മുംബൈയുടെ വിജയരഹസ്യം തുറന്നുപറഞ്ഞ് രാഹുല്‍ ദ്രാവി‍ഡ്

By Web TeamFirst Published Nov 13, 2020, 8:56 PM IST
Highlights

ജസ്പ്രീത് ബുമ്രയെയും ഹര്‍ദ്ദിക് പാണ്ഡ്യെയെയും പോലുള്ള യുവപ്രതിഭകളെ ചെറുപ്രായത്തിലെ കണ്ടെത്താന്‍ അവര്‍ക്കായി. അതുപോലെ രാഹുല്‍ ചാഹറിനെയും ഇഷാന്‍ കിഷനെയും അവര്‍ വളര്‍ത്തിക്കൊണ്ടുവരുന്നു. അതുപോലെ തന്നെയാണ് സൂര്യകുമാര്‍ യാദവിന്‍റെ കാര്യവും.

ബാംഗ്ലൂര്‍: ഐപിഎല്ലില്‍ അഞ്ചാം തവണയും കിരീടമുയര്‍ത്തി മുംബൈ ഇന്ത്യന്‍സ് മറ്റ് ടീമുകളെക്കാള്‍ ബഹുദൂരം മുന്നിലെത്തിയിരിക്കുന്നു. എന്താണ് മുംബൈ ടീമിന്‍റെ ഈ വിജയ രഹസ്യമെന്ന് ചോദിച്ചാല്‍ ഓരോ പൊസിഷനിലും ഒന്നിനൊന്ന് മികവുറ്റ കളിക്കാരുള്ളതാണെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ മറ്റ് ടീമുകളില്‍ നിന്ന് ശരിക്കും മുംബൈയെ വ്യത്യസ്തമാക്കുന്നത് എന്താണെന്ന് തുറന്നു പറയുകയാണ് മുന്‍ ഇന്ത്യന്‍ താരവും ദേശീയ ക്രിക്കറ്റ് അക്കാദമി അധ്യക്ഷനുമായ രാഹുല്‍ ദ്രാവിഡ്.

കഴിഞ്ഞ നാലോ അഞ്ചോ വര്‍ഷമായി മുംബൈ എന്താണ് ചെയ്യുന്നതെന്ന് നോക്കു.  മികച്ച കളിക്കാരുടെ ഒരു കോര്‍ സംഘത്തെ അവരുണ്ടാക്കി, അവരെ നിലനിര്‍ത്തുകയും ചെയ്തു. അവര്‍ക്ക് ചുറ്റും പ്രതിഭാധനരായ യുവതാരങ്ങളെ ടീമിലെടുത്തു.  ഇവരുടെ മിശ്രണമാണ് മുംബൈയെ ഐപിഎല്ലിലെ ഏറ്റവും കരുത്തുറ്റ ടീമാക്കുന്നത്.

ജസ്പ്രീത് ബുമ്രയെയും ഹര്‍ദ്ദിക് പാണ്ഡ്യെയെയും പോലുള്ള യുവപ്രതിഭകളെ ചെറുപ്രായത്തിലെ കണ്ടെത്താന്‍ അവര്‍ക്കായി. അതുപോലെ രാഹുല്‍ ചാഹറിനെയും ഇഷാന്‍ കിഷനെയും അവര്‍ വളര്‍ത്തിക്കൊണ്ടുവരുന്നു. അതുപോലെ തന്നെയാണ് സൂര്യകുമാര്‍ യാദവിന്‍റെ കാര്യവും. യുവതാരമായിരുന്നില്ലെങ്കിലും സൂര്യകുമാര്‍ മുംബൈ ടീമിലെത്തിയതോടെ അദ്ദേഹത്തിന്‍റെ പ്രകടനത്തിന്‍റെ നിലവാരമാകെ മാറി. ഇതാണ് മുംബൈയെ കരുത്തുറ്റ ടീമാക്കുന്നത്.

ഐപിഎല്‍ വിപുലീകരിച്ച് ഒമ്പത് ടീമാക്കുന്നതിനോട് തനിക്ക് യോജിപ്പാണെന്നും ദ്രാവിഡ് പറഞ്ഞു. ടീമുകളുടെ എണ്ണം കൂടുന്നതോടെ ഇന്ത്യയിലെ യുവപ്രതിഭകള്‍ക്ക് അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള കൂടുതല്‍ അവസരങ്ങള്‍ ലഭിക്കും. ഇന്ത്യക്ക് ജൂനിയര്‍ തലത്തില്‍ മികച്ചൊരു ക്രിക്കറ്റ് ഘടനയുണ്ട്. എന്നാല്‍ ഇവര്‍ക്കെല്ലാം രാജ്യാന്തര മത്സരപരിചയം ലഭിക്കാന്‍ ബുദ്ധിമുട്ടാണ്. അവിടെയാണ് ഐപിഎല്‍ പോലെ മത്സരക്ഷമമായൊരു ടൂര്‍ണമെന്‍റിന്‍റെ പ്രധാന്യം.

രാഹുല്‍ തിവാട്ടിയയെപ്പോലൊരു കളിക്കാരന്‍ എത്ര പെട്ടെന്നാണ് സൂപ്പര്‍ താരമായി മാറിയത്. മുന്‍കാലങ്ങളിലായിരുന്നെങ്കില്‍ തന്‍റെ മികവ് പുറത്തെടുക്കാനുള്ള വേദിയില്ലാതെ തിവാട്ടിയ ബുദ്ധിമുട്ടിയേനെ. എന്നാല്‍ ഐപിഎല്‍ പോലുള്ള വേദികള്‍ വന്നതോടെ ചെറിയ പട്ടണങ്ങളില്‍ നിന്നും ഗ്രാമങ്ങളില്‍ നിന്നുമെല്ലാം ഉള്ള കളിക്കാരുടെ കുത്തൊഴുക്ക് തന്നെയുണ്ടെന്നും ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്‍റെ പുസ്തക പ്രകാശനച്ചടങ്ങില്‍ പങ്കെടുത്ത് പറഞ്ഞു.

click me!