ഇന്ത്യക്കെതിരായ ആ തോല്‍വി അവസാനശ്വാസംവരെ വേട്ടയാടുമെന്ന് മുന്‍ പാക് ഓപ്പണര്‍

By Web TeamFirst Published Sep 16, 2020, 5:32 PM IST
Highlights

ക്രിക്കറ്റ് ജീവിതത്തിലെ ഏറ്റവും വലിയ ദു:ഖമാണ് ഇന്ത്യക്കെതിരായ ആ ഫൈനല്‍ തോല്‍വി. അതെന്റെ അവസാനശ്വാസം വരെ എന്നെ വേട്ടയാടുമെന്നുറപ്പാണ്. ചരിത്രം സൃഷ്ടിക്കാനുള്ള അവസരമുണ്ടായിരുന്നു ഞങ്ങള്‍ക്ക്.

ലാഹോര്‍: ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയോടേറ്റ തോല്‍വി തന്റെ  അവസാനശ്വാസംവരെ വേട്ടയാടുമെന്ന് മുന്‍ പാക് ഓപ്പണര്‍ ഇമ്രാന്‍ നസീര്‍. തന്റെ ക്രിക്കറ്റ് ജീവിതത്തിലെ ഏറ്റവും വലിയ ദു:ഖമാണ് 2007ലെ ടി20 ലോകകപ്പ് ഫൈനനലില്‍ ഇന്ത്യോടേറ്റ തോല്‍വിയെന്നും നസീര്‍ യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ക്രിക്കറ്റ് ജീവിതത്തിലെ ഏറ്റവും വലിയ ദു:ഖമാണ് ഇന്ത്യക്കെതിരായ ആ ഫൈനല്‍ തോല്‍വി. അതെന്റെ അവസാനശ്വാസം വരെ എന്നെ വേട്ടയാടുമെന്നുറപ്പാണ്. ചരിത്രം സൃഷ്ടിക്കാനുള്ള അവസരമുണ്ടായിരുന്നു ഞങ്ങള്‍ക്ക്. വ്യക്തിപരമായി പറയുകയാണെങ്കില്‍ എനിക്ക് ഒറ്റക്ക് ജയിക്കാവുന്ന മത്സരമായിരുന്നു അത്. കാരണം അത്തരം മത്സരങ്ങള്‍ മുമ്പും ഞാന്‍ ജയിച്ചിട്ടുണ്ട്. ഫൈനലില്‍ പന്ത് നന്നായി മിഡില്‍ ചെയ്തിരുന്ന എനിക്ക് അതിന് കഴിയുമെന്ന ആത്മവിശ്വാസമുണ്ടായിരുന്നു. പക്ഷെ നിര്‍ഭാഗ്യകരമായ എന്റെ ആ റണ്ണൗട്ടോടെ കളി പുതുക്കെ ഞങ്ങളുടെ കൈയില്‍ നിന്ന് വഴുതിപ്പോയി. അതിപ്പോഴും വേദനിപ്പിക്കുന്നു-നസീര്‍ പറഞ്ഞു.

പാക്കിസ്ഥാനായി മികച്ച തുടക്കം നല്‍കാന്‍ എനിക്കായിരുന്നു. മികച്ച കൂട്ടുകെട്ടുണ്ടാക്കാനും. പക്ഷെ അന്തിമമായി ആരാണ് മികച്ച രീതിയില്‍ ഫിനിഷ് ചെയ്യുന്നത് എന്നതാണല്ലോ പ്രധാനം. ഇതെല്ലാം കളിയുടെ ഭാഗമായി കണാനാണ് ഇപ്പോള്‍ ഇഷ്ടം. എന്തായാലും മഹത്തായ ടൂര്‍ണമെന്റായിരുന്നു അത്തവണത്തെ ലോകകപ്പെന്നും നസീര്‍ പറഞ്ഞു.

പാക്കിസ്ഥാനായി മുഹമ്മദ് ഹഫീസിനൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്ത നസീര്‍ 14 പന്തില്‍ രണ്ട് സിക്സും നാലു ഫോറും പറത്തി 33 റണ്‍സടിച്ചിരുന്നു. 5.4 ഓവറില്‍ പാക് സ്കോര്‍  53ല്‍ നില്‍ക്കെ ഉത്തപ്പയാണ് നസീറിനെ റണ്ണൗട്ടാക്കിയത്. ഇതായിരുന്നു മത്സരത്തിലെ നിര്‍ണായക വഴിത്തിരിവും. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സടിച്ചപ്പോള്‍ പാക്കിസ്ഥാന്‍ 19.3 ഓവറില്‍ 152 റണ്‍സിന് ഓള്‍ ഔട്ടായി.

click me!