സ്ഥാനത്ത്. 398 വിക്കറ്റുകളുള്ള ബംഗ്ലാദേശിന്‍റെ ഷാക്കിബ് അല്‍ ഹസനാണ് അഞ്ചാമത്. 

അഫ്‌ഗാന് നിരാശ, കിവീസ് സെമിയില്‍

റാഷിദ് ഖാന്‍ ചരിത്രം കുറിച്ചെങ്കിലും മത്സരം അഫ്‌ഗാനിസ്ഥാന് നിരാശയായി. എട്ട് വിക്കറ്റ് ജയത്തോടെ ന്യൂസിലന്‍ഡ് സെമിയിലെത്തി. അഫ്‌ഗാന്‍ മുന്നോട്ടുവെച്ച 125 റണ്‍സ് വിജയലക്ഷ്യം 18.1 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി കിവീസ് നേടി. മാര്‍ട്ടിന്‍ ഗുപ്റ്റില്‍(28), ഡാരില്‍ മിച്ചല്‍(17) എന്നിവരാണ് പുറത്തായത്. നായകന്‍ കെയ്‌ന്‍ വില്യംസണും(42 പന്തില്‍ 40*), വിക്കറ്റ് കീപ്പര്‍ ദേവോണ്‍ കോണ്‍വേയും(32 പന്തില്‍ 36*) ന്യൂസിലന്‍ഡിനെ ജയത്തിലെത്തിച്ചു. 

നേരത്തെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ അഫ്‌ഗാനിസ്ഥാന്‍ 20 ഓവറില്‍  എട്ട് വിക്കറ്റിന് 124 റണ്‍സ് നേടി. ബാറ്റിംഗില്‍ നജീബുള്ള സദ്രാന്‍ താരമായി. അഞ്ചാമനായി ക്രീസിലെത്തിയ താരം 48 പന്തില്‍ ആറ് ഫോറും മൂന്ന് സിക്‌സറും സഹിതം 73 റണ്‍സ് നേടി. 19 റണ്‍സിന് മൂന്ന് വിക്കറ്റ് നഷ്‌ടമായ കിവീസിനെ 15 റണ്‍സെടുത്ത ഗുല്‍ബാദിന്‍ നൈബിനും 14 റണ്‍സെടുത്ത നായകന്‍ മുഹമ്മദ് നബിക്കുമൊപ്പം കരകയറ്റിയത് നജീബുള്ള സദ്രാനാണ്. ഗുര്‍ബാസ് പുറത്തായ ശേഷം ആറാം ഓവറിലെ രണ്ടാം പന്തില്‍ ക്രീസിലെത്തിയ സദ്രാന്‍റെ പോരാട്ടം 19-ാം ഓവര്‍ വരെ നീണ്ടുനിന്നു. 

ഹസ്രത്തുള്ള സസാസ്(2), മുഹമ്മദ് ഷഹ്‌സാദ്(4), റഹ്‌മാനുള്ള ഗുര്‍ബാസ്(6), കരീം ജനാത്ത്(2), റാഷിദ് ഖാന്‍(3), മുജീബ് ഉര്‍ റഹ്‌മാന്‍(0) എന്നിങ്ങനെയാണ് മറ്റ് അഫ്‌ഗാന്‍ താരങ്ങളുടെ സ്‌കോര്‍. ന്യൂസിലന്‍ഡിനായി ട്രെന്‍ഡ് ബോള്‍ട്ട് മൂന്നും ടിം സൗത്തി രണ്ടും ആദം മില്‍നെയും ജയിംസ് നീഷമും ഇഷ് സോഥിയും ഓരോ വിക്കറ്റും വീഴ്‌ത്തി. 

T20 World Cup| ഒറ്റയാന്‍റെ ക്ലാസ്, മാസ് ഫിഫ്റ്റി; റെക്കോര്‍ഡിട്ട് അഫ്‌ഗാന്‍റെ നജീബുള്ള സദ്രാന്‍

click me!