ട്വന്‍റി 20 ലോകകപ്പ് സെമിക്ക് മുമ്പ് ഇംഗ്ലണ്ട് പെട്ടു; രണ്ട് സൂപ്പര്‍താരങ്ങള്‍ക്ക് പരിക്ക്, കളിക്കുന്നത് സംശയം

By Jomit JoseFirst Published Nov 9, 2022, 10:20 AM IST
Highlights

ഇംഗ്ലീഷ് സ്റ്റാര്‍ പേസര്‍ മാര്‍ക് വുഡും ബാറ്റര്‍ ഡേവിഡ് മലാനുമാണ് പരിക്കിന്‍റെ പിടിയിലുള്ളത്

അഡ്‌ലെയ്‌ഡ്: ട്വന്‍റി 20 ലോകകപ്പില്‍ ഇന്ത്യ-ഇംഗ്ലണ്ട് സൂപ്പര്‍ സെമിയാണ് നാളെ. ഈ ലോകകപ്പിലെ ഏറ്റവും വാശിയേറിയ മത്സരങ്ങളിലൊന്നിനാണ് അഡ്‌ലെയ്‌ഡ് ഓവല്‍ സാക്ഷ്യം വഹിക്കുക. മത്സരത്തിന് മുമ്പ് ഇംഗ്ലണ്ടിന് കനത്ത ആശങ്ക സമ്മാനിക്കുന്നതാണ് ടീം ക്യാമ്പിലെ പരിക്ക്. 

ഇംഗ്ലീഷ് സ്റ്റാര്‍ പേസര്‍ മാര്‍ക് വുഡും ബാറ്റര്‍ ഡേവിഡ് മലാനുമാണ് പരിക്കിന്‍റെ പിടിയിലുള്ളത്. ഇരുവരും ഇന്ത്യക്കെതിരെ ഇറങ്ങുമോ എന്ന കാര്യത്തില്‍ മത്സരദിനമായ നാളെയെ തീരുമാനമാകൂ. സെമിക്ക് മുന്നോടിയായുള്ള അവസാനവടട പരിശീലനം ഇംഗ്ലീഷ് ടീം അഡ്‌ലെയ്‌ഡില്‍ പൂര്‍ത്തിയാക്കി. പരിശീലനത്തില്‍ എല്ലാ താരങ്ങളും പങ്കെടുത്തു. ഇതില്‍ ഇരുവരും ഫിറ്റ്‌നസ് പരീക്ഷയ്ക്ക് വിധേയരായിരുന്നു. വുഡും മലാനും കളിക്കുമോ എന്ന കാര്യം മത്സരദിനം മാത്രമേ തീരുമാനിക്കൂവെന്ന് ഇംഗ്ലീഷ് ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ വ്യക്തമാക്കി. മലാന്‍റെ പരിക്കിന്‍റെ പശ്ചാത്തലത്തില്‍ ഇന്ന് നെറ്റ്‌സില്‍ ഫില്‍പ് സാള്‍ട്ട് അധികനേരം പരിശീലനം നടത്തി.

'പരിക്ക് പൂര്‍ണമായും ഭേദമാകുന്നതിന് ഇരുവര്‍ക്കും സമയം നല്‍കും. ഇരുവരും ഫിറ്റ്‌നസ് വീണ്ടെടുത്തോ എന്നറിയാന്‍ നാളെ വീണ്ടും പരിശോധന നടത്തും. അതിന്‍റെ അടിസ്ഥാനത്തിലായിരിക്കും പ്ലേയിംഗ് ഇലവനില്‍ മലാനെയും വുഡിനെയും ഉള്‍പ്പെടുത്തണോയെന്ന് തീരുമാനിക്കൂ' എന്നുമാണ് ബട്‌ലറുടെ വാക്കുകള്‍.

ഡേവിഡ് മലാന്‍ അവസാന ഫീല്‍ഡിംഗ് പരിശീലന സെഷനില്‍ പങ്കെടുത്തില്ല. മലാന് കളിക്കാനാവാതെ വന്നാല്‍ ഫിലിപ് സാള്‍ട്ടാകും പകരക്കാരനായി പ്ലേയിംഗ് ഇലവനില്‍ വരിക. അതിവേഗക്കാരനായ വുഡിന് കളിക്കാനായില്ലെങ്കില്‍ ഇംഗ്ലണ്ടിനത് കനത്ത തിരിച്ചടിയാവും. തുടര്‍ച്ചയായി 145 കിലോമീറ്ററിലേറെ വേഗമുള്ള പന്തുകള്‍ എറിയുന്ന താരമാണ് മാര്‍ക്ക് വുഡ്. ഈ ലോകകപ്പില്‍ നാല് മത്സരങ്ങളില്‍ 12.00 ശരാശരിയിലും 7.71 ഇക്കോണമിയിലും വുഡ് 9 വിക്കറ്റ് വീഴ്‌ത്തിയിരുന്നു. 26 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്‌ത്തിയതാണ് മികച്ച പ്രകടനം. 

ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് സെമി; പുത്തന്‍ തന്ത്രവുമായി ഹാര്‍ദിക് പാണ്ഡ്യ, പേസര്‍മാരുടെ പഴയ പണി എല്‍ക്കില്ല
 

click me!