
ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ(India vs England) ടെസ്റ്റ് പരമ്പരയിലെ അവശേഷിക്കുന്ന ഏക മത്സരത്തിനായി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയും(Rohit Sharma) ലണ്ടനിലെത്തി. വിമാനത്താവളത്തിൽ രോഹിത് നിൽക്കുന്ന ചിത്രം പുറത്തുവന്നു. മുന്‍ നായകന്‍ വിരാട് കോലിയടക്കമുള്ള(Virat Kohli) താരങ്ങള്‍ നേരത്തെ ഇംഗ്ലണ്ടിലെത്തിയപ്പോള്‍ രോഹിത്തിന്‍റെ അസാന്നിധ്യം ആശങ്കയുണ്ടാക്കിയിരുന്നു.
വിരാട് കോലി അടക്കം ഇന്ത്യന്‍ താരങ്ങൾ ഇതിനകം പരിശീലനം തുടങ്ങിയിട്ടുണ്ട്. ചിത്രങ്ങള്‍ കോലി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്ക് ശേഷം റിഷഭ് പന്തും പരിശീലകന്‍ രാഹുല്‍ ദ്രാവിഡും തിങ്കളാഴ്ച ഇംഗ്ലണ്ടിലേക്ക് പോകും. ജൂലൈ 1 മുതൽ 5 വരെ എഡ്ജ്ബാസ്റ്റണിലാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരം. പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലാണ്. ഐപിഎല്ലിന് മുന്‍പ് ക്യാംപിലെ കൊവിഡ് ആശങ്ക കാരണം അവസാന ടെസ്റ്റ് മാറ്റിവയ്ക്കുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം നടന്ന അഞ്ച് മത്സര ടെസ്റ്റ് പരമ്പരയില്‍ കൊവിഡ് മൂലം മാറ്റിവെച്ച ടെസ്റ്റാണ് അടുത്ത മാസം ഒന്നുമുതല്‍ ഇന്ത്യയും ഇംഗ്ലണ്ടും ബര്‍മിംഗ്‌ഹാമില്‍ കളിക്കുക. ഇതിനുശേഷം മൂന്ന് ഏകദിനങ്ങളിലും മൂന്ന് ടി20 മത്സരങ്ങളിലും ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ ഏറ്റുമുട്ടും. ടെസ്റ്റിന് മുമ്പ് ഈ മാസം 24 മുതല്‍ 27വരെ ലെസിസ്റ്റര്‍ഷെയറിനെതിരെ ഇന്ത്യ ചതുര്‍ദിന പരിശീലന മത്സരം കളിക്കും. ഇന്ത്യ പരിശീലന മത്സരം കളിക്കുമ്പോള്‍ ഹാര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ കളിക്കും. 26നും 28നുമാണ് രണ്ട് മത്സരങ്ങളടങ്ങിയ ടി20 പരമ്പര.