
ദക്ഷിണാഫ്രിക്കയുടെ ഫൈനല്‍ സ്വപ്നങ്ങള്‍, അതൊരു സ്വപ്നം മാത്രമാക്കി അവശേഷിപ്പിച്ച ശേഷം ഈഡാൻ ഗാര്‍ഡൻസില്‍ നിന്ന് അയാള്‍ മടങ്ങാൻ ഒരുങ്ങുന്നു. രചിൻ രവീന്ദ്ര ആശ്ചര്യത്തോടെ അയാളോട് ചോദിക്കുകയാണ്, What just happened? ഇപ്പോള്‍ എന്താണ് ഇവിടെ സംഭവിച്ചത്. തൊട്ടരികില്‍ നിന്ന് ആ ഇന്നിങ്സിനെ വീക്ഷിച്ചിട്ടും രചിന്റെ മനസിലേക്ക് ആ ചോദ്യമെത്തി. അതുതന്നെയായിരുന്നു ക്രിക്കറ്റ് ലോകത്തിന് ഒന്നടങ്കം അയാളോട് ചോദിക്കാനുണ്ടായിരുന്നത്.
ഒരു മണിക്കൂര്‍, ഒരൊറ്റ മണിക്കൂര്‍. അത്ര സമയമെ അയാള്‍ക്ക് ആവശ്യമായി വന്നൊള്ളു. സര്‍വാധിപത്യത്തോടെയെത്തിയ എയ്‌ഡൻ മാര്‍ക്രത്തിന്റെ സംഘത്തെ ഒരു പൂ പറിക്കുന്ന ലാഘവത്തോടെ കീഴടക്കാൻ. സഞ്ജു സാംസണിന്റെ വീരോചിതമായ ഇന്നിങ്സിന്റെ കനല്‍ കെട്ടടങ്ങാത്ത മൈതാനത്ത് സാധ്യതകളുടെ കണക്കുപുസ്തകങ്ങളെയെല്ലാം തിരുത്തിയ ഒരു ബാറ്റിങ് ഡിസ്പ്ലെ. ഫിൻ ഹ്യൂ അലൻ, ദ ഫിനോമിനല്‍ ഫിൻ അലൻ.
പ്രോട്ടിയാസ് ഉയര്‍ത്തിയത് 170 റണ്‍സെന്ന വിജയലക്ഷ്യം. കിവീസിന്റെ പവര്‍പ്ലേ പൂര്‍ത്തിയാകുമ്പോള്‍ സ്കോര്‍ 62. അതുവരെ ഈഡന്റെ ഗ്യാലറികളില്‍ തടിച്ചുകൂടിയ ആരാധകക്കൂട്ടം കണ്ടത് ടിം സെയ്‌ഫര്‍ട്ടിന്റെ കാര്‍ണേജായിരുന്നു. പക്ഷേ, ആറാം ഓവറില്‍ ഫിൻ അലൻ ഇനി സംഭവിക്കാൻ പോകുന്നതിന്റെ സൂചന നല്‍കി. അതുവരെ കേവലം ഒൻപത് പന്തുകള്‍ മാത്രമായിരുന്നു ഫിൻ അലൻ നേരിട്ടിരുന്നത്, 21 റണ്‍സായിരുന്നു സ്കോര്‍ ചെയ്തതും.
കോര്‍ബിൻ ബോഷിന്റെ ആദ്യ പന്തൊരു ഷോര്‍ട്ട് ഓഫ് ദ ലെങ്ത് ഡെലിവെറിയായിരുന്നു. ബാക്ക്‌വേഡ് പോയിന്റിന് മുകളിലൂടെ സ്ലൈസ് ചെയ്തൊരു സിക്‌സ്. ആ ഷോട്ട് പൂര്‍ണമാക്കി ബാറ്റ് വിശ്രമിച്ച വിധം ദക്ഷിണാഫ്രിക്കൻ ഇതിഹാസം എബി ഡിവില്ലിയേഴ്‌സ് ശൈലിയിലായിരുന്നു. പിന്നാലെ തുടരെ നാല് ബൗണ്ടറികള്‍, ലോങ് ഓണ്‍, ഷോര്‍ട്ട് തേഡ്, ഡൗണ്‍ ദ ഗ്രൗണ്ട്, വീണ്ടും ഷോര്‍ട്ട് തേഡിലൂടെ. 22 റണ്‍സ്, പവര്‍പ്ലേ അവസാനിക്കുമ്പോഴേക്കും ബ്ലാക്ക് ക്യാപ്‌സ് 84ലേക്ക് കുതിച്ചു, അല്ല ഫിൻ അലൻ എത്തിച്ചു എന്ന് പറയുന്നതാകും ശരി. വിജയലക്ഷ്യത്തിന്റെ പാതിവഴിയില്‍.
തന്റെ ബാറ്റില്‍ നിന്ന് ഇനി യാതൊരു ദയയും ലഭിക്കില്ല എന്നൊരു സന്ദേശം കൂടി ബോഷിന്റെ ഓവറില്‍ മാര്‍ക്രത്തിന് നല്‍കി ഫിൻ അലൻ. കേശവ് മഹരാജ് എറിഞ്ഞ ഒൻപതാം ഓവറില്‍ ലോങ് ഓണിലേക്കൊരു ബാക്ക് ഫൂട്ട് പഞ്ചിലൂടെ സിംഗിള്‍ നേടി തികച്ചു അര്‍ദ്ധ സെഞ്ചുറി. കേവലം 19 പന്തുകളില്‍. ട്വന്റി 20 ലോകകപ്പ് ചരിത്രത്തിലെ ഒരു കിവീസ് താരത്തിന്റെ അതിവേഗ അര്‍ദ്ധ ശതകം. സെയ്‌ഫര്‍ട്ടിനൊപ്പം ഒന്നാം വിക്കറ്റില്‍ ചേര്‍ത്തത് 117 റണ്‍സ്. അപ്പോഴേക്കും ദക്ഷിണാഫ്രിക്കൻ താരങ്ങളുടെ ശരീരഭാഷ തോല്‍വി സമ്മതിക്കുന്നതിന് തുല്യമായിരുന്നു.
