
ദുബായ്: ടി20 ലോകകപ്പില്‍ (T20 World Cup) ഇന്ത്യക്ക് ഇന്ന് നാലാം മത്സരം. സ്‌കോട്‌ലന്‍ഡാണ് (Scotland) ഇന്ത്യയുടെ എതിരാളി. ഇന്ത്യന്‍ സമയം രാത്രി 7.30ന് ദുബായിലാണ് (Dubai) മത്സരം. വലിയ മാര്‍ജിനിലുള്ള ജയമാണ് ഇന്ത്യ ലക്ഷ്യം വെക്കുന്നത്. സ്‌കോട്‌ലന്‍ഡ് ആവട്ടെ കളിച്ച മൂന്ന് മത്സരങ്ങളും പരാജയപ്പെട്ടിരുന്നു. ദുബായിലെ സ്പിന്നിനെ തുണയ്ക്കുന്ന പിച്ചില്‍ ഇന്ത്യ സ്പിന്നര്‍മാരെ ഉള്‍പ്പെടുത്തിയേക്കും.
കഴിഞ്ഞ മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്ത ആര്‍ അശ്വിന്‍ (R Ashwin), രവീന്ദ്ര ജഡേജ (Ravindra Jadeja) എന്നിവര്‍ ഉള്‍പ്പെട്ട ടീമിനെ നിലനിര്‍ത്താനാണ് സാധ്യത. തുടര്‍തോല്‍വികളുടെ അരിശം അഫ്ഗാനോട് തീര്‍ത്തതിന്റെ ചൂടാറും മുന്‍പാണ് കുഞ്ഞന്മാരായ സ്‌കോട്‌ലന്‍ഡിന് മുന്നിലേക്ക് ഇന്ത്യ എത്തുന്നത്.
നെറ്റ് റണ്‍റേറ്റിലും കണ്ണുള്ളതിനാല്‍ അതിവേഗ സ്‌കോറിംഗ് തന്നെ ഇന്നും ഇന്ത്യ ലക്ഷ്യമിടും. അഫ്ഗാനെതിരെ അവസാന ഓവറുകളില്‍ കണ്ട ധാരാളിത്തം ബൗളര്‍മാര്‍ ഒഴിവാക്കുകയും വേണം. പരിക്കൊന്നും ഇല്ലെങ്കില്‍ ദീപാവലിത്തലേന്ന് ജയിച്ച ടീമിനെ തന്നെ നിലനിര്‍ത്താന്‍ സാധ്യത.
ന്യൂസീലന്‍ഡിനെ വിറപ്പിച്ചിട്ടും പരിചയക്കുറവ് കാരണം തലകുനിക്കേണ്ടിവന്ന സ്‌കോട്ലന്‍ഡ് പൊരുതാതെ കീഴടങ്ങില്ലെന്ന് ഉറപ്പ്. ഡെത്ത് ഓവറുകളില്‍ അടക്കം പന്തെറിഞ്ഞിട്ടും ശരാശരി 6 റണ്‍സില്‍ താഴെ ഇക്കോണമി റേറ്റുള്ള സ്പിന്നര്‍ മാര്‍ക്ക് വാട്ടിനെ കടന്നാക്രമിക്കുകയാകും ഇന്ത്യക്കുള്ള വെല്ലുവിളി.
2007ലെ പ്രഥമ ലോകകപ്പിലെ ഇന്ത്യ- സ്‌കോട്‌ലന്‍ഡ് മത്സരം മഴകാരണം ഉപേക്ഷിച്ചതിനുശേഷം ട്വന്റി 20യില്‍ ഇരുടീമുകളും നേര്‍ക്കുനേര്‍ വരുന്നത് ആദ്യമായാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!