ലുങ്കി എങ്കിഡിയുടെ നേരിട്ട മൂന്നാം പന്ത് തന്നെ സിക്സിന് പറത്തിയ കിഷന്‍ ആദ്യ ഓവറില്‍ തന്നെ രണ്ട് സിക്സ് അടിച്ച് നിലപാട് വ്യക്തമാക്കി.

മുംബൈ: ടി20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കക്ക് കൂറ്റന്‍ വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സെടുത്തു. ഓപ്പണറായി ഇറങ്ങി 20 പന്തില്‍ ഏഴ് സിക്സും രണ്ട് ഫോറും അടിച്ച് 53 റണ്‍സെടുത്ത ഇഷാന്‍ കിഷനാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. അഭിഷേക് ശര്‍മ 18 പന്തില്‍ 24 റണ്‍സെടുത്തപ്പോള്‍ തിലക് വര്‍മ 19 പന്തില്‍ 45ഉം സൂര്യകുമാര്‍ യാദവ് 16 പന്തില്‍ 30ഉം അക്സര്‍ പട്ടേല്‍ 18 പന്തില്‍ 29ഉം റണ്‍സെടുത്തു.അഭിഷേകും ഇഷാന്‍ കിഷനും റിട്ടയേര്‍ട്ട് ഔട്ടാവുകയായിരുന്നു. ക്രീസിലിറങ്ങിയവരെല്ലാം തകര്‍ത്തടിച്ച മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണ് ബാറ്റിംഗിന് അവസരം ലഭിച്ചില്ല.

Add Asianetnews as a Preferred SourcegooglePreferred

ഇഷാന്‍ വെടിക്കെട്ട്

View post on Instagram

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കായി അഭിഷേക് ശര്‍മയും ഇഷാന്‍ കിഷനുമാണ് ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തത്. ലുങ്കി എങ്കിഡിയുടെ നേരിട്ട മൂന്നാം പന്ത് തന്നെ സിക്സിന് പറത്തിയ കിഷന്‍ ആദ്യ ഓവറില്‍ തന്നെ രണ്ട് സിക്സ് അടിച്ച് നിലപാട് വ്യക്തമാക്കി. മറുവശത്ത് നില്‍ക്കുന്ന അഭിഷേക് ശര്‍മയെ കാഴ്ചക്കാരനാക്കിയായിരുന്നു പിന്നീടുള്ള ഓവറുകളിലും കിഷന്‍റെ വെടിക്കെട്ട് ബാറ്റിംഗ്. കോര്‍ബിന്‍ ബോഷ് എറിഞ്ഞ നാലാം ഓവറില്‍ തുടര്‍ച്ചയായി മൂന്ന് ബൗണ്ടറിയടിച്ച അഭിഷേക് ശര്‍മയും കിഷനൊപ്പം ചേര്‍ന്നതോടെ ഇന്ത്യൻ സ്കോര്‍ ബോര്‍ഡ് കുതിച്ചു. ആന്‍റിച്ച് നോര്‍ക്യ എറിഞ്ഞ പവര്‍ പ്ലേയിലെ അ‍ഞ്ചാം ഓവറില്‍ നാലു സിക്സും ഒരു ഫോറും അടക്കം 29 റൺസാണ് കിഷന്‍ അടിച്ചുകൂട്ടിയത്. 20 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച കിഷന്‍ ലോകകപ്പിലെ ഓപ്പണിംഗ് സ്ഥാനവും ഉറപ്പിച്ചു. ഫിഫ്റ്റി അടിച്ചതിന് പിന്നാലെ ഇഷാന്‍ കിഷന്‍ റിട്ടയേര്‍ഡ് ഔട്ടായി ക്രീസ് വിട്ടു. പവര്‍ പ്ലേ പൂര്‍ത്തിയായതിന് പിന്നാലെ 18 പന്തില്‍ 24 റണ്‍സടിച്ച അഭിഷേക് ശര്‍മയും റിട്ടയേര്‍ഡ് ഔട്ടായി മടങ്ങി.

View post on Instagram

പരിക്കിനുശേഷം ടീമില്‍ തിരിച്ചെത്തിയ തിലക് വര്‍മയാണ് മൂന്നാം നമ്പറില്‍ ക്രീസിലെത്തിയത്. 19 പന്തില്‍ 45 റണ്‍സടിച്ച തിലക് മൂന്ന് സിക്സും മൂന്ന് ഫോറും പറത്തിയപ്പോള്‍ 16 പന്തില്‍ 30 റണ്‍സടിച്ച ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് രണ്ട് ഫോറും രണ്ട് സിക്സും പറത്തി. തിലകിനെ മാര്‍ക്കോ യാന്‍സന്‍ ബൗള്‍ഡാക്കിയപ്പോള്‍ സൂര്യകുമാറിനെ മഫാകയുടെ പന്തില്‍ ജോര്‍ജ് ലിന്‍ഡെ പിടികൂടി. ഇരുവരും മടങ്ങിയശേഷം ക്രിസിലൊരുമിച്ച റിങ്കു സിംഗും അക്സര്‍ പട്ടേലും ഇന്ത്യയെ മുന്നോട്ട് നയിച്ചു. 13 പന്തില്‍ 16 റണ്‍സടിച്ച റിങ്കു അവസാന ഓവറുകളില്‍ റണ്ണുയര്‍ത്താനുള്ള ശ്രമത്തില്‍ മടങ്ങിയപ്പോള്‍ 10 പന്തില്‍ 30 റണ്‍സെടുത്ത ഹാര്‍ദ്ദിക് പാണ്ഡ്യയും 23 പന്തില്‍ 35 റണ്‍സുമായി പുറത്താകാതെ നിന്ന അക്സര്‍ പട്ടേലും ചേര്‍ന്ന് ഇന്ത്യയെ 240 റണ്‍സിലെത്തിച്ചു. ദക്ഷിണാഫ്രിക്കക്കായി 3 ഓവര്‍ പന്തെറിഞ്ഞ ആന്‍റിച്ച് നോര്‍ക്യ 57 റണ്‍സ് വഴങ്ങിയപ്പോള്‍ റബാഡ മൂന്നോവറില്‍ 44 റണ്‍സ് വഴങ്ങി.

View post on Instagram

15 അംഗ ടീമിലെ ആര്‍ക്കും ബാറ്റിംഗിനും ബൗളിംഗിനും അവസരമുണ്ടായിരുന്നെങ്കിലും ലോകകപ്പിലെ പ്ലേയിംഗ് ഇലവനെ തന്നെയായിരുന്നു ഇന്ത്യ ഇന്ന് ഗ്രൗണ്ടിലിറക്കിയത്. മലയാളി താരം സഞ്ജു സാംസണ് ബാറ്റിംഗ് നിരയില്‍ അഴസരം ലഭിച്ചില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക