അവരുടെ ലക്ഷ്യം വിക്കറ്റെടുലല്ല, മികച്ച ഇക്കോണമി, ജഡേജക്കും അശ്വിനുമെതിരെ തുറന്നടിച്ച് മ‍ഞ്ജരേക്കര്‍

By Web TeamFirst Published Oct 29, 2021, 10:23 PM IST
Highlights

പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യയുടെ ഒരു ബൗളറും വിക്കറ്റെടുക്കുമെന്ന തോന്നല്‍പോലുമുണ്ടാക്കിയില്ല. തുടര്‍ച്ചയായി വിക്കറ്റ് വീഴ്ത്തിയാലല്ലാതെ ഇന്ത്യക്ക് ടി20 മത്സരം ജയിക്കാനാവില്ല. ജഡേജയെ ഏതാനും ഓവറുകള്‍ എറിയാന്‍ കഴിയുന്ന ഓള്‍ റൗണ്ടര്‍ എന്ന നിലയില്‍ മാത്രമെ ഇന്ത്യ പരിഗണിക്കാവു.

ദുബായ്: ടി20 ലോകകപ്പില്‍(T20 World Cup 2021) ഇന്ത്യക്കായി(India) കളിക്കുന്ന രവിചന്ദ്ര അശ്വിനെയും(R Ashwin) രവീന്ദ്ര ജഡേജയെയും(Ravindra Jadeja) വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍(Sanjay Manjrekar). മധ്യ ഓവറുകളില്‍ വിക്കറ്റ് വീഴ്ത്താനല്ല അശ്വിനും ജഡേജയും ശ്രമിക്കുന്നതെന്നും റണ്‍നിരക്ക് നിയന്ത്രിച്ച് മികച്ച ഇക്കോണമിയില്‍ പന്തെറിയാനാണ് ശ്രമിക്കുന്നതെന്നും മഞ്ജരേക്കര്‍ വിമര്‍ശിച്ചു. സ്പിന്നര്‍മാര്‍മാര്‍ വിക്കറ്റെടുത്തില്ലെങ്കില്‍ ലോകകപ്പില്‍ ഇന്ത്യക്ക് ബൗളിംഗ് വലിയ പ്രതിസന്ധിയാകുമെന്നും മഞ്ജരേക്കര്‍ പറഞ്ഞു.

അശ്വിനും ജഡേജയും വിക്കറ്റ് വീഴ്ത്തുന്ന ബൗളര്‍മാരല്ല. രണ്ടുപേരും ശ്രദ്ധിക്കുന്നത് മികച്ച ഇക്കോണമിയില്‍ പന്തെറിയാനാണ്. ടി20 ക്രിക്കറ്റില്‍ വിക്കറ്റെടുക്കലാണ് സ്പിന്നര്‍മാരുടെ ജോലി എന്നാണ് ഞാന്‍ കരുതുന്നത്. മധ്യ ഓവറുകളില്‍ കളിതിരിക്കാന്‍ കഴിവുള്ളവരാകണം സ്പിന്നര്‍മാര്‍. ഇന്ത്യയുടെ ബൗളിംഗാണ് ഏറ്റവും വലിയ ബലഹീനതയായി ഞാന്‍ കാണുന്നത്. ഒരു കളി പരാജയപ്പെട്ടാലും കളിക്കാരെ പിന്തുണക്കാന്‍ ടീം മാനേജ്മെന്‍റ് തയാറാവണം.

പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യയുടെ ഒരു ബൗളറും വിക്കറ്റെടുക്കുമെന്ന തോന്നല്‍പോലുമുണ്ടാക്കിയില്ല. തുടര്‍ച്ചയായി വിക്കറ്റ് വീഴ്ത്തിയാലല്ലാതെ ഇന്ത്യക്ക് ടി20 മത്സരം ജയിക്കാനാവില്ല. ജഡേജയെ ഏതാനും ഓവറുകള്‍ എറിയാന്‍ കഴിയുന്ന ഓള്‍ റൗണ്ടര്‍ എന്ന നിലയില്‍ മാത്രമെ ഇന്ത്യ പരിഗണിക്കാവു. അദ്ദേഹത്തില്‍ നിന്ന് നാലോവറുകള്‍ പ്രതീക്ഷിക്കരുത്.

ഏതാനും ഓവറുകള്‍ എറിയാന്‍ കഴിയുന്ന മൂന്നാം സ്പിന്നറെന്ന നിലയില്‍ ജഡേജയെ പരിഗണിക്കാം.അല്ലാതെ നാലോവറും എറിയുന്ന സ്പിന്നറായി അദ്ദേഹത്തെ ആശ്രയിക്കാനാവില്ല. എന്നാല്‍ ടി20യില്‍ 50 ശതമാനം കളികളിലും അദ്ദേഹം അത് ചെയ്യുന്നതാണ് നമ്മള്‍ കാണുന്നത്. തീര്‍ച്ചയായും ജഡേജ അഞ്ചാം ബൗളറല്ല.

ജഡേജക്ക് പകരം ഒരു ബാറ്ററെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തി ആറാം ബൗളറെ ടീമിലെടുക്കാവുന്നതാണെന്നും ഹിന്ദുസ്ഥാന്‍ ടൈംസിലെഴുതിയ കോളത്തില്‍ മ‍ഞ്ജരേക്കര്‍ വ്യക്തമാക്കി. പാക്കിസ്ഥാനെതിരായ ആദ്യ മത്സരത്തില്‍ ജഡേജയും വരുണ്‍ ചക്രവര്‍ത്തിയുമായിരുന്നു സ്പിന്നര്‍മാരായി ടീമിലുണ്ടായിരുന്നത്. ഇരുവര്‍ക്കും വിക്കറ്റൊന്നും വീഴ്ത്താനായില്ല. ആദ്യ മത്സരത്തില്‍ അശ്വിന്‍ കളിക്കാത്തതിനാല്‍ മ‍ഞ്ജരേക്കറുടെ വിമര്‍ശനം പ്രധാനമായും ജഡേജക്കെതിരെ ആണെന്ന് വ്യക്തമാണ്.

2019ലെ ഏകദിന ലോകകപ്പിലെ കമന്‍ററിക്കിടെ ജഡേജയെ തട്ടിക്കൂട്ട് കളിക്കാരനെന്ന് മ‍ഞ്ജരേക്കര്‍ വിഷേശിപ്പിച്ചത് വിവാദമായിരുന്നു. കുറച്ചു ബൗളിംഗും കുറച്ചു ബാറ്റിംഗും ചെയ്യുന്ന ഇത്തരം തട്ടിക്കൂട്ട് കളിക്കാരെ തനിക്കിഷ്ടമല്ലെന്നും മ‍ഞ്ജരേക്കര്‍ പറഞ്ഞിരുന്നു. പിന്നീട് മ‍ഞ്ജരേക്കര്‍ പരമാര്‍ശത്തില്‍ ഖേദം രേഖപ്പെടുത്തി.

ന്യൂസിലന്‍ഡിനെതിരായ അടുത്ത മത്സരത്തില്‍ വരുണ്‍ ചക്രവര്‍ത്തിയെ മാറ്റുകയാണെങ്കില്‍ ആര്‍ അശ്വിനോ രാഹുല്‍ ചാഹറോ ആകും ഇന്ത്യയുടെ അന്തിമ ഇലവനിലെത്തുക.

click me!