അശ്വിനെ തുടര്‍ച്ചയായി പ്ലേയിംഗ് ഇലവനില്‍ നിന്ന് തഴയുന്നതിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ നായകന്‍ ദിലീപ് വെംഗ്‌സര്‍ക്കാര്‍.

ദുബായ്: ടി20 ലോകകപ്പില്‍(T20 World Cup 2021) തുടര്‍ച്ചയായ രണ്ട് തോല്‍വികളോടെ സെമി ഫൈനല്‍ കാണാതെ പുറത്താകലിന്‍റെ വക്കിലാണ് ടീം ഇന്ത്യ(Team India). വരും മത്സരങ്ങളില്‍ വമ്പന്‍ ജയങ്ങള്‍ നേടിയാലും എതിരാളികളുടെ പ്രകടനം കൂടി കണക്കിലെടുത്തെ ഇന്ത്യക്ക് ഇനി എന്തെങ്കിലും സാധ്യതയുള്ളു. ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനോടും(Pakistan) രണ്ടാം മത്സരത്തില്‍ ന്യൂസിലന്‍ഡിനോടും(New Zealand) തോറ്റതാണ് ഇന്ത്യയുടെ സെമി സാധ്യതകള്‍ക്ക് തിരിച്ചടിയായത്.

ആര്‍ അശ്വിനെ(R. Ashwin) പോലെ പരിചയ സമ്പന്നനായ ഒരു സ്പിന്നര്‍ ടീമിലുണ്ടായിട്ടും ആദ്യ രണ്ട് മത്സരങ്ങളിലും സ്പിന്നര്‍മാരായി വരുണ്‍ ചക്രവര്‍ത്തിയും രവീന്ദ്ര ജഡേജയുമാണ് ഇന്ത്യക്കായി അന്തിമ ഇലവനില്‍ കളിച്ചത്. ഇരുവരും നിറം മങ്ങുകയും ചെയ്തു. ഈ സാഹചര്യത്തില്‍ അശ്വിനെ തുടര്‍ച്ചയായി പ്ലേയിംഗ് ഇലവനില്‍ നിന്ന് തഴയുന്നതിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ നായകന്‍ ദിലീപ് വെംഗ്‌സര്‍ക്കാര്‍(Dilip Vengsarkar). ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ നാല് മത്സരങ്ങളിലും അശ്വിനെ കളിപ്പിച്ചിരുന്നില്ല.

ഈ സാഹചര്യത്തില്‍ അശ്വിനെ തഴയുന്നതിനെക്കുറിച്ച് അന്വേഷിക്കണമെന്നാണ് വെംഗ്‌സര്‍ക്കാറുടെ ആവശ്യം. അശ്വിനെ തുടര്‍ച്ചയായി ടീമില്‍ നിന്ന് തഴയുന്നത് അത്ഭുതപ്പെടുത്തുന്നുവെന്നും എങ്ങനെയാണ് രാജ്യാന്തര ക്രിക്കറ്റില്‍ 600ല്‍ അധികം വിക്കറ്റുള്ള ഒരു സ്പിന്നറെ ഇത്തരത്തില്‍ അവഗണിക്കാനാവുകയെന്നും മുന് ചീഫ് സെലക്ടര്‍ കൂടിയായ വെംഗ്സര്‍ക്കാര്‍ ചോദിച്ചു.

ലോകകപ്പിന് മുന്നോടിയായി ഇംഗ്ലണ്ടിനും ഓസ്ട്രേലിയക്കും എതിരെ നടന്ന സന്നാഹ മത്സരങ്ങളില്‍ മാത്രമാണ് അശ്വിന്‍ കളിച്ചത്. ഇംഗ്ലണ്ടിനെതിരെ വിക്കറ്റ് വീഴ്തത്താനായില്ലെങ്കിലും ഓസ്ട്രേലിയക്കെതിരെ എട്ട് റണ്‍സ് മാത്രം വിട്ടുകൊടുത്ത് അശ്വിന്‍ രണ്ട് വിക്കറ്റെടുത്തിരുന്നു. വിവിധ ഫോര്‍മാറ്റുകള്‍ ഇത്രയും കാലം അശ്വിനെ പുറത്തിരുത്താനുള്ള കാരണത്തെക്കുറിച്ച് അന്വേഷിക്കുകയാണ് വേണ്ടത്. കാരണം 600 രാജ്യാന്തര വിക്കറ്റുകളുള്ള അശ്വിനാണ് നമ്മുടെ ഏറ്റവും മികച്ച സ്പിന്നര്‍. ലോകകപ്പില്‍ മാത്രമല്ല ഇംഗ്ലണ്ടിനെതിരെയും അദ്ദേഹത്തെ കളിപ്പിച്ചില്ല. കളിപ്പിക്കാനല്ലെങ്കില്‍ പിന്നെ എന്തിനാണ് അദ്ദേഹത്തെ ടീമിലെടുത്തത്.

അശ്വിനെ കളിപ്പിക്കാത്തതിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും വെംഗ്‌സര്‍ക്കാര്‍ പിടിഐയോട് പറഞ്ഞു. ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യ തീര്‍ത്തും നിറം മങ്ങിയെന്ന് പറഞ്ഞ വെംഗ്‌സര്‍ക്കാര്‍ ബയോ ബബ്ബിള്‍ സമ്മര്‍ദ്ദമാണോ ഇതിന് കാരണമെന്ന് തനിക്കറിയില്ലെന്നും വ്യക്തമാക്കി. എന്തായാലും ഇത്രയും മോശം ശരീരഭാഷ സമീപകാലത്തൊന്നും ഇന്ത്യന്‍ കളിക്കാരില്‍ ഞാന്‍ കണ്ടിട്ടില്ല. ഏറെ ക്ഷീണിതരായവരെപ്പോലെയാണ് അവര്‍ കളിച്ചത്. ബാറ്റിംഗിലും ബൗളിംഗിലും എനര്‍ജിയോടെ കളിച്ചാലെ ടി20 ഫോര്‍മാറ്റില്‍ പിടിച്ചുനില്‍ക്കാനാവു എന്നും വെംഗ്‌സര്‍ക്കാര്‍ പറഞ്ഞു.