Asianet News MalayalamAsianet News Malayalam

സൂപ്പര്‍താരങ്ങള്‍ തിരിച്ചെത്തി, സര്‍പ്രൈസ് വിക്കറ്റ്കീപ്പര്‍; ടി20 ലോകകപ്പ് ടീം പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ

സ്റ്റീവ് സ്‌മിത്ത്, പാറ്റ് കമ്മിന്‍സ്, ഡേവിഡ് വാര്‍ണര്‍, മാര്‍ക്കസ് സ്റ്റോയിനിസ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, കെയ്‌ന്‍ റിച്ചാര്‍ഡ്‌സണ്‍ തുടങ്ങിയ താരങ്ങള്‍ ടീമില്‍ 

T20 World Cup 2021 Australia announced 15 man squad including uncapped wicketkeeper Josh Inglis
Author
Sydney NSW, First Published Aug 19, 2021, 11:15 AM IST

സിഡ്‌നി: സൂപ്പര്‍താരങ്ങളെ ഉള്‍പ്പെടുത്തി ടി20 ലോകകപ്പിനുള്ള 15 അംഗ സ്‌ക്വാഡ് പ്രഖ്യാപിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ. ആരോണ്‍ ഫിഞ്ച് നയിക്കുന്ന ടീമില്‍ പരിക്കില്‍ നിന്ന് മോചിതനായ സ്റ്റീവ് സ്‌മിത്ത്, പാറ്റ് കമ്മിന്‍സ്, ഡേവിഡ് വാര്‍ണര്‍, മാര്‍ക്കസ് സ്റ്റോയിനിസ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, കെയ്‌ന്‍ റിച്ചാര്‍ഡ്‌സണ്‍ തുടങ്ങിയ താരങ്ങളുണ്ട്. വെസ്റ്റ് ഇന്‍ഡീസിനും ബംഗ്ലാദേശിനുമെതിരായ പര്യടനങ്ങളില്‍ ഈ താരങ്ങള്‍ കളിച്ചിരുന്നില്ല. 

അലക്‌സ് ക്യാരിക്ക് പകരം പുതുമുഖ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ ജോഷ് ഇംഗ്ലിസിനെ ഉള്‍പ്പെടുത്തിയതാണ് ടീമിലെ സര്‍പ്രൈസ്. ഇംഗ്ലണ്ടിലെ വിറ്റാലിറ്റി ടി20 ബ്ലാസ്റ്റില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഉയര്‍ന്ന റണ്‍വേട്ടക്കാരനായിരുന്നു ഇംഗ്ലിസ്. ഇംഗ്ലിസിന്‍റെ പേര് നാളുകളായി പരിഗണനയിലുണ്ടായിരുന്നതാണെന്നും ടീമിനെ കൂടുതല്‍ സന്തുലിതമാക്കാന്‍ താരത്തിന് കഴിയുമെന്നും മുഖ്യ സെലക്‌ടര്‍ ജോര്‍ജ് ബെയ്‌ലി വ്യക്തമാക്കി. 

ആദം സാംപ, ആഷ്‌ടണ്‍ അഗര്‍ എന്നിവര്‍ക്കൊപ്പം മൂന്നാം സ്‌പിന്നറായി മിച്ചല്‍ സ്വപ്‌സണിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. യുഎഇയിലെ പിച്ചുകള്‍ സ്‌പിന്നിനെ തുണയ്‌ക്കും എന്ന പ്രതീക്ഷയിലാണ് മൂന്ന് പേരെ ഉള്‍പ്പെടുത്തിയത്. ഓള്‍റൗണ്ടര്‍മാരായ ഡാന്‍ ക്രിസ്റ്റ്യനെയും ഡാനിയേല്‍ സാംസിനെയും നേഥന്‍ എല്ലിസിനൊപ്പം റിസര്‍വ് താരങ്ങളായി തെരഞ്ഞെടുത്തു. ബംഗ്ലാദേശില്‍ അടുത്തിടെ അരങ്ങേറ്റത്തില്‍ ഹാട്രിക് നേടിയിരുന്നു എല്ലിസ്. മൂന്ന് താരങ്ങളും ടീമിനൊപ്പം യുഎഇയിലേക്ക് യാത്ര ചെയ്യും. 

ഇന്ത്യ വേദിയാവേണ്ടിയിരുന്ന ടൂർണമെന്റ് കൊവിഡ് പശ്ചാത്തലത്തില്‍ യുഎഇയിലേക്കും ഒമാനിലേക്കും മാറ്റുകയായിരുന്നു. ഒക്‌ടോബര്‍ 23ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് ഓസീസിന്‍റെ ആദ്യ മത്സരം. നിലവിലെ ചാമ്പ്യന്മാരായ വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവര്‍ ഗ്രൂപ്പ് ഒന്നിലും ഇന്ത്യ, പാക്കിസ്ഥാൻ, ന്യൂസിലൻഡ്, അഫ്ഗാനിസ്ഥാൻ ടീമുകൾ ഗ്രൂപ്പ് രണ്ടിലുമാണ്. ഒക്‌ടോബർ 17 മുതൽ ആരംഭിക്കുന്ന പ്രാഥമിക റൗണ്ട് പോരാട്ടങ്ങളിൽ നിന്ന് യോഗ്യത നേടിയെത്തുന്ന നാല് ടീമുകളെ രണ്ട് ഗ്രൂപ്പുകളിലായി കളിപ്പിക്കും.

ഓസീസ് സ്‌ക്വാഡ്

ആരോണ്‍ ഫിഞ്ച്(നായകന്‍), പാറ്റ് കമ്മിന്‍സ്(ഉപനായകന്‍), ആഷ്‌ടണ്‍ അഗര്‍, ജോഷ് ഹേസല്‍വുഡ്, ജോഷ് ഇംഗ്ലിസ്, മിച്ചല്‍ മാര്‍ഷ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, കെയ്‌ന്‍ റിച്ചാര്‍ഡ്‌സണ്‍, സ്റ്റീവ് സ്‌മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്ക്, മാര്‍ക്കസ് സ്റ്റോയിനിസ്, മാത്യു വെയ്‌ഡ്, ഡേവിഡ് വാര്‍ണര്‍, ആദം സാംപ, മിച്ചല്‍ സ്വപ്‌സണ്‍. 

റിസര്‍വ് താരങ്ങള്‍

ഡാന്‍ ക്രിസ്റ്റ്യന്‍, ഡാനിയേല്‍ സാംസ്, നേഥന്‍ എല്ലിസ് 

ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റ്; ടീമിനെ അഴിച്ചുപണിത് ഇംഗ്ലണ്ട്, ഡേവിഡ് മലനെ തിരിച്ചുവിളിച്ചു

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios