ടി20 ലോകകപ്പ്: സൂപ്പർ എട്ടില്‍ ഒന്നും എളുപ്പമാകില്ല; ഇന്ത്യയെ കാത്തിരിക്കുന്നത് മൂന്ന് വെല്ലുവിളികള്‍

Published : Feb 19, 2026, 04:01 PM IST
Suryakumar Yadav Angry Reaction

Synopsis

ടി20 ലോകകപ്പിലെ ഇന്ത്യയുടെ ടോപ് സ്കോററാകുമെന്ന് ഇതിഹാസങ്ങള്‍ പ്രവചിക്കപ്പെട്ട അഭിഷേക് ശർമയ്ക്ക് ഗ്രൂപ്പ് ഘട്ടത്തില്‍ അക്കൗണ്ട് തുറക്കാൻ പോലും കഴിഞ്ഞിട്ടില്ല

കാല് ചെറുതായൊന്ന് ഇടറിയെങ്കിലും വീണില്ല. അജയ്യരായി സൂപ്പര്‍ എട്ടിലേക്ക് സൂര്യകുമാര്‍ യാദവിന്റ സംഘം കടന്നിരിക്കുന്നു, ഇനിയാണ് ട്വന്റി 20 ലോകകപ്പിന്റെ യഥാര്‍ത്ഥ തുടക്കം. ഇന്ത്യക്കൊപ്പം ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇൻഡീസ്, സിംബാബ്‌വെ. ഗ്രൂപ്പ് ഓഫ് ഡെത്ത്, താരതമ്യേന ശക്തരല്ലെന്ന് സിംബാബ്‌വെയെ ടൂര്‍ണമെന്റിന് മുൻപ് വിലയിരുത്തിയവരൊക്കെ തിരുത്തിയിരിക്കുന്നു, തങ്ങളും എന്തിനും പോന്നവരാണെന്ന് അവര്‍ തെളിയിച്ചു. വിൻഡീസും പ്രോട്ടിയാസും ഫോ‍ര്‍മാറ്റിലെ കരുത്ത‍ര്‍. ഒന്നും എളുപ്പമാകില്ല. എതിരാളികളുടെ ശക്തിയളക്കും മുൻപ് സ്വയം ഒരു തിരിഞ്ഞുനോട്ടം അനിവാര്യമാണ്. ഇന്ത്യക്കുണ്ട് ചെറുതല്ലാത്ത ആശങ്കകള്‍.

ലോക ഒന്നാം നമ്പര്‍ ടി20 ബാറ്റര്‍ അഭിഷേക് ശര്‍മയുടെ റണ്‍ വരള്‍ച്ചയാണ് പ്രധാനപ്പെട്ട ഒന്ന്. യുഎസ്എയ്ക്ക് എതിരെ ഗോള്‍ഡൻ ഡക്ക്. പാക്കിസ്ഥാനെതിരെ നാലാം പന്തില്‍ മടക്കം. നെതര്‍ലൻഡ്‌സിനോട് മൂന്ന് പന്തില്‍ കീഴടങ്ങി. കഴിഞ്ഞ ഏഴ് ഇന്നിങ്സുകളില്‍ അഞ്ച് ഡക്ക്. ലോകകപ്പിലെ ഇന്ത്യയുടെ ടോപ് സ്കോററാകുമെന്ന് ഇതിഹാസങ്ങള്‍ പ്രവചിക്കപ്പെട്ട അഭിഷേക് ഗ്രൂപ്പ് ഘട്ടത്തില്‍ അക്കൗണ്ട് തുറക്കാൻ പോലും കഴിഞ്ഞിട്ടില്ല. ഡച്ച് പടയ്ക്ക് എതിരായ മത്സരത്തിന് മുൻപ് തീവ്ര പരിശീലനത്തിലേര്‍പ്പട്ടിട്ടും കളത്തില്‍ ഫലമുണ്ടായില്ല. താരം ഔട്ട് ഓഫ് ഫോം അല്ല, ഔട്ട് ഓഫ് റണ്‍സാണ് എന്നത് പരിശീലകര്‍ ഉറപ്പിക്കുകയും ചെയ്യുന്നു.

ഇഷാൻ കിഷന്റെ റണ്‍ ഫീസ്റ്റാണ് അഭിഷേകിന്റെ മൂന്ന് പൂജ്യങ്ങളേയും മറികടക്കാൻ ഇന്ത്യയെ സഹായിച്ചത്. ഗ്രൂപ്പ് ഘട്ടത്തില്‍ പാക്കിസ്ഥാൻ മാത്രമായിരുന്നു ഇന്ത്യക്ക് വെല്ലുവിളിയാകാൻ സാധ്യതയുണ്ടായിരുന്നത്, അത് സംഭവിച്ചതുമില്ല. സൂപ്പര്‍ എട്ടിലേക്ക് എത്തുമ്പോള്‍ കാര്യങ്ങള്‍ മറിച്ചാണ്. അഭിഷേകിന്റെ ബാറ്റ് റണ്‍സ് കണ്ടത്തേണ്ടത് അനിവാര്യമായ മത്സരങ്ങള്‍. അഭിഷേക് മടങ്ങിയാലും അഗ്രസീവ് മോഡില്‍ ഇഷാൻ തുടരുന്നതിനാലാണ് മറ്റ് ബാറ്റര്‍മാരിലേക്ക് സമ്മര്‍ദം എത്താത്തത്. ഇരുവരും പരാജയപ്പെട്ട നെതര്‍ലൻഡ്‌സിനെതിരായ മത്സരം ഒരു ഉദാഹരണമായി കാണാം.

