ടീം ഇന്ത്യ ഏറെ വീഴ്‌ചകള്‍ വരുത്തിയാല്‍ മാത്രമേ പാകിസ്ഥാന്‍ ജയിക്കൂ എന്നാണ് ലത്തീഫ് പറയുന്നത്

ദുബായ്: ടി20 ലോകകപ്പിലെ(T20 World Cup 2021) ഏറ്റവും വാശിയേറിയ ഇന്ത്യ-പാകിസ്ഥാന്‍(IND vs PAK) ക്ലാസിക് പോരാട്ടത്തിന് മണിക്കൂറുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വാശിയേറിയ പോരാട്ടത്തെക്കുറിച്ച് നിരവധി പ്രവചനങ്ങള്‍ ഇതിനകം വന്നുകഴിഞ്ഞു. പാകിസ്ഥാന്‍ മുന്‍ നായകന്‍ റഷീദ് ലത്തീഫും(Rashid Latif) തന്‍റെ വിധി പ്രഖ്യാപിക്കുകയാണ്. ടീം ഇന്ത്യ ഏറെ വീഴ്‌ചകള്‍ വരുത്തിയാല്‍ മാത്രമേ പാകിസ്ഥാന്‍ ജയിക്കൂ എന്നാണ് ലത്തീഫ് പറയുന്നത്. 

'പാകിസ്ഥാന്‍ എത്രത്തോളം മികച്ചതായി കളിക്കുന്നു എന്നത് പ്രധാനമല്ല. ഇന്ത്യന്‍ താരങ്ങള്‍ വീഴ്‌‌ചകള്‍ വരുത്തിയില്ലെങ്കില്‍ പാകിസ്ഥാന് ജയിക്കാന്‍ പാടാണ്. ഞാന്‍ പാക് ക്യാപ്റ്റനായിരുന്നപ്പോള്‍ എതിര്‍ ടീം പിഴവുകള്‍ വരുത്താന്‍ അവസരമൊരുക്കുമായിരുന്നു. സ്വന്തം ജോലിയാണ് ആദ്യം ചെയ്യേണ്ടത് എങ്കിലും അതേസമയം പിഴവുകള്‍ വരുത്താന്‍ എതിര്‍ ടീമിന് അവസരമൊരുക്കുകയും വേണം. കഴിവും സാങ്കേതികതയും മാത്രമല്ല, തന്ത്രങ്ങള്‍ കൂടിയാണത്. മികച്ച തന്ത്രങ്ങളൊരുക്കി എതിര്‍ ടീമിനെ പിഴവുകളിലേക്ക് തള്ളിവിടുകയാണ് വേണ്ടത്.

ടോസ് ജയിച്ചാല്‍ വിരാട് കോലി എന്ത് ചെയ്യുമെന്ന് കാത്തിരുന്ന് കാണാം. പ്ലേയിംഗ് ഇലവന്‍ എങ്ങനെയായിരിക്കും എന്നതും ആകാംക്ഷയാണ്. സൂര്യകുമാര്‍ യാദവിനെയാണോ ഇഷാന്‍ കിഷനേയാണോ കളിപ്പിക്കുക? സ്‌പിന്നര്‍മാരില്‍ വരുണ്‍ ചക്രവര്‍ത്തി, രവിചന്ദ്ര അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവരില്‍ ആരെ കളിപ്പിക്കും എന്നും കാത്തിരുന്നറിയണം. കുറെ ഓപ്‌ഷനുകള്‍ ഉള്ളതിനാല്‍ ശരിയായ ഇലവനെ തെരഞ്ഞെടുക്കുന്നതില്‍ കോലിക്ക് വീഴ്‌ച പറ്റാനിടയുണ്ട്' എന്നും റഷീദ് ലത്തീഫ് കൂട്ടിച്ചേര്‍ത്തു. 

ടി20 ലോകകപ്പ്: 'അന്ന് കഴിഞ്ഞിട്ടില്ല, പിന്നെയാണ് ഇന്ന്'; ഇന്ത്യ- പാക് മത്സരത്തെ കുറിച്ച് ഐ എം വിജയന്‍

ദുബായില്‍ വൈകിട്ട് ഏഴരയ്‌ക്കാണ് പരമ്പരാഗത വൈരികളുടെ മത്സരം. ലോകകപ്പില്‍ കണ്ടപ്പോഴൊക്കെ പാകിസ്ഥാന്റെ കൊമ്പൊടിച്ച ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. അട്ടിയിട്ട തോല്‍വികളുടെ ഭാരമായി പാകിസ്ഥാനും എത്തുന്നു. ലോകകപ്പ് വേദികളില്‍ പാകിസ്ഥാന് ഒരിക്കല്‍ പോലും ഇന്ത്യയെ തോല്‍പ്പിക്കാനായിട്ടില്ല. ഏകദിന ലോകകപ്പില്‍ ഏഴ് തവണ ഇരുവരും മുഖാമുഖം വന്നപ്പോള്‍ നിരാശയായിരുന്നു പാകിസ്ഥാന് ഫലം. ടി20 ലോകകപ്പില്‍ അഞ്ച് തവണ പരസ്‌പരം ഏറ്റുമുട്ടിയപ്പോള്‍ അഞ്ചിലും ഇന്ത്യ ആധിപത്യം പുലര്‍ത്തി. 

ടി20 ക്രിക്കറ്റ് ചരിത്രത്തില്‍ ഇതുവരെ ആകെ ഇന്ത്യ 115 മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്. 73 കളിയില്‍ ജയിച്ചപ്പോള്‍ 37ല്‍ തോറ്റു. രണ്ടു മത്സരം ടൈ. ഫലമില്ലാതെ പോയത് മൂന്ന് കളികള്‍. ഇന്ത്യയുടെ വിജയശതമാനം 63.5. പാകിസ്ഥാന്‍ ഇതുവരെ 129 ട്വന്റി 20യില്‍ കളിച്ചിട്ടുണ്ട്. 77 ജയം നേടിയപ്പോള്‍ 45 കളിയില്‍ തോറ്റു. രണ്ട് ടൈ. മത്സര ഫലമില്ലാതെ പോയത് അഞ്ച് കളിയില്‍. വിജയശതമാനം 59.7. രണ്ട് സന്നാഹമത്സരങ്ങളിലും ഇന്ത്യ ജയിച്ചപ്പോള്‍ പാകിസ്ഥാന് ഓരോ ജയവും തോല്‍വിയുമാണുള്ളത്. 

ടി20 ലോകകപ്പ്: 'കാര്യങ്ങള്‍ എളുപ്പമല്ല'; ഇന്ത്യ- പാകിസ്ഥാന്‍ മത്സരത്തെ കുറിച്ച് സഞ്ജു സാംസണ്‍