Asianet News MalayalamAsianet News Malayalam

ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് സെമി; പുത്തന്‍ തന്ത്രവുമായി ഹാര്‍ദിക് പാണ്ഡ്യ, പേസര്‍മാരുടെ പഴയ പണി എല്‍ക്കില്ല

ടൂര്‍ണമെന്‍റില്‍ പേസ് ബൗളര്‍മാര്‍ക്കെതിരെയും ഷോര്‍ട് പിച്ച് പന്തുകളിലും ഹാര്‍ദിക് പാണ്ഡ്യക്ക് കാലിടറിയിരുന്നു

T20 World Cup 2022 Hardik Pandya takes special practice session on short balls at Adelaide
Author
First Published Nov 8, 2022, 7:28 PM IST

അഡ്‌ലെയ്‌ഡ്: ട്വന്‍റി 20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലിന് തയ്യാറെടുക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ബാറ്റിംഗിലും ബൗളിംഗിലും കരുത്തരാണ് ഇംഗ്ലണ്ട്. അതിനാല്‍ തന്നെ അഡ്‌ലെയ്‌ഡിലെ മത്സരം സൂപ്പര്‍ പോരാട്ടമാകും. കരുത്തുറ്റ ഇംഗ്ലീഷ് പേസ് നിരയ്‌ക്കെതിരെ സെമിക്ക് മുമ്പ് പ്രത്യേക പരിശീലനം ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ നടത്തിയതായാണ് ഇന്‍സൈഡ്‌സ്പോര്‍ടിന്‍റെ റിപ്പോര്‍ട്ട്. ഷോര്‍ട് പിച്ച് പന്തുകളെ അതിജീവിക്കാന്‍ ശീലിക്കുകയായിരുന്നു പാണ്ഡ്യ.  

ടൂര്‍ണമെന്‍റില്‍ പേസ് ബൗളര്‍മാര്‍ക്കെതിരെയും ഷോര്‍ട് പിച്ച് പന്തുകളിലും ഹാര്‍ദിക് പാണ്ഡ്യക്ക് കാലിടറിയിരുന്നു. മാര്‍ക് വുഡും ക്രിസ് വോക്‌സും സാം കറനും ബെന്‍ സ്റ്റോക്‌സും ഉള്‍പ്പെടുന്ന ഇംഗ്ലീഷ് പേസ് നിര അതിനാല്‍ തന്നെ പാണ്ഡ്യക്കെതിരെ ഷോര്‍ട് പിച്ച് പന്തുകള്‍ എറിയുമെന്നുറപ്പ്. ഷോര്‍ട് പിച്ച് പന്തുകള്‍ നേരിടാന്‍ മത്സരത്തിന് മുമ്പ് പ്രത്യേക പരിശീലനമാണ് ഹാര്‍ദിക് പാണ്ഡ്യ നടത്തിയത്. ടീം ഇന്ത്യയുടെ ത്രോഡൗണ്‍ സ്‌പെഷ്യലിസ്റ്റായ ദയാനന്ദ് ഗരാനി, രഘു എന്നിവരാണ് പാണ്ഡ്യക്ക് ഷോര്‍ട് പിച്ച് പന്തുകള്‍ എറിഞ്ഞുനല്‍കിയത്. ടീമിനൊപ്പമുള്ള റിസര്‍വ് താരങ്ങളായ മുഹമ്മദ് സിറാജും ഷര്‍ദ്ദുല്‍ ഠാക്കൂറും ഇത് തുടര്‍ന്നു. 

ട്വന്‍റി 20 ലോകകപ്പില്‍ പാകിസ്ഥാനെതിരായ ആദ്യ മത്സരത്തില്‍ മാച്ച് വിന്നിംഗ് 40 നേടിയ ശേഷം ബാറ്റ് കൊണ്ട് മോശം ഫോമിലാണ് ഹാര്‍ദിക് പാണ്ഡ്യ. പേസര്‍മാര്‍ക്കോ ഷോര്‍ട് പിച്ച് പന്തുകള്‍ക്കോ മുന്നിലായിരുന്നു പാണ്ഡ്യയുടെ മടക്കമെല്ലാം. ഹാരിസ് റൗഫിനെയും ആന്‍‌റിച്ച് നോര്‍ക്യയേയും പോലുള്ള അതിവേഗക്കാരെ നേരിടാന്‍ പാണ്ഡ്യ പ്രയാസപ്പെട്ടിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തില്‍ ലുങ്കി എന്‍ഗിഡിയുടെ ഷോര്‍ട് പിച്ച് പന്തിലും ബംഗ്ലാദേശിനെതിരെ ഹസന്‍ മഹ്‌മൂദിന് മുന്നിലും പുറത്തായി. സിംബാബ്‌വെക്കെതിരെ വൈഡ് യോര്‍ക്കറിലും പാകിസ്ഥാനോട് എല്‍ബിയിലുമായിരുന്നു പുറത്താകല്‍. 

ഇന്ത്യ-പാക് സ്വപ്‌ന ഫൈനല്‍ വരില്ല, കപ്പ് ഇന്ത്യക്ക് തന്നെ; വമ്പന്‍ പ്രവചനവുമായി എബിഡി

Follow Us:
Download App:
  • android
  • ios