'ഞാന്‍ കണ്ട ഏറ്റവും മികച്ച താരം'; കോലിക്ക് വമ്പന്‍ പ്രശംസയുമായി ലാംഗര്‍

By Web TeamFirst Published Nov 14, 2020, 11:22 AM IST
Highlights

കോലിയുടെ ഒരു തീരുമാനത്തെ ബഹുമാനിക്കുന്നതായും ലാംഗര്‍ പറയുന്നു. ഇന്ത്യ-ഓസീസ് തീപാറും പരമ്പരയ്‌ക്ക് മുമ്പാണ് ഓസ്‌‌ട്രേലിയന്‍ പരിശീലകന്‍റെ വാക്കുകള്‍. 

സിഡ്‌നി: ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലിക്ക് ഓസ്‌ട്രേലിയൻ പരിശീലകന്‍ ജസ്റ്റിൻ ലാംഗറുടെ പ്രശംസ. ക്രിക്കറ്റ് ജീവിതത്തിൽ താൻ കണ്ട ഏറ്റവും മികച്ച താരം വിരാട് കോലിയാണെന്നാണ് ലാംഗറുടെ വാക്കുകള്‍. 

ബാറ്റിംഗ് മികവ് മാത്രം പരിഗണിച്ചല്ല കോലിയെ മികച്ച താരമാണെന്ന് പറയാൻ കാരണം. ക്രിക്കറ്റിനോടുള്ള അഭിനിവേശം, ശാരീരികക്ഷമത നിലനിർത്തുന്നതിലെ കണിശത തുടങ്ങിയ കാര്യങ്ങൾകൂടി പരിഗണിച്ചാണ്. ക്രിക്കറ്റുമായി ബന്ധപ്പെട്ടുള്ള എല്ലാ കാര്യങ്ങളിലും പൂർണത ഇഷ്ടപ്പെടുന്ന താരമാണ് കോലിയെന്നും ലാംഗർ പറയുന്നു. ആദ്യ ടെസ്റ്റിന് ശേഷം കോലി നാട്ടിലേക്ക് മടങ്ങുന്നത് ഇന്ത്യക്ക് തിരിച്ചടിയാവുമെന്നും ലാംഗർ വ്യക്തമാക്കി. 

കോലിയോട് ബഹുമാനമെന്ന് ലാംഗര്‍

കോലിയും ഭാര്യ അനുഷ്‌ക ശർമ്മയും ഡിസംബർ അവസാനം ആദ്യ കുഞ്ഞിനെ പ്രതീക്ഷിക്കുന്നതിനാലാണ് കോലി ഒന്നാം ടെസ്റ്റിന് ശേഷം ഇന്ത്യയിലേക്ക് മടങ്ങുന്നത്. 'നാട്ടിലേക്ക് മടങ്ങാനുള്ള കോലിയുടെ തീരുമാനത്തെ ലാംഗര്‍ പ്രശംസിച്ചു. ഇന്ത്യയിലേക്ക് മടങ്ങാന്‍ തീരുമാനിച്ച കോലിയുടെ തീരുമാനത്തെ ബഹുമാനിക്കുന്നു. നമ്മള്‍ എല്ലാവരെയും പോലൊരു മനുഷ്യനാണ് കോലി. കുട്ടി ജനിക്കുന്നത് ഒരിക്കലും മിസ് ചെയ്യരുത് എന്നാണ് എന്‍റെ എല്ലാ താരങ്ങളോടും പറയാറുള്ളത്. ജീവിതത്തിലെ വലിയ മുഹൂര്‍ത്തമാണത്' എന്നും ലാംഗര്‍ പറഞ്ഞു. 

നവംബര്‍ 27നാണ് ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനം ആരംഭിക്കുന്നത്. പരമ്പരക്കായി കോലിപ്പട ഇതിനകം ഓസ്‌ട്രേലിയയില്‍ എത്തിയിട്ടുണ്ട്. മൂന്ന് വീതം ടി20യും ഏകദിനങ്ങളും നാല് ടെസ്റ്റുമാണ് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ കളിക്കുന്നത്. പരമ്പരകള്‍ക്കുള്ള ടീമുകളെ ഇരു ടീമുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസംബര്‍ 17 മുതല്‍ അഡ്‌ലെയ്‌ഡിലാണ് ആദ്യ ടെസ്റ്റ്. ഇതിന് ശേഷമാണ് വിരാട് കോലി നാട്ടിലേക്ക് മടങ്ങുന്നത്. 

ഏകദിന, ടി20 ടീമുകളില്‍ നിന്ന് രോഹിത്തിന് ഒഴിവാക്കാനുള്ള കാരണം വ്യക്തമാക്കി ഗാംഗുലി


 

click me!