ഇനി ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ തിലക് വര്‍മയുടെ ലോകകപ്പിലെ സമീപനമാണ്. യുഎസ്എയ്ക്ക് എതിരെ 16 പന്തില്‍ 25 റണ്‍സ്. നമീബിയക്കെതിരെ 21 പന്തില്‍ 25. പാക്കിസ്ഥാനെതിരെ 24 പന്തില്‍ 25. നെതര്‍ലൻഡ്‌സിനെതിരെ 27 പന്തില്‍ 31 റണ്‍സ്. നാല് മത്സരങ്ങളില്‍ നിന്ന് ഇടം കയ്യൻ ബാറ്റര്‍ നേടിയത് 106 റണ്‍സാണ്. താരത്തിന്റെ സ്ട്രൈക്ക് റേറ്റാണ് ഇന്ത്യക്ക് വിനയാകുന്നത്. കേവലം 120 സ്ട്രൈക്ക് റേറ്റിലാണ് തിലക് ലോകകപ്പില്‍ ബാറ്റ് ചെയ്യുന്നത്. ലോകകപ്പില്‍ 50 റണ്‍സില്‍ കൂടുതല്‍ നേടിയ ഇന്ത്യൻ ബാറ്റര്‍മാരില്‍ ഏറ്റവും കുറവ് സ്ട്രൈക്ക് റേറ്റ് തിലകിന്റെ പേരിലാണ്.

പരുക്കില്‍ നിന്ന് മടങ്ങിയെത്തിയതിന് ശേഷം തിലകിന് താളം കണ്ടെത്താനായിട്ടില്ല. 2025 മുതല്‍ തിലകിന്റെ സ്ട്രൈക്ക് റേറ്റില്‍ ഇടിവ് സംഭവിച്ചിട്ടുണ്ട്. 2025 വരെ തിലകിന്റെ സ്ട്രൈക്ക് റേറ്റ് 164 ആയിരുന്നു. ശേഷമിത് 125 മാത്രമാണ്. മെല്ലെത്തുടങ്ങി പിന്നീട് അതിവേഗം സ്കോര്‍ ചെയ്യുന്ന തിലകിന്റെ ശൈലിയാണ് ഇതിന് കാരണം, ടു പേസ്‌ഡായ വിക്കറ്റില്‍ തിലകിന് ഇത് കഴിയാതെ പോകുന്നു. തുടക്കം മുതല്‍ അഗ്രസീവ് ആകാതെ ആംഗറുടെ റോള്‍ വഹിക്കുകയാണ് തിലക്. പക്ഷേ, സ്കോറിങ്ങിന് റേറ്റ് ഉയര്‍ത്തേണ്ട സമയത്ത് തിലക് പുറത്താകുകയും ചെയ്യുന്നതായാണ് ലോകകപ്പിലുടനീളം മൈതാനത്ത് സംഭവിച്ചത്.

മറ്റൊന്ന് ഇന്ത്യയുടെ ഫീല്‍ഡിങ്ങിലെ പിഴവുകളാണ്. ലോകകപ്പില്‍ ഇതുവരെ 10 ക്യാച്ചുകള്‍ ഇന്ത്യൻ ഫീല്‍ഡര്‍മാര്‍ കൈവിട്ടു. പത്ത് ക്യാച്ചുകള്‍ പാഴാക്കിയ അയര്‍ലൻഡാണ് ഒന്നാമത്, ഇന്ത്യക്ക് പിന്നില്‍ നമീബിയയാണ്. ആറ് ക്യാച്ചുകള്‍ നബീയൻ താരങ്ങള്‍ക്ക് കൈപ്പിടിയിലൊതുക്കാൻ കഴിയാതെ പോയി. പട്ടിക നോക്കിയാല്‍ ടോപ് ത്രീയിലുള്ള ശക്തരായ ഏക ടീം ഇന്ത്യയാണ്. ക്യാച്ചസ് വിൻ മാച്ചസ് എന്ന തത്വം ഇന്ത്യ മറന്നാല്‍ സൂപ്പര്‍ എട്ടില്‍ തിരിച്ചടിയുണ്ടാകുമെന്നതില്‍ സംശയമില്ല.

തിലകിനും അഭിഷേകിനും ഒഴികെ മറ്റ് ബാറ്റര്‍മാര്‍ക്കെല്ലാം ഒരു മത്സരത്തിലെങ്കിലും ഇംപാക്റ്റ് ഉണ്ടാക്കാൻ കഴിഞ്ഞിട്ടുമുണ്ട്. ബൗളിങ് നിരയിലും ആശങ്കകളില്ല. വരുണ്‍ ചക്രവര്‍ത്തിയും ജസ്പ്രിത് ബുമ്രയും നയിക്കുന്ന ബൗളിങ് നിര ബാറ്റിങ് നിരയേക്കാള്‍ സ്ഥിരത പുലര്‍ത്തുന്നുമുണ്ട്. ഒൻപത് വിക്കറ്റുമായി വരുണ്‍ വിക്കറ്റ് വേട്ടയില്‍ രണ്ടാം സ്ഥാനത്താണിപ്പോള്‍.

Powered by:

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ശിവം ദുബെയുടെ റോള്‍, അത് അത്ര എളുപ്പമല്ല; മിഡില്‍ ഓർഡറിന്റെ നട്ടെല്ല്
ബാബര്‍ അസമിനെ തള്ളാനും കൊളളാനുമാകാതെ പാകിസ്ഥാന്‍; സൂപ്പര്‍ എട്ടില്‍ ധീര തീരുമാനമെടുക്കാന്‍ ടീം മാനേജ്‌മെന്റ്