T20 World Cup| ഈ അഞ്ച് താരങ്ങളെ തുടര്‍ച്ചയായി ഇന്ത്യന്‍ ടീമില്‍ കളിപ്പിക്കണം; സെവാഗിന്റെ നിര്‍ദേശം

By Web TeamFirst Published Nov 9, 2021, 4:55 PM IST
Highlights

 ന്യൂസിലന്‍ഡ് പിന്നീടുള്ള  എല്ലാ മത്സരങ്ങളും ജയിച്ചപ്പോള്‍ ഇന്ത്യക്ക് പുറത്താവേണ്ടിവന്നു. ക്യാപറ്റനായി വിരോട് കോലി (Virat Kohli) കളിക്കുന്ന അവസാന ടി20 ലോകകപ്പായിരുന്നു ഇത്. പരിശീലകന്‍ രവി ശാസ്ത്രിയും പടിയിറങ്ങി. 

ദില്ലി: ടി20 ലോകകപ്പ് (T20 World Cup) തുടങ്ങുന്നതിന് മുമ്പ് ഫേവറൈറ്റായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് ടീം (Indian Cricket Team ). എന്നാല്‍ ഗ്രൂപ്പ്ഘട്ടത്തില്‍ പുറത്താവാനായിരുന്നു ഇന്ത്യയുടെ വിധി. ആദ്യ മത്സരത്തില്‍ പാകിസ്ഥാനോട് (Pakistan) പരാജയപ്പെട്ടു. ലോകകപ്പില്‍ ആദ്യമായിട്ടാണ് പാകിസ്ഥാന് മുന്നില്‍ ഇന്ത്യ പരാജയപ്പെടുന്നത്. രണ്ടാം മത്സരത്തില്‍ ന്യൂസിലന്‍ഡിന് (New Zealand) മുന്നിലും ഇന്ത്യ അടിയറവ് പറഞ്ഞു. ഇതോടെ ഇന്ത്യയുടെ സാധ്യതകള്‍ മറ്റു ടീമുകളുടെ മത്സരഫലത്തെ ആശ്രയിച്ചായി. ന്യൂസിലന്‍ഡ് പിന്നീടുള്ള  എല്ലാ മത്സരങ്ങളും ജയിച്ചപ്പോള്‍ ഇന്ത്യക്ക് പുറത്താവേണ്ടിവന്നു. ക്യാപറ്റനായി വിരോട് കോലി (Virat Kohli) കളിക്കുന്ന അവസാന ടി20 ലോകകപ്പായിരുന്നു ഇത്. പരിശീലകന്‍ രവി ശാസ്ത്രിയും പടിയിറങ്ങി. 

പുതിയ പരിശീലകനും ക്യാപ്റ്റനും കീഴിലാണ് ഇന്ത്യ അടുത്ത ടി20 പരമ്പരയ്ക്കിറങ്ങുക. ഇതിനിടെ അടുത്ത വര്‍ഷത്തെ ലോകകപ്പിന് ഇന്ത്യ ഇപ്പോള്‍ തന്നെ ഒരുക്കങ്ങള്‍ തുടങ്ങണമെന്ന് വ്യക്തമാക്കിയിരിക്കുയാണ് മുന്‍ താരം വിരേന്ദര്‍ സെവാഗ് (Virender Sehwag). വരും വര്‍ഷങ്ങളില്‍ ഇന്ത്യയുടെ കരുത്താവാന്‍ സാധ്യതയുള്ള താരങ്ങളെ കുറിച്ചും സെവാഗ് പറഞ്ഞു. മുന്‍ ഓപ്പണറുടെ വാക്കുകള്‍... ''അടുത്ത വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കുന്ന ട്വന്റി ട്വന്റി ലോകകപ്പിനായി ഇന്ത്യ ഇപ്പോള്‍ തന്നെ ഒരുക്കങ്ങള്‍ തുടങ്ങണം. ഒരുപിടി യുവതാരങ്ങളുടെ മികവില്‍ ഇന്ത്യക്ക് മുന്നേറാന്‍ കഴിയും. കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, റിതുരാജ് ഗെയ്ക്‌വാദ്, ശ്രേയസ് അയ്യര്‍ എന്നിവരെ തുടര്‍ച്ചയായി ഇന്ത്യന്‍ ടീമില്‍ കളിപ്പിക്കണം. 

യുവത്വത്തിന്റെ പ്രസരിപ്പ് വേണ്ടുവോളം അവരിലുണ്ട്. അതിനുള്ള ആദ്യ പടി ന്യുസിലന്‍ഡിനെതിരായ പര്യടനമായിരിക്കണം. രോഹിത് ശര്‍മ, വിരാട് കോലി തുടങ്ങിയ മുതിര്‍ന്ന താരങ്ങള്‍ക്ക് വിശ്രമം നല്‍കി യുവതാരങ്ങളടങ്ങിയ സംഘത്തെ കിവീസിനെതിരെ തെരഞ്ഞെടുക്കണം.'' സെവാഗ് പറയുന്നു.

അടുത്ത വര്‍ഷം ഒക്ടോബര്‍ 16 മുതല്‍ നവംബര്‍ 13 വരെയാണ് ഓസ്‌ട്രേലിയയില്‍ ലോകകപ്പ് പോരാട്ടങ്ങള്‍. രോഹിത് ശര്‍മ വരും ദിവസങ്ങളില്‍ ഇന്ത്യയുടെ ടി20 ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനം ഏറ്റെടുത്തേക്കും.

click me!