
അബുദാബി: ടി20 ലോകകപ്പിലെ(T20 World Cup) സൂപ്പര്‍ 12(Super 12) പോരാട്ടത്തില്‍ അഫ്ഗാനിസ്ഥാനെതിരെ(Afghanistan) ഇന്ത്യ(India) വമ്പന്‍ ജയം നേടിയതിന് പിന്നാലെ മത്സരം ഒത്തുകളിയാണെന്ന ആരോപണങ്ങളാണ് എങ്ങും. പാക് ആരാധകരും ടെലിവിഷന്‍ താരങ്ങളുമെല്ലാം ഇത്തരമൊരു ആരോപണവുമായി രംഗത്തുവന്നിരുന്നു.
ടൂര്‍ണമെന്‍റില്‍ ഇതുവരെ മികച്ച പ്രകടനം പുറത്തെടുത്ത പാക്കിസ്ഥാനോടുപോലും മികച്ച പോരാട്ടം കാഴ്ചവെച്ച അഫ്ഗാന്‍ ഇന്ത്യക്കെതിരെ ബാറ്റിംഗിലും ബൗളിംഗിലും ഫീല്‍ഡിംഗിലും തീര്‍ത്തും നിറം മങ്ങിയതാണ് ആരോപണം ഉന്നയിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്. ക്യാച്ചുകള്‍ കൈവിട്ടും, പന്ത് ബൗണ്ടറി കടത്തിയുമെല്ലാം അഫ്ഗാന്‍ ഇന്ത്യയെ സഹായിക്കുകയായിരുന്നു എന്നാണ് ആരോപണം. ഇതിനെല്ലാം പുറമെ ടോസ്(Toss) നേടിയിട്ടും അഫ്ഗാന്‍ ക്യാപ്റ്റന്‍ മുഹമ്മദ് നബി(Mohammad Nabi) ഫീല്‍ഡിംഗ് തെരഞ്ഞെടുത്തത് വിരാട് കോലിയുടെ(Virat Kohli) നിര്‍ദേശപ്രകാരമായിരുന്നുവെന്നാണ് മറ്റൊരു ആരോപണം.
ഇതിന് തെളിവായി ടോസിനുശേഷം ഇരു ക്യാപ്റ്റന്‍മാരും കൈ കൊടുക്കുമ്പോള്‍ കേള്‍ക്കുന്ന ആദ്യം ബൗള്‍ ചെയ്യുമെന്ന സംഭാഷണമാണ്. ഇത് കോലി, മുഹമ്മദ് നബിയോട് പറഞ്ഞതായി ചിത്രീകരിച്ചാണ് മത്സരം ഒത്തുകളിയാണെന്ന് പ്രചരിപ്പിക്കുന്നത്. ബൗളിംഗ് തെരഞ്ഞെടുക്കാന്‍ നബിയോട് കോലി നിര്‍ദേശിച്ചുവെന്നാണ് പ്രചാരണം. എന്നാല്‍ യാഥാര്‍ത്ഥ്യം എന്താണെന്ന് ഈ വീഡിയോ കണ്ടാല്‍ മനസിലാവും.
Also Read:ഇന്ത്യ- അഫ്ഗാന്‍ മത്സരത്തില്‍ ഒത്തുകളി ആരോപണം; രൂക്ഷമായി പ്രതികരിച്ച് പാക് ഇതിഹാസങ്ങള്‍
കോലിയാണ് ടോസിടുന്നത്. പതിവുപോലെ ടോസിലെ ഭാഗ്യം കോലിയെ കൈവിടുന്നു. മാച്ച് റഫറി അഫ്ഗാനിസ്ഥാനാണ് ടോസ് നേടിയതെന്ന് പറയുന്നു. ഇതിനുശേഷം നബി സംസാരിക്കാനായി കമന്‍റേറ്റര്‍ക്ക് സമീപത്തേക്ക് നടക്കുമ്പോള്‍ കോലിക്ക് ഹസ്തദാനം ചെയ്യുന്നു. ഇവിടെയാണ് ഈ സംഭാഷണം കേള്‍ക്കുന്നത്. 'We will bowl first' എന്ന് നബി, കോലിയോട് പറയുന്നു.
ഇതിനുശേഷം നബി മൈക്കിന് മുമ്പിലെത്തി ബൗള്‍ ചെയ്യാന്‍ തീരുമാനിച്ച കാര്യം ഔദ്യോഗികമായി പറയുന്നു. കോലിയോട് നബി പറഞ്ഞ കാര്യം കോലി നബിയോട് നിര്‍ദേശിച്ചതായി ചിത്രീകരിച്ചാണ് അഫ്ഗാന്‍ ഇന്ത്യക്കുവേണ്ടി ഒത്തുകളിക്കുകയായിരുന്നുവെന്ന ആരോപണം ഉയര്‍ത്തുന്നത്. അബുദാബിയിലെ പിച്ചിന്‍റെ സ്വഭാവം മാറി ബാറ്റിംഗ് വിക്കറ്റായത് തിരിച്ചറിയാതെയാണ് അഫ്ഗാന്‍ ബൗളിംഗ് തെരഞ്ഞെടുത്തതെന്ന് വ്യക്തമാണ്. രണ്ടാമത് ബൗള്‍ ചെയ്യുന്നവര്‍ക്ക് മഞ്ഞുവീഴ്ച പ്രശ്നമാകുമെന്ന കണക്കുകൂട്ടലും പിഴച്ചു.
ഇന്ത്യ-അുഫ്ഗാനിസ്ഥാന്‍ മത്സരം നടന്ന അബുദാബിയില്‍ തന്നെയാണ് ശ്രീലങ്ക-വെസ്റ്റ് ഇൻഡീസ് മത്സരവും നടക്കുന്നത്. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സാണ് അടിച്ചുകൂട്ടിയത്. അഫ്ഗാനെതിരായ മത്സരത്തില്‍ ടോസ് നഷ്ടമായി അദ്യം ബാറ്റ് ചെയ്ത ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സാണ് നേടിയത്. ടൂര്‍ണമെന്‍റില്‍ ഇതുവരെയുള്ള ഒരു ടീമിന്‍റെ ടോപ് സ്കോറാണിത്. മറുപടി ബാറ്റിംഗില്‍ അഫ്ഗാന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!