
2024 ജൂണ്‍ 29ന് കെന്നിങ്ടണ്‍ ഓവലില്‍ ഒരു കാഴ്ചയുണ്ടായി. ട്വന്റി 20 ലോകകപ്പ് കിരീടത്തിന് അരികിലൂടെ തലകുനിച്ച് നടന്നുനീങ്ങുന്ന ദക്ഷിണാഫ്രിക്കൻ നായകൻ എയ്‌ഡൻ മാര്‍ക്രം. രോഹിത് ശര്‍മയ്ക്കും വിരാട് കോഹ്‌ലിക്കും അര്‍ഹതപ്പെട്ട കിരീടമെന്ന് ലോകം പറഞ്ഞപ്പോള്‍, മറുവശത്ത് നിരാശയുടെ മൂടിയണിച്ച് ക്വിന്റണ്‍ ഡി കോക്കും ഡേവിഡ് മില്ലറുമൊക്കെയുണ്ടായിരുന്നു. ഒരിക്കല്‍ ആ സില്‍വര്‍വയര്‍ നിങ്ങളേയും തേടിയെത്തുമെന്ന് ഇന്ത്യൻ ആരാധകര്‍ അന്ന് പറഞ്ഞുവെച്ചു.
രണ്ട് വര്‍ഷത്തോളമാകുന്നു, ട്വന്റി 20ക്ക് പുതിയ മാനങ്ങളും വേഗതയുമെല്ലാം കൈവരിച്ചു, ഡൊമിനന്റ് ഫോഴ്സുകളിലൊന്നായി മാര്‍ക്രത്തിന്റെ സംഘം മാറി. പക്ഷേ, 2026 ട്വന്റി 20 ലോകകപ്പിന്റെ ഒന്നാം സെമി പൊടുന്നനെ ഫിൻ അലൻ അവസാനിക്കുമ്പോള്‍ ബാര്‍ബഡോസിലെ അതേ ദൃശ്യങ്ങള്‍ ഈഡൻ ഗാര്‍ഡൻസില്‍ ആവര്‍ത്തിക്കുകയാണ്. എയ്‌ഡൻ മാര്‍ക്രം, ഡേവിഡ് മില്ലര്‍, ക്വിന്റണ്‍ ഡി കോക്ക്, കഗിസൊ റബാഡ... തലമുറകള്‍ താണ്ടിയിട്ടും പരിചിതമായ ഫ്രെയിമില്‍ ഒരിക്കല്‍ക്കൂടി ദക്ഷിണാഫ്രിക്ക...
It's not slap in the face, but it feels like it - ന്യൂസിലൻഡിനോടുള്ള തോല്‍വിക്ക് ശേഷം മാര്‍ക്രത്തിന്റെ വാക്കുകളാണിത്. മുഖത്തേറ്റ അടിപോലെ അനുഭവപ്പെടുന്നുവെന്ന്. പലതലമുറകള്‍ക്കണ്ട സ്വപ്നം സാക്ഷാത്കരിക്കാൻ നിയോഗിക്കപ്പെട്ട നായകനെന്ന് പലപ്പോഴും മാര്‍ക്രത്തെ വിശേഷിപ്പിക്കാറുണ്ട്, ഇത്തവണ അത് സാധ്യമാകുമെന്ന് തന്നെയാണ് കരുതിയതും. ലോകകപ്പ് തുടങ്ങുന്നതിന് മുൻപ് ക്രിക്കറ്റ് പണ്ഡിതര്‍ ഒരു കാര്യം പറഞ്ഞുവെച്ചു, കിരീടം നേടണമെങ്കില്‍ ഇന്ത്യയെ വീഴ്‌ത്തേണ്ടതുണ്ട്, അതിനൊത്ത ഒരു ടീം മാത്രമെയുള്ളു, ദക്ഷിണാഫ്രിക്ക.
അത് സംഭവിക്കുകയും ചെയ്തു. സൂപ്പര്‍ എട്ടില്‍ സൂര്യകുമാര്‍ യാദവും കൂട്ടരും 76 റണ്‍സിന്റെ പടുകൂറ്റൻ തോല്‍വി പ്രോട്ടിയാസിന്റെ കൈകളില്‍ നിന്ന് ഏറ്റുവാങ്ങി. റണ്‍സിന്റെ കണക്കുകളെടുത്താല്‍ കുട്ടിക്രിക്കറ്റ് ലോകകപ്പ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും വലിയ തോല്‍വി. ആ കടമ്പ കഴിഞ്ഞു, ഇനി ദക്ഷിണാഫ്രിക്ക കിരീടത്തിലേക്ക് എന്ന പ്രതീക്ഷയും ഉണര്‍ന്നു. ഈഡനില്‍ ലോകകപ്പിലെ ആദ്യ സെമിക്ക് നാണയം വാനിലേക്ക് ഉയരുന്ന നിമിഷം വരെ എല്ലാം ദക്ഷിണാഫ്രിക്കയ്ക്ക് അനുകൂലമായിരുന്നു, ചരിത്രം എതിരായിരുന്നെങ്കിലും ഇത്തവണ അത് തിരുത്തപ്പെടുമെന്ന് കരുതി.
