T20 World Cup‌|അടുത്ത രണ്ട് ലോകകപ്പുകളിലും രോഹിത് ശര്‍മ ഇന്ത്യയെ നയിക്കണമെന്ന് ദിനേശ് കാര്‍ത്തിക്

By Web TeamFirst Published Nov 4, 2021, 6:52 PM IST
Highlights

വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ രോഹിത്തിന് ഒന്നോ രണ്ടോ വര്‍ഷം നായകസ്ഥാനം കൊടുക്കുന്നതാകും ഉചിതമായ തീരുമാനം. അടുത്തവര്‍ഷം ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിലും 2023ല്‍ ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിലും രോഹിത് നായകനാകട്ടെ.

ദുബായ്: ടി20 ലോകകപ്പിനുശേഷം(T20 World Cup) വിരാട് കോലി(Virat Kohli) ഇന്ത്യന്‍ ടി20(Team India) ടീമിന്‍റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമ്പോള്‍ പകരക്കാരന്‍ ആരാവുമെന്ന ചര്‍ച്ചകള്‍ ക്രിക്കറ്റ് ലോകത്ത് സജീവമാണ്. വൈസ് ക്യാപ്റ്റനായ രോഹിത് ശര്‍മയെ(Rohit Sharma) ക്യാപ്റ്റനാക്കണമെന്നും കെ എല്‍ രാഹുലിനെയോ റിഷഭ് പന്തിനെയോ പോലുള്ള യുവതാരങ്ങളെ നായകനായി തെരഞ്ഞെടുക്കണമെന്നും അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്.

എന്നാല്‍ അടുത്ത രണ്ട് ലോകകപ്പുകളിലെങ്കിലും(World Cup) രോഹിത് ശര്‍മ ഇന്ത്യയെ നയികകണമെന്ന് തുറന്നു പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം ദിനേശ് കാര്‍ത്തിക്(Dinesh Karthik). രോഹിത്തിന് കീഴില്‍ രാഹുലിനെയോ റിഷഭ് പന്തിനെയോ വൈസ് ക്യാപ്റ്റനാക്കണമെന്നും ഇവരിലൊരാളെ ഭാവി നായകനായി വളര്‍ത്തിക്കൊണ്ടുവരണമെന്നും കാര്‍ത്തിക് പറഞ്ഞു.

വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ രോഹിത്തിന് ഒന്നോ രണ്ടോ വര്‍ഷം നായകസ്ഥാനം കൊടുക്കുന്നതാകും ഉചിതമായ തീരുമാനം. അടുത്തവര്‍ഷം ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിലും 2023ല്‍ ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിലും രോഹിത് നായകനാകട്ടെ. നായകനെന്ന നിലയില്‍ തന്‍റെ പ്രതിഭ തെളിയിക്കാന്‍ രോഹിത്തിന് അവസരം നല്‍കേണ്ടതുണ്ടെന്നും കാര്‍ത്തിക് ക്രിക്ക് ബസിനോട് പറഞ്ഞു.

ഏകദിനത്തിലും ടി20യിലും നായകനായ മത്സരങ്ങളിലെല്ലാം രോഹിത് മികവ് കാട്ടിയിട്ടുണ്ട്. ഇന്ത്യക്ക് ഒരുപാട് വിജയങ്ങളും സമ്മാനിച്ചു. എങ്ങനെ ടീമിനെ നയിക്കണമെന്ന് നന്നായി അറിയാവുന്ന ആളാണ് രോഹിത്. അതുകൊണ്ടുതന്നെ രാഹുലിനെയോ പന്തിനെയോ കൊണ്ടുവരുന്നതിന് മുമ്പ് രോഹിതിന് അവസരം നല്‍കണമെന്നും കാര്‍ത്തിക് വ്യക്തമാക്കി.

അടുത്ത നായകനെ തീരുമാനിക്കും മുമ്പ് ബിസിസിഐയും രോഹിത്തും  ചര്‍ച്ചകള്‍ നടത്തണം. രോഹിത്തിന് പുറമെ രാഹുലും റിഷഭ് പന്തുമാണ് നായകസ്ഥാനത്തെത്താന്‍ സാധ്യതയുള്ള രണ്ടുപേര്‍. അതുകൊണ്ടുതന്നെ തനിക്ക് കീഴില്‍ ആരെയാണ് അടുത്ത നായകനായി വളര്‍ത്തിയെടുക്കേണ്ടത് എന്നതിനെക്കുറിച്ച് രോഹിത് ശര്‍മ ബിസിസിഐയുമായി ആശയവിനിമയം നടത്തണം. ആ കളിക്കാരനായിരിക്കണം രോഹിത്തിന്‍റെ വലംകൈ. എല്ലാ മത്സരങ്ങളും കളിക്കുക എന്നത് രോഹിത്തിനെ സംബന്ധിച്ചിടത്തോളം പലപ്പോഴും സാധ്യമായെന്ന് വരില്ല. അതുകൊണ്ടുതന്നെ രോഹിതിന്‍റെ അഭാവത്തില്‍ ടീമിനെ നയിക്കാനുള്ള കളിക്കാരനെ തയാറാക്കി നിര്‍ത്തേണ്ടതുണ്ട്. അതിനായി ബിസിസിഐയും രോഹിതും ചര്‍ച്ചകള്‍ നടത്തണം.

രാഹുല്‍ കര്‍ണാടകയെ ഒരുപാട് മത്സരങ്ങളിലൊന്നും നയിച്ചിട്ടില്ല. അതേസമയം, റിഷഭ് പന്ത് ഡല്‍ഹിയെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കിരീടത്തിലേക്കും ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ പ്ലേ ഓഫിലേക്കും നയിച്ചിട്ടുണ്ട്. അത് പന്തിന് നേരിയ മുന്‍തൂക്കം നല്‍കുന്നുണ്ട്. എന്നാല്‍ സമ്മര്‍ദ്ദമുള്ള കളിയില്‍ പന്തിനേക്കാള്‍ മികവ് രാഹുലിനുണ്ട്. അതുകൊണ്ടുതന്നെ രണ്ടുപേരുടെയും മികവും പോരായ്മകളും കണക്കിലെടുത്തുവേണം രോഹിത്തിന്‍റെ പിന്‍ഗാമി ആരാവണമെന്ന് തീരുമാനിക്കാനെന്നും കാര്‍ത്തിക് പറഞ്ഞു.

ടി20 ലോകകപ്പിനുശേഷം ടി20 ടീമിന്‍റെ നായകസ്ഥാനം ഒഴിയുമെന്ന് വിരാട് കോലി നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഏകദിന ടീമിന്‍റെ നായകസ്ഥാനവും വൈകാതെ കോലിക്ക് നഷ്ടമാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏകദിനത്തിലും ടി20യിലും പുതിയ നായകനെത്തുമ്പോള്‍ ടെസ്റ്റില്‍ കോലി ക്യാപറ്റനായി തുടരുമെന്നാണ് സൂചനകള്‍. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇന്ത്യയുടെ പുതിയ നായകനെ ബിസിസിഐ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്.

click me!