ടി20 ലോകകപ്പ്: അഫ്ഗാന്‍റെ അട്ടിമറി സ്വപ്നങ്ങള്‍ അടിച്ചുപറത്തി ആസിഫ് അലി; സെമി ഉറപ്പിച്ച് പാക്കിസ്ഥാന്‍

Published : Oct 29, 2021, 11:22 PM IST
ടി20 ലോകകപ്പ്: അഫ്ഗാന്‍റെ അട്ടിമറി സ്വപ്നങ്ങള്‍ അടിച്ചുപറത്തി ആസിഫ് അലി; സെമി ഉറപ്പിച്ച് പാക്കിസ്ഥാന്‍

Synopsis

അവസാന ഓവറുകളില്‍ ബാബര്‍ അസമിനെയും ഷൊയൈബ് മാലിക്കിനെയും നഷ്ടമായി സമ്മര്‍ദ്ദത്തിലായ പാക്കിസ്ഥാനെ ഏഴ് പന്തില്‍ പുറത്താകാതെ 25 റണ്‍സടിച്ച ആസിഫ് അലിയാണ് വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത്.

ദുബായ്: ടി20 ലോകകപ്പില്‍(T20 World Cup 2021) അയല്‍ക്കാരുടെ സൂപ്പര്‍ 12(Super 12) പോരാട്ടത്തില്‍ അഫ്ഗാനിസ്ഥാനെ (Afghanistan) അഞ്ച് വിക്കറ്റിന് കീഴടക്കി സെമി ബെര്‍ത്തുറപ്പിച്ച് പാക്കിസ്ഥാന്‍(Pakistan). 148 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാക്കിസ്ഥാന് അവസാന രണ്ടോവറില്‍ ജയത്തിലേക്ക് 24 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. കരീം ജന്നത്ത് എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ നാലു സിക്സ് പറത്തി അഫ്ഗാന്‍റെ അട്ടിമറി മോഹങ്ങള്‍ ആസിഫ് അലി അടിച്ചുപറത്തി.

അവസാന ഓവറുകളില്‍ ബാബര്‍ അസമിനെയും ഷൊയൈബ് മാലിക്കിനെയും നഷ്ടമായി സമ്മര്‍ദ്ദത്തിലായ പാക്കിസ്ഥാനെ ഏഴ് പന്തില്‍ പുറത്താകാതെ 25 റണ്‍സടിച്ച ആസിഫ് അലിയാണ് വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത്. സ്കോര്‍ അഫ്ഗാനിസ്ഥാന്‍ 20 ഓവറില്‍ 147-8, പാക്കിസ്ഥാന്‍ 19 ഓവറില്‍ 148-5. യുഎയില്‍ കളിച്ച കഴിഞ്ഞ 18 മത്സരങ്ങളില്‍ അഫ്ഗാനിസ്ഥാന്‍റെ ആദ്യ തോല്‍വിയാണിത്. യുഎഇയില്‍ പാക്കിസ്ഥാന്‍റെ തുടര്‍ച്ചയായ പതിനാലാം ജയവും.
 
തുടക്കത്തില്‍ പാക്കിസ്ഥാനെ ഞെട്ടിച്ച് അഫ്ഗാന്‍

അഫ്ഗാന്‍ ഉയര്‍ത്തിയ ഭേദപ്പെട്ട വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ പാക്കിസ്ഥാനെ അഫ്ഗാന്‍ തുടക്കത്തില്‍ വിറപ്പിച്ചു. മികച്ച ഫോമിലുള്ള മുഹമ്മദ് റിസ്‌വാനെ(8) രണ്ടാം ഓവറില്‍ മടക്കി മുജീബ് ഉര്‍ റഹ്മാന്‍ പാക്കിസ്ഥാന് ആശങ്ക സമ്മാനിച്ചു. എന്നാല്‍ ക്യാപ്റ്റന്‍ ബാബര്‍ അസമും ഫഖര്‍ സമനും ചേര്‍ന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ടുകെട്ടുയര്‍ത്തി പാക്കിസ്ഥാനെ മുന്നോട്ട് നയിച്ചു. പന്ത്രണ്ടാം ഓവറില്‍ ഫഖര്‍ സമനും(30) പതിനഞ്ചാം ഓവറില്‍ മുഹമ്മദ് ഹഫീസും(10) പുറത്തായെങ്കിലും ഷൊയൈബ് മാലിക്കിനെ കൂട്ടുപിടിച്ച് പോരാട്ടം തുടര്‍ന്ന ബാബര്‍ പാക്കിസ്ഥാനെ ജയത്തിന് അടുത്തെത്തിച്ചു.

എന്നാല്‍ പതിനേഴാം ഓവറില്‍ ബാബറിനെ(51) ക്ലീന്‍ ബൗള്‍ഡാക്കിയ റാഷിദ് ഖാന്‍ അഫ്ഗാന് വീണ്ടും പ്രതീക്ഷ നല്‍കി. പതിനെട്ടാം ഓവറില്‍ നവീന്‍ ഉള്‍ ഹഖ് രണ്ട് റണ്‍സ് മാത്രം വഴങ്ങി ഷൊയൈബ് മാലിക്കിനെ(19) വീഴ്ത്തിയതോടെ പാക്കിസ്ഥാന്‍ പരാജയം മുന്നില്‍ കണ്ടു. എന്നാല്‍ സമ്മര്‍ദ്ദമേതുമില്ലാതെ കരിം ജന്നത്തിന്‍റെ പത്തൊമ്പതാം ഓവര്‍ നേരിട്ട ആസിഫ് ക്ലീന്‍ ഹിറ്റുകളിലൂടെ നാല് സിക്സ് പറത്തി പാക്കിസ്ഥാനെ അനായാസം ലക്ഷ്യത്തിലെത്തിച്ചു.