പക്ഷേ, ന്യൂസിലൻഡിനെതിരെ തൊട്ടതെല്ലാം പിഴയ്ക്കുകയായിരുന്നു ഷുക്രി കോണ്‍റാഡിന്റെ കുട്ടികള്‍ക്ക്. ടോസ് നേടി കിവീസ് നായകൻ മിച്ചല്‍ സാന്റനര്‍ ബൗളിങ് തിരഞ്ഞെടുത്ത നിമിഷം മുതല്‍ ആരംഭിച്ചു അത്. കോള്‍ മക്കോഞ്ചിയിലൂടെ ഓഫ് സ്പിൻ ട്രാപ്പ് സാന്റനര്‍ ഭംഗിയായി നടപ്പിലാക്കുന്നു. ഡി കോക്കും റയാല്‍ റിക്കല്‍ട്ടണും രണ്ടാം ഓവറില്‍ തന്നെ മടങ്ങി, ടൂര്‍ണമെന്റിലുടനീളം തന്റെ ടീമിന് മികച്ച തുടക്കം നല്‍കിയ മാര്‍ക്രത്തെ സമ്മര്‍ദം വിലങ്ങിടുന്നു. എന്നിട്ടും പവര്‍പ്ലേയില്‍ 48 എന്ന സ്കോറിലേക്ക് ദക്ഷിണാഫ്രിക്ക എത്തി.
200 റണ്‍സ് അനായാസം പിറക്കാൻ സാധ്യതയുള്ള വിക്കറ്റില്‍ 120ലേക്ക് പോലും ദക്ഷിണാഫ്രിക്ക എത്തില്ല എന്ന് തോന്നിച്ച നിമിഷങ്ങളുണ്ടായി. മുൻനിര തകര്‍ന്നത് മധ്യനിരയെ കൂടുതല്‍ പ്രതിരോധത്തിലേക്ക് നയിക്കുകയായിരുന്നു. മാര്‍ക്കൊ യാൻസണ്‍, ഡിവാള്‍ഡ് ബ്രെവിസ്, ട്രിസ്റ്റൻ സ്റ്റബ്സ് എന്നിവര്‍ നാണക്കേടില്‍ നിന്ന് രക്ഷിച്ചുവെന്ന് പറയാം. എങ്കിലും 169 എന്ന സംഖ്യ സ്കോര്‍ബോര്‍ഡില്‍ തെളിഞ്ഞപ്പോള്‍ തന്നെ ദക്ഷിണാഫ്രിക്കയുടെ ഫൈനല്‍ സ്വപ്നങ്ങള്‍ അവസാനിച്ചിരുന്നു.
മറുപടി ബാറ്റിങ് ഒരു ഹൈലൈറ്റ്സ് പോലെ കണ്ടു തീര്‍ക്കേണ്ടി വന്നു മാര്‍ക്രത്തിനും കൂട്ടര്‍ക്കും. ടിം സെയ്‌ഫര്‍ട്ട് - ഫിൻ അലൻ സംഖ്യം പവര്‍പ്ലേയില്‍ തന്നെ ദക്ഷിണാഫ്രിക്കയുടെ വിധിയെഴുതി. 84 റണ്‍സ്. വിൻ ദ പവര്‍പ്ലേ ആൻഡ് വിൻ ദ ഗെയിം, ഇത് രണ്ട് ഇന്നിങ്സിലും ദക്ഷിണാഫ്രിക്കയ്ക്ക് കഴിയാതെ പോയി. ഒന്നാം വിക്കറ്റില്‍ 117 റണ്‍സ്. 33 പന്തില്‍ ചരിത്ര സെഞ്ചുറിയുമായി ഫിൻ അലൻ 13 ഓവറുകള്‍ക്കുള്ളില്‍ കിവീസിനെ കലാശപ്പോരിലേക്ക് എത്തിക്കുകയും ചെയ്തു. സര്‍വാധിപത്യത്തോടെ എത്തിയ ദക്ഷിണാഫ്രിക്ക ഈഡനില്‍ പൂര്‍ണമായും അപ്രത്യക്ഷമാകുകയായിരുന്നു. ന്യൂസിലൻഡിന് മുന്നില്‍ കാലിടറിയ മറ്റൊരു ഐസിസി നോക്കൗട്ട് മത്സരം.
സമ്മര്‍ദത്തെ അതിജീവിക്കാൻ കഴിയാതെ ചോക്കേഴ്‌സ് എന്ന വിശേഷണം നേടിയ ദക്ഷിണാഫ്രിക്കയുടെ പ്രകടനം അതിലും പരിതാപകരമായിരുന്നെന്നാണ് കോണ്‍റാഡ് സരസമായെങ്കിലും പറഞ്ഞുവെച്ചത്. I don’t think tonight was a choke; I thought it was a bloody walloping. കനത്ത പ്രഹരമെന്ന് ചുരുക്കം.
Powered By:
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!