
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ഷന്‍ കമ്മിറ്റിയിലെ ഒഴിവുള്ള ഒരു സ്ഥാനത്തേക്ക് സെലക്ടർക്കായുള്ള അപേക്ഷ ക്ഷണിച്ചിരിക്കുകയാണ് ബിസിസിഐ. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും തോറ്റതോടെ ഐസിസി കിരീടമില്ലാതെ 10 കൊല്ലം പിന്നിട്ട ടീം ഇന്ത്യക്കായി പുതിയ താരങ്ങളെ കണ്ടെത്തുകയാണ് പുതിയ സെലക്ടറുടെ ഭാരിച്ച ഉത്തരവാദിത്തം. ഏകദിന ലോകകപ്പ് മുന്‍നിർത്തി ഉചിതരായ താരത്തെ കണ്ടെത്തുക പുതിയ സെലക്ടർ അടങ്ങിയ കമ്മിറ്റിയുടെ ചുമതലയാവും. പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തിയാവും മുഖ്യ സെലക്ടർ ആവുക എന്നത് ഉറപ്പാണിരിക്കേ ഈ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന പ്രധാന പേരുകളിലൊരാള്‍ ഇതിഹാസ ഓപ്പണർ വീരേന്ദർ സെവാഗ് ആണ് എന്ന റിപ്പോർട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ ഈ സാധ്യത തള്ളിക്കളയുകയാണ് നിലവില്‍ വീരു.
ചീഫ് സെലക്ടറാവാന്‍ ബിസിസിഐ തന്നെ സമീപിച്ചതായുള്ള വാർത്ത വീരേന്ദർ സെവാഗ് നിഷേധിച്ചു. ഇത്തരത്തില്‍ ഒരു ഓഫറും ബിസിസിഐയില്‍ നിന്ന് ലഭിച്ചിട്ടില്ല എന്നാണ് ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയോട് മുന്‍ താരത്തിന്‍റെ പ്രതികരണം. ടീം ഇന്ത്യക്കായി 104 ടെസ്റ്റും 251 ഏകദിനങ്ങളും 19 ടി20കളും കളിച്ച സെവാഗ് മുഖ്യ സെലക്ടർ സ്ഥാനത്തേക്ക് ഉചിതനായ മുന്‍ താരമാണ് എന്ന വിലയിരുത്തല്‍ സജീവമായിരുന്നു. ഒഴിവുള്ള സെലക്ടർ സ്ഥാനത്തേക്ക് ബിസിസിഐ വ്യാഴാഴ്ച അപേക്ഷ ക്ഷണിച്ചിരുന്നു. ചേതന്‍ ശര്‍മ രാജിവെച്ച ശേഷം ശിവ്സുന്ദര്‍ ദാസാണ് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍റെ താല്‍ക്കാലിക ചുമതല വഹിക്കുന്നത്. അതിനാല്‍ കമ്മിറ്റിയിലെ പുതിയ അംഗത്തെ മുഖ്യ സെലക്ടറായി നിയമിക്കാനുള്ള സാധ്യതയാണ് തെളിയുന്നത്. ശിവ്സുന്ദര്‍ ദാസിന് പുറമെ എസ് ശരത്, സുബ്രതോ ബാനര്‍ജി, സലീല്‍ അങ്കോള എന്നിവരാണ് നിലവിലെ കമ്മിറ്റി അംഗങ്ങള്‍.
ശർമ്മ തെറിച്ചത് ഇങ്ങനെ...
ഇന്ത്യന്‍ പുരുഷ സീനിയർ ടീം താരങ്ങളുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള വിവാദ വെളിപ്പെടുത്തലുകളുമായി ഒളിക്യാമറയിൽ കുടുങ്ങിയതോടെയാണ് ബിസിസിഐ മുഖ്യ സെലക്‌ടര്‍ ചേതൻ ശര്‍മ്മയുടെ സ്ഥാനം ഈ വർഷാദ്യം തെറിച്ചത്. ഹാര്‍ദിക് പാണ്ഡ്യ, ദീപക് ഹൂഡ തുടങ്ങിയ താരങ്ങൾ തന്‍റെ വീട്ടിലെ നിത്യസന്ദര്‍ശകരെന്ന വെളിപ്പെടുത്തൽ ടീം സെലക്ഷനിൽ പക്ഷപാതിത്വമുണ്ടെന്ന ആരോപണത്തെ സാധൂകരിക്കുന്നതായിരുന്നു. വിരാട് കോലിക്ക് ക്യാപ്റ്റൻ സ്ഥാനം നഷ്ടമാവാൻ കാരണം ഗാംഗുലിയുടെ അനിഷ്ടമാണെന്നും ടീമിൽ രോഹിത്, കോലി ഗ്രൂപ്പുകൾ ഉണ്ടെന്നതടക്കമുള്ള തുറന്നുപറച്ചിലുകളും ചേതൻ ശര്‍മ്മ നടത്തിയിരുന്നു. താരങ്ങള്‍ ടീം സെലക്ഷനായി പരിക്ക് മറച്ചുവെക്കാന്‍ കുത്തിവയ്പ് എടുക്കുന്നു എന്ന ഗുരുതര വെളിപ്പെടുത്തലും ഇതിലുണ്ടായിരുന്നു. ചേതന്‍ ശർമ്മയുടെ വെളിപ്പെടുത്തല്‍ വലിയ കോളിളക്കമാണ് ബിസിസിഐയില്‍ സൃഷ്ടിച്ചത്.
Read more: യൂറോപ്യന്‍ മലയാളികള്‍ വണ്ടിയെടുത്ത് വിട്ടോളൂ; ആംസ്റ്റർഡാമില്‍ ഇന്ത്യന്‍ ഭക്ഷണശാലയുമായി സുരേഷ് റെയ്ന