
മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയക്ക് എതിരെ മതിയായ തയ്യാറെടുപ്പുകളില്ലാതെയാണ് ഇന്ത്യന്‍ ടീം ഇറങ്ങിയത് എന്ന വിമർശനങ്ങള്‍ ഉയർന്നിരുന്നു. ഐപിഎല്‍ പതിനാറാം സീസണ്‍ കഴിഞ്ഞയുടനെ ഇംഗ്ലണ്ടിലേക്ക് വണ്ടി കയറിയ താരങ്ങള്‍ ഓസ്ട്രേലിയയോട് ദയനീയമായി തോറ്റ് കിരീടം കൈവിട്ടു. ഇംഗ്ലണ്ടില്‍ എത്തിയ ശേഷം പരിശീലന മത്സരം പോലും കളിക്കാതെയാണ് ഓവലിലെ കലാശപ്പോരിന് രോഹിത് ശർമ്മയും സംഘവും ഇറങ്ങിയത്. എന്നാല്‍ വരാനിരിക്കുന്ന വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ ഈ പോരായ്മ തിരുത്താനുള്ള ശ്രമത്തിലാണ് മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡും കൂട്ടരും.
വിന്‍ഡീസിനെതിരെ ഡൊമിനിക്കയില്‍ ജൂലൈ 12ന് ആരംഭിക്കുന്ന ആദ്യ ടെസ്റ്റിന് മുമ്പ് ഇന്ത്യന്‍ ടീം രണ്ട് പരിശീലന മത്സരങ്ങള്‍ കളിക്കും. ജൂലൈ രണ്ടിന് കരീബിയന് മണ്ണില്‍ ഒത്തുകൂടുന്ന ഇന്ത്യന്‍ ടീം ഒരാഴ്ച നീളുന്ന പരിശീലന ക്യാംപില്‍ പങ്കെടുക്കും. വിവിധ സംഘങ്ങളായാണ് ഇന്ത്യന്‍ ടീം ഇവിടേക്ക് എത്തുക. ഫസ്റ്റ് ക്ലാസ് മത്സരമായിരിക്കില്ല എങ്കില്‍ക്കൂടിയും പ്രാദേശിക താരങ്ങളെ ഉള്‍പ്പെടുത്തി പരിശീലനം നടത്താനുള്ള സാധ്യതയാണ് ബിസിസിഐ തേടുന്നത്. ഇതിനായി വിന്‍ഡീസ് ക്രിക്കറ്റ് ബോർഡിന്‍റെ സഹായം തേടിവരികയാണ്. ആദ്യ ടെസ്റ്റിനായി ഡൊമിനിക്കയിലേക്ക് പുറപ്പെടും മുമ്പ് കെന്നിംഗ്സ്റ്റണ്‍ ഓവലിലായിരിക്കും ഇന്ത്യന്‍ ടീമിന്‍റെ പരിശീലനം.
ഡൊമിനിക്കയില്‍ 2011ലാണ് ഇന്ത്യന്‍ ടീം ഇതിന് മുമ്പ് കളിച്ചത്. ഇന്നത്തെ താരങ്ങളില്‍ വിരാട് കോലി മാത്രമായിരുന്നു അന്ന് മത്സരത്തിനായി ദ്വീപിലേക്ക് എത്തിയത്. നിലവിലെ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് അന്ന് കളിച്ചിരുന്നു. അതേസമയം ആന്‍റിഗ്വയിലാണ് പരമ്പരയ്ക്ക് മുമ്പ് വെസ്റ്റ് ഇന്‍ഡീസ് ടീം ക്യാംപ് ചേരുക. ട്രിനിഡാഡിലാണ് രണ്ടാം ടെസ്റ്റ്. ഇതിന് ശേഷമാണ് വൈറ്റ് ബോള്‍ പരമ്പരകള്‍ തുടങ്ങുക. ടെസ്റ്റ്, ഏകദിന പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ ഇന്ന് ബിസിസിഐ പ്രഖ്യാപിച്ചിരുന്നു. മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണ്‍ ഏകദിന സ്ക്വാഡിലുണ്ട്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ശേഷം ഇന്ത്യന്‍ താരങ്ങള്‍ ഇപ്പോള്‍ വിശ്രമത്തിലാണ്.