കോര്‍ബിൻ ബോഷ് മാത്രമായിരുന്നില്ല ഫിൻ അലന്റെ ബാറ്റിന്റെ ക്രൂരതകള്‍ക്ക് ഇരയായത്. കേശവ് മഹരാജും മാര്‍ക്കൊ യാൻസണും തുടങ്ങി പ്രോട്ടിയാസിനായി പന്തെടുത്തവരെല്ലാം ഈഡനില്‍ തലതാഴ്ത്തി നടന്നു. 12-ാം ഓവര്‍ അവസാനിക്കുമ്പോള്‍ ന്യൂസിലൻഡിന് ജയിക്കാൻ 21 റണ്‍സ്, ഫിൻ അലന് സെഞ്ചുറിയിലേക്കുള്ള ദൂരം 24 റണ്‍സും. പതിമൂന്നാം ഓവറില്‍ മാര്‍ക്രം പന്തെല്‍പ്പിച്ചത് തന്റെ വിശ്വസ്തരില്‍ ഒരാളായ മാര്‍ക്കൊ യാൻസണെ.
ഇവിടെയാണ് അസംഭവ്യം എന്ന് തോന്നിക്കുന്ന പല നിമിഷങ്ങളും സംഭവിക്കുന്നത്. ആദ്യ പന്തില്‍ മാര്‍ക്കൊ യാൻസണിന്റെ യോര്‍ക്കര്‍ ശ്രമം, ചുവടുമാറി സ്കൂപ് ചെയ്ത് ഷോര്‍ട്ട് ഫൈൻ താണ്ടി ബൗണ്ടറി. സമാനമായിരുന്നു അടുത്ത പന്തും യാൻസണിന്റെ കൈകളില്‍ നിന്ന് പഞ്ഞെത്തിയത്. സ്ക്വയറിന് പിന്നിലൂടെ ബൗണ്ടറി. എയ്‌ഡൻ മാര്‍ക്രത്തിന്റെ മുഖത്ത് നിസഹായതയുടെ ചെറുപുഞ്ചിരിയപ്പോഴുണ്ടായിരുന്നു.
യാൻസണിന്റെ മൂന്നാം പന്തൊരു ഷോര്‍ട്ട് ബോള്‍, ബ്രൂട്ടലായൊരു പുള്‍ ഷോട്ട്, പന്ത് വിശ്രമിച്ചത് 90 മീറ്റര്‍ അകലെ. സ്ലോട്ടിലെത്തിയ സ്ലോ ബോള്‍ ലോങ് ഓണിലേക്കും മൂളിപ്പറന്നു, സിക്‌സ്. യാൻസണിന്റെ എല്ലാ ചോദ്യങ്ങള്‍ക്കും കൃത്യമായ ഉത്തരങ്ങള്‍. സെഞ്ചുറിയിലേക്ക് നാല് റണ്‍സും ന്യൂസിലൻഡിന് ജയിക്കാൻ ഒരു റണ്‍സും.
ഇടം കയ്യൻ പേസറുടെ ഫുള്‍ ലെങ്ത് പന്ത്. ഫിൻ അലന്റെ ബാറ്റ് പന്തിനെ പ്രോപ്പറായി മിഡില്‍ ചെയ്യുന്നു. മിഡ് ഓഫിലൂടെ അതിവേഗം കുതിച്ചു പാഞ്ഞു ആ പന്ത്. 33 പന്തില്‍ ശതകം, ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയത്. ട്വന്റി 20 ലോകകപ്പിലെ നോക്കൗട്ടില്‍ പിറക്കുന്ന ഏറ്റവും വലിയ വ്യക്തിഗത സ്കോര്‍.10 ഫോറും എട്ട് സിക്‌സും. സ്ട്രൈക്ക് റേറ്റ് 303. 88 റണ്‍സും ബൗണ്ടറിയിലൂടെ. 33 പന്തുകളില്‍ മൂന്നേ മൂന്ന് ഡോട്ട് ബോളുകള്‍. അണ്‍റിയല്‍ സ്റ്റാറ്റ്സ്.
വിജയമുറപ്പിച്ച് ശേഷം ഒരു റോറുണ്ടായിരുന്നു. പ്രോട്ടിയാസിന്റെ പ്രതിഭകളാല്‍ സമ്പന്നമായ ബൗളിങ് നിരയെ നിസഹായരാക്കി മാറ്റിയ ഇന്നിങ്സ്. കേവലം 12.5 ഓവറില്‍ ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ടീമിന് ഓര്‍ത്തുവെക്കാൻ മറ്റൊരു ദുസ്വപ്നം കൂടി സമ്മാനിച്ചു കിവീസും ഫിൻ അലനും. പക്ഷേ, ഐപിഎല്‍ രാവുകള്‍ വരുന്നു. ഈഡനില്‍ പര്‍പ്പിള്‍ ആൻഡ് ഗോള്‍ഡില്‍ ഫിൻ അലൻ അവതരിക്കും, കണ്ടറിയണം ബൗളര്‍മാര്‍ക്ക് എന്ത് സംഭവിക്കുമെന്ന്.
Powered By:
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!