
ദുബായ്: ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരായ മത്സരത്തിനൊടുവില്‍ പാക് താരങ്ങളുമായി ഹസ്തദാനം ചെയ്യാന്‍ വിസമ്മതിച്ചതിന് പിന്നാലെ അടുത്ത നീക്കവുമായി ടീം ഇന്ത്യ. ഏഷ്യാ കപ്പില്‍ഈ മാസം 28ന് നടക്കുന്ന ഫൈനലിലെത്തുകയും കിരീടം നേടുകയും ചെയ്താല്‍ ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്‍റും പാക് ക്രിക്കറ്റ് ബോര്‍ഡ് അധ്യക്ഷനുമായ മൊഹ്സിന്‍ നഖ്‌വിയില്‍ നിന്ന് ഇന്ത്യ കിരീടം ഏറ്റുവാങ്ങില്ലെന്നാണ് റിപ്പോര്‍ട്ട്.
ഹസ്തദാന വിവാദത്തില്‍ മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റിനെ പിന്‍വലിച്ചില്ലെങ്കില്‍ ടൂര്‍ണമെന്‍റ് ബഹിഷ്കരിക്കുമെന്ന് പാകിസ്ഥാന്‍ ഭീഷണി മുഴക്കിയ പശ്ചാത്തലത്തിലാണ് സമ്മാനദാന ചടങ്ങില്‍ ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്‍റിനെ ഇന്ത്യൻ ടീമും ബഹിഷ്കരിക്കാന്‍ തയാറെടുക്കുന്നത് എന്നാണ് സൂചന. അങ്ങനെ വന്നാല്‍ സപ്പര്‍ ഫോറില്‍ വീണ്ടും ഒരു തവണ കൂടി പരസ്പരം ഇരു ടീമും മത്സരിക്കേണ്ടിവരും. സൂപ്പര്‍ ഫോറില്‍ മുന്നിലെത്തുന്ന രണ്ട് ടീമുകളാണ് ഫൈനലിലേക്ക് യോഗ്യത നേടുക. ഇന്ത്യയും പാകിസ്ഥാനും സൂപ്പര്‍ ഫോറില്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തിയാല്‍ ഫൈനലിലും ഇരു ടീമും നേര്‍ക്കുനേര്‍വരും.
വരും മത്സരങ്ങളിലും പാക് കളിക്കാരുമായി ഹസ്തദാനത്തിനോ സൗഹൃദത്തിനോ ഇന്ത്യൻ താരങ്ങൾ തയാറാവില്ലെന്നാണ് സൂചന. ഞായറാഴ്ച നടന്ന മത്സരത്തില്‍ മാച്ച് റഫറി ആന്‍ഡി പൈ ക്രോഫ്റ്റ് പക്ഷപാതപരമായാണ് പെരുമാറിയതെന്നും മത്സരത്തിലെ ടോസിന് മുമ്പ് തന്നെ മാച്ച് റഫറി പാക് നായകനോട് ഇന്ത്യൻ നായകനുമായി ഹസ്തദാനത്തിന് മുതിരരുതെന്ന് നിര്‍ദേശം നല്‍കിയിരുന്നതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. ടോസിനിടെ പതിവുള്ള ഹസ്തദാനം സൂര്യയും പാക് ക്യാപ്റ്റന്‍ സൽമാൻ ആഘയും ഒഴിവാക്കുകയും ചെയ്തിരുന്നു. മത്സരം പൂര്‍ത്തിയായശേഷം കളിക്കാര്‍ സാധാരണഗതിയില്‍ ചെയ്യാറുള്ള ഹസ്തദാനത്തിനും ക്രീസിലുണ്ടായിരുന്ന ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവോ ശിവം ദുബെയോ തയാറായില്ല.
ഇന്ത്യൻ ടീം ഹസ്തദാനത്തിനായി ഗ്രൗണ്ടിലേക്ക് ഇറങ്ങിവരുമെന്ന് പ്രതീക്ഷിച്ച് പാക് താരങ്ങള്‍ അല്‍പനേരം ഗ്രൗണ്ടില്‍ നിന്നെങ്കിലും ഇന്ത്യൻ താരങ്ങളാരും ഗ്രൗണ്ടിലേക്കിറങ്ങിയില്ല. ഏഷ്യാ കപ്പിൽ ഞായറാഴ്ച നടന്ന അഭിമാന പോരാട്ടത്തില്‍ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ സൂപ്പര്‍ ഫോര്‍ ഉറപ്പാക്കിയത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ ഉയര്‍ത്തിയ 128 റണ്‍സ് വിജയലക്ഷ്യം 25 പന്തും ഏഴ് വിക്കറ്റും ബാക്കി നിര്‍ത്തിയാണ് ഇന്ത്യ അടിച്ചെടുത്തത്. ഏഴ് പന്തില്‍ 10 റൺസെടുത്ത ശുഭ്മാന്‍ ഗില്‍, 13 പന്തില്‍ 31 റണ്‍സടിച്ച അഭിഷേക് ശര്‍മ, 31 പന്തില്‍ 31 റണ്‍സെടുത്ത തിലക് വര്‍മ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് 37 പന്തില്‍ 47 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ശിവം ദുബെ ഏഴ് പന്തില്‍ 10 റണ്‍സുമായി പുറത്താകാതെ നിന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക