
ലോകകപ്പ് എത്തുമ്പോള്‍ എതിരാളികളെല്ലാം ഭയപ്പെടുന്ന ഒരു സംഘമെ ക്രിക്കറ്റ് ചരിത്രത്തിലുണ്ടായിട്ടുള്ളു. ഭൂഖണ്ഡങ്ങളേയും മൈതാനങ്ങളേയും ഇതിഹാസങ്ങളേയുമെല്ലാം കീഴടക്കി ഗെയിമിനെ ഡൊമിനേറ്റ് ചെയ്തവര്‍. ദ മൈറ്റി ഓസ്ട്രേലിയ. പക്ഷേ, 2026 ട്വന്റി 20 ലോകകപ്പില്‍ ആ പട്ടം കല്‍പ്പിക്കപ്പെടുന്നത് ഓസീസിനല്ല. അത് ആര് എന്ന സംശയങ്ങള്‍ അന്തരീക്ഷത്തിലുമില്ല. രോഹിത് ശര്‍മ കൊളുത്തിയ തിരിയില്‍ എരിഞ്ഞ് കത്തുന്ന സൂര്യകുമാര്‍ യാദവിന്റെ ഇന്ത്യ. The fearless, the aggressive, the destructive - the most dangerous team ever in India's T20 history, probably in cricket history, .
ഇത്തരമൊരു സംഘവുമായി എത്തുന്ന സൂര്യകുമാറിന്റെ കൈകളില്‍ ലോകകപ്പ് എത്തിയില്ലെങ്കില്‍ അത് മറ്റൊരു അത്ഭുതമായി കണക്കാക്കേണ്ടി വരും. ശരിയാണ് ഒരു ടീമും കിരീടം നിലനിര്‍ത്തിയ ചരിത്രം പിന്നിലില്ല, ആതിഥേയര്‍ ലോകകപ്പ് നേടിയ കാഴ്ചകളും ഒൻപത് എഡിഷനുകളിലുമുണ്ടായിട്ടില്ല. പക്ഷേ, ഇവയെല്ലാം തിരുത്താൻ പോന്നവരാണ് ഇന്ത്യയെന്നത് തര്‍ക്കങ്ങളില്ലാത്ത വസ്തുതയാണ്. കാരണം, ഫോര്‍മാറ്റില്‍ അത്രത്തോളം ആധിപത്യം തുടരുന്നുണ്ട് കഴിഞ്ഞ രണ്ട് വര്‍ഷമായി ഇന്ത്യ. ബാറ്റിങ് നിര തന്നെയാണ് എല്ലാത്തിന്റേയും ആധാരം.
ബാറ്റിങ് നിരയിലെ ഒന്ന് തൊട്ട് ഏഴ് വരെയുള്ളവരുടെ ഈ വര്‍ഷത്തെ മാത്രം സ്ട്രൈക്ക് റേറ്റിലെ അക്കങ്ങള്‍ മതി കാത്തിരിക്കുന്നത് എന്തെന്ന് അറിയാൻ. ഏത് ബൗളിങ് നിരയും വിക്കറ്റും മൈതാനത്തിനും തുല്യവില കല്‍പ്പിക്കുന്ന അഭിഷേക് ശര്‍മയും ഇഷാൻ കിഷനും. അഭിഷേകിന്റെ ഈ വര്‍ഷത്തെ സ്ട്രൈക്ക് റേറ്റ് 249, ഇഷാന്റേത് 231. തിലക് വര്‍മ 236. സൂര്യകുമാര്‍ 196. ശിവം ദുബെ 248. ഹാര്‍ദിക്ക് പാണ്ഡ്യ 181. റിങ്കു സിങ് 156. ഒരു പന്തുപോലും പാഴാക്കുന്ന ശീലമില്ല, അതിപ്പോള്‍ വിക്കറ്റ് പോയാലും ഇല്ലെങ്കിലും, അതാണ് ഫിലോസഫി. മുന്നിലെത്തുന്ന ബൗളര്‍മാരുടെ സ്ഥിതയെന്തെന്ന് കണ്ടുതന്നെ അറിയണം.