അഫ്ഗാനിസ്ഥാനായി റാഷിദ് ഖാന്‍ നാലോവറില്‍ 26 റണ്‍സിന് രണ്ട് വിക്കറ്റെടുത്തപ്പോള്‍ മുജീബ് ഉര്‍ റഹ്മാന്‍ നാലോവറില്‍ 13 റണ്‍സിന് ഒരു വിക്കറ്റെടുത്തു. തുടര്‍ച്ചയായ മൂന്നാം ജയത്തോടെ പാക്കിസ്ഥാന്‍ സെമി ഫൈനല്‍ ബര്‍ത്ത് ഏറെക്കുറെ ഉറപ്പിച്ചു. നമീബിയയെയും സ്കോട്‌ലന്‍ഡിനെയുമാണ് ഇനി ഗ്രൂപ്പില്‍ പാക്കിസ്ഥാന് നേരിടാനുള്ളത്.

നേരത്തെ ടോസ് നേടിയിട്ടും ബാറ്റിംഗ് തെരഞ്ഞെടുക്കാനുള്ള അഫ്ഗാന്‍ നായകന്‍ മുഹമ്മദ് നബിയുടെ തീരുമാനം തുടക്കത്തില്‍ ആരാധകരെ ഞെട്ടിച്ചു. നബിയുടെ തീരുമാനം തെറ്റായിരുന്നുവെന്ന് അധികം വൈകാതെ പാക് ബൗളര്‍മാര്‍ തെളിയിക്കുകയും ചെയ്തു. രണ്ടാം ഓവറിലെ ഹസ്രത്തുള്ള സാസായിയെ(0) മടക്കി ഇമാദ് വാസിം അഫ്ഗാന് ആദ്യ പ്രഹരമേല്‍പ്പിച്ചു. സ്കോര്‍ ബോര്‍ഡില്‍ 13 റണ്‍സെത്തിയപ്പോഴേക്കും മൊഹമ്മദ് ഷെഹ്സാദിനെ(8) ഷഹീന്‍ അഫ്രീദി ബാബര്‍ അസമിന്‍റെ കൈകളിലെത്തിച്ചു. പിന്നീട് കൃത്യമായ ഇടവേളകളില്‍ അഫ്ഗാന് വിക്കറ്റുകള്‍ നഷ്ടമായി.

റഹ്മാനുള്ള ഗുര്‍ബാസ്(10), അസഗര്‍ അഫ്ഗാന്‍(10), കരീം ജന്നത്ത്(15) എന്നിവര്‍ കാര്യമായ സംഭാവനകളില്ലാതെ മടങ്ങിയതോടെ അഫ്ഗാന്‍ 64-5ലേക്ക് കൂപ്പുകുത്തി. പിടിച്ചുനിന്ന നജീബുള്ള സര്‍ദ്രാനെ(21 പന്തില്‍ 22) ഷദാബ് ഖാന്‍ വീഴ്ത്തിയതോടെ അഫ്ഗാന്‍ 100 പോലും കടക്കില്ലെന്ന് തോന്നിച്ചു.

വാലില്‍കുത്തി തല ഉയര്‍ത്തി

എന്നാല്‍ ഏഴാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന മുഹമ്മദ് നബിയും ഗുല്‍ബാദിന്‍ നൈബും ചേര്‍ന്ന് അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് അഫ്ഗാനെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചു. അവസാന മൂന്നോവറില്‍ 43 റണ്‍സാണ് ഇരുവരും നേടിയത്. 32 പന്തില്‍ അഞ്ച് ബൗണ്ടറി പറത്തി 35 റണ്‍സുമായി നബിയും 25 പന്തില്‍ നാല് ബൗണ്ടറിയും ഒരു സിക്സും പറത്തി നൈബും പുറത്താകാതെ നിന്നു.

പാക്കിസ്ഥാനുവേണ്ടി ഷഹീന്‍ അഫ്രീദിയും ഷദാബ് ഖാനും നാലോവറില്‍ 22 റണ്‍സ് മാത്രം വഴങ്ങി ഒരോ വിക്കറ്റെടുത്തപ്പോള്‍ ഇമാദ് വാസിം നാലോവറില്‍ 25 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു. ഹസന്‍ അലി നാലോവറിര്‍ 38-1, ഹാസിസ് റൗഫ് നാലോവറില്‍ 37-1 എന്നിവര്‍ റണ്‍സ് വഴങ്ങി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ജമീമ റോഡ്രിഗസിന് അര്‍ധ സെഞ്ചുറി; ശ്രീലങ്കയ്‌ക്കെതിരെ വനിതാ ടി20യില്‍ ഇന്ത്യക്ക് എട്ട് വിക്കറ്റ് ജയം
ശ്രീലങ്കയെ എറിഞ്ഞ് നിയന്ത്രിച്ചു; വനിതാ ടി20യില്‍ ഇന്ത്യക്ക് 122 റണ്‍സ് വിജയലക്ഷ്യം