
ബെംഗലൂരു: ലോകകപ്പില്‍ ലീഗ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളും ജയിച്ച് ഇന്ത്യ റെക്കോര്‍ഡിട്ടെങ്കിലും ഓസ്ട്രേലിയയുടെ റെക്കോര്‍ഡ് ഇപ്പോഴും രണ്ട് ജയങ്ങള്‍ അകലെയാണ്. 2003ലെ ലോകകപ്പില്‍ ആദ്യ മത്സരം തോറ്റ ശേഷം തുടര്‍ച്ചയായി എട്ട് ജയങ്ങള്‍ നേടി ഫൈനലിലെത്തിയ സൗരവ് ഗാംഗുലിയുടെ റെക്കോര്‍ഡാണ് ഒമ്പത് തുടര്‍ ജയങ്ങളോടെ രോഹിത്തിന്‍റെ നേതൃത്വത്തില്‍ ഇന്നലെ ഇന്ത്യ മറികടന്നത്.
എന്നാല്‍ 11 തുടര്‍ ജയങ്ങള്‍ നേടിയിട്ടുള്ള ഓസ്ട്രേലിയയാണ് ലോകകപ്പിലെ തുടര്‍ ജയങ്ങളില്‍ ഒന്നാം സ്ഥാനത്ത്. അതും ഒന്നല്ല, രണ്ടു തവണ. 2003ലും 2007ലും ലോകകപ്പുകളില്‍ ഓസീസിനെ വീഴ്ത്തുന്നത് പോയിട്ട് വിറപ്പിക്കാന്‍ പോലും ഒരു ടീമിനും ആയിട്ടില്ല എന്നതാണ് വസ്തുത. ഇത്തവണ ഇന്ത്യക്ക് ഓസ്ട്രേലിയയുടെ 11 തുടര്‍ ജയങ്ങളുടെ റെക്കോര്‍ഡിനൊപ്പമെത്താന്‍ അവസരമുണ്ട്. അതിന് പക്ഷെ ആദ്യം സെമിയിലും പിന്നെ ഫൈനലിലും ജയിച്ച് കിരീടം നേടണം. എന്നാല്‍ 11 തുടര്‍ ജയങ്ങളെന്ന ഓസീസ് റെക്കോര്‍ഡിന് ഒപ്പമെത്താം.
ലോകകപ്പില്‍ ഇന്നലെ നെതര്‍ലന്‍ഡ്സിനെ തോല്‍പ്പിച്ചതോടെ ഒരു വര്‍ഷം ഏറ്റവും കൂടുതല്‍ ജയങ്ങളെന്ന റെക്കോര്‍ഡിനൊപ്പം ഇന്ത്യയെത്തി. 24 ജയങ്ങളാണ് ഇന്ത്യ ഈ വര്‍ഷം നേടിയത്. 1998ലും ഇന്ത്യ ഒരു വര്‍ഷം 24 ജയങ്ങള്‍ നേടിയിരുന്നു. 2013ല്‍ 22 ജയങ്ങള്‍ നേടിയതാണ് അതിന് ശേഷം ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം.
ബുധനാഴ്ച നടക്കുന്ന ലോകകപ്പ് സെമിയില്‍ ന്യൂസിലന്‍ഡാണ് ഇന്ത്യയുടെ എതിരാളികള്‍. 2019ലെ ലോകകപ്പ് സെമിയില്‍ ഇന്ത്യയെ തകര്‍ത്താണ് ന്യൂസിലന്‍ഡ് ഫൈനലിലെത്തിയത്. ഇത്തവണ അതിന് പകരം വീട്ടാനുള്ള സുവര്‍ണാവസരമാണ് ഇന്ത്യക്ക് മുന്നിലുള്ളത്. വ്യാഴാഴ്ച നടക്കുന്ന രണ്ടാം സെമിയില്‍ ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും. ഞായറാഴ്ചയാണ് ലോകകപ്പ് ഫൈനല്‍.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!