2023 ഒക്ടോബര്‍ മുതലുള്ള കണക്കെടുത്താല്‍ ട്വന്റി 20യില്‍ ഇന്ത്യയുടെ സ്കോര്‍ 200 കടന്നത് 20 തവണയാണ്. മറ്റൊരു ടീമും പരിസരത്ത് പോലുമില്ലെന്ന് ഓര്‍ക്കണം. പത്ത് പന്തില്‍ ഒരു സിക്സ് ഇന്ത്യൻ ബാറ്റര്‍മാര്‍ അടിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. അല്‍പ്പം കൂടി വേഗത ഇതിന് കൈവരിച്ചിട്ടുണ്ടെന്ന് സമീപകാല മത്സരങ്ങള്‍ തെളിയിക്കുന്നു. ഒടുവില്‍ അവസാനിച്ച ന്യൂസിലൻഡ് പരമ്പരയിലെ അഞ്ച് മത്സരത്തില്‍ മൂന്ന് തവണ 200 കടന്നു, അവസാന ട്വന്റി 20യില്‍ കുറിച്ചത് 271 റണ്‍സ് ആയിരുന്നു. 154 റണ്‍സ് വിജയലക്ഷ്യം കേവലം 10 ഓവറില്‍ ഇന്ത്യ ചേസ് ചെയ്യുന്നതും പരമ്പരയില്‍ ക്രിക്കറ്റ് ലോകം കണ്ടു. സ്കേയറി.
സമാനകാലയളവില്‍ പത്തിലധികം സിക്സ് ഗ്യാലറിയിലേക്ക് ഒരു മത്സരത്തില്‍ അഭിഷേക് ശര്‍മ നിക്ഷേപിച്ചത് നാല് തവണയാണ്. തിലകും ഇഷാനും രണ്ട് വീതവും. ബാറ്റിങ് നിരയുടെ കൊടുങ്കാറ്റ് വീശി ശാന്തമാകുമ്പോള്‍ ജസ്പ്രിത് ബുമ്ര നയിക്കുന്ന ബൗളിങ് നിര എതിര്‍ ബാറ്റര്‍മാരെ നിഷ്പ്രഭമാക്കാൻ എത്തും. ലോകത്തെ ഏതൊരു ട്വന്റി 20 ടീമിലേക്കും എൻട്രി ലഭിക്കുന്ന രണ്ട് ബൗളര്‍മാര്‍ ഇന്ത്യക്കുണ്ട്. ബുമ്രയും വരുണ്‍ ചക്രവര്‍ത്തിയും. ഇന്ത്യയുടെ ചീറ്റ് കോഡ് എന്ന് പലരും ഇരുവരേയും വിശേഷിപ്പിക്കാറുണ്ട്.
കഴിഞ്ഞ ട്വന്റി 20 ലോകകപ്പില്‍ വിജയത്തില്‍ കുല്‍ദീപിന്റെ പന്തുകള്‍ വഹിച്ചത് നിര്‍ണായക പങ്കായിരുന്നു. ഇതിനൊപ്പമാണ് അര്‍ഷദീപ് സിങ്ങിന്റെ കൃത്യതയും അക്സറിന്റേയും ഹാര്‍ദിക്കിന്റെയും ഓള്‍ റൗണ്ട് മികവും. എല്ലാ ഡിപ്പാര്‍ട്ട്മെന്റുകളിലും സൂര്യകുമാറിനോളം ലക്ഷ്വറി ലഭിച്ച മറ്റൊരു ഇന്ത്യൻ നായകൻ ട്വന്റി 20 ലോകകപ്പ് ചരിത്രത്തില്‍ തന്നെ ഇല്ലെന്ന് പറയാം.
ഇന്ത്യയെ കിരീടത്തില്‍ നിന്ന് അകറ്റി നിര്‍ത്താൻ പോന്ന ഒരു ഘടകമെയുള്ളു, അത് ആതിഥേയരെന്ന സമ്മര്‍ദം മാത്രമാണ്. 2023 നവംബര്‍ 19ന്റെ മുറിവുകള്‍ മറക്കാൻ ഇന്ത്യക്ക് ഇന്നും കഴിഞ്ഞിട്ടില്ല. സമാനമായിരുന്നു എല്ലാം. വെല്‍ സെറ്റില്‍ഡായുള്ള ബാറ്റിങ് നിരയും ബൗളിങ് നിരയും. ഏകദിന ഫോര്‍മാറ്റിലെ ഏറ്റവും മികച്ച സംഘമായിരുന്നു രോഹിതിന്റേത്. ലോകകപ്പിലെ ഫേവറൈറ്റ്സ്. പക്ഷേ, ആ ഒരുദിവസം സമവാക്യങ്ങളെല്ലാം തിരുത്തപ്പെട്ടു. അത് ആവര്‍ത്തിക്കില്ല എന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട് സൂര്യകുമാറിന്.
Powered by
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!