
ഹൈദരാബാദ്: ഐപിഎല്ലില്‍ ഓൾറൗണ്ടർമാരുടെ പട്ടികയിൽ ഹാർദിക് പാണ്ഡ്യയേക്കാൾ മുകളിലാണ് സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ നിതീഷ് കുമാർ റെഡ്ഡിയുടെ സ്ഥാനമെന്ന് മുൻ ഇന്ത്യൻ താരം ദീപ് ദാസ്ഗുപ്ത. ഈ സീസണിലെ ഒരേയൊരു യഥാര്‍ത്ഥ ഓൾറൗണ്ടർ എന്ന് വിശേഷിപ്പിക്കാവുന്ന കളിക്കാരന്‍ ഹൈദരാബാദിന്‍റെ 'നിതീഷ് ആണെന്നും ദാസ് ഗുപ്ത പറഞ്ഞു. പഞ്ചാബ് കിംഗ്സിനെതിരായ സൺറൈസേഴ്‌സിന്‍റെ തകർപ്പൻ വിജയത്തിന് പിന്നാലെയാണ് നിതീഷിനെ പ്രശംസിച്ച് ദീപ്ദാസ് ഗുപ്ത രംഗത്തെത്തിയത്.
ഇംപാക്ട് പ്ലെയർ നിയമം വന്നതോടെ ഐപിഎല്ലില്‍ ഓൾറൗണ്ടർമാരുടെ പ്രസക്തി കുറഞ്ഞുവരികയാണെന്ന് ദീപ് ദാസ്ഗുപ്ത ചൂണ്ടിക്കാട്ടി. പല ടീമുകളും ഓൾറൗണ്ടർമാർക്ക് പകരം സ്പെഷ്യലിസ്റ്റ് ബാറ്റർമാരെയും ബൗളർമാരെയുമാണ് ഉപയോഗിക്കുന്നത്. എന്നാൽ ഈ പ്രതിസന്ധിക്കിടയിലും തന്‍റെ ബാറ്റിംഗ് കൊണ്ടും ബൗളിംഗ് കൊണ്ടും ടീമിൽ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായി നിതീഷ് മാറിയെന്ന് അദ്ദേഹം പറഞ്ഞു.
ഈ ടൂർണമെന്‍റിൽ അധികം ഓൾറൗണ്ടർമാരെ നമ്മൾ കാണുന്നില്ല. നിതീഷ് മാത്രമാണ് ഒരു പൂർണ്ണ ഓൾറൗണ്ടറായി ഉള്ളത്. മധ്യനിരയിൽ നിർണ്ണായക റൺസുകൾ നേടുന്നു, ഒപ്പം മിക്കവാറും എല്ലാ മത്സരങ്ങളിലും മൂന്നോ നാലോ ഓവർ ബൗൾ ചെയ്യുന്നു. ഇത് ടീമിന് നൽകുന്ന ബാലൻസ് ചെറുതല്ലെന്നും ദീപ്ദാസ് ഗുപ്ത ക്രിക് ഇന്‍ഫോയോട് പറഞ്ഞു.
പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിൽ ഹൈദരാബാദിന്‍റെ വിജയത്തിൽ നിതീഷ് നിർണ്ണായക പങ്കുവഹിച്ചിരുന്നു. 13 പന്തിൽ 29 റൺസെടുത്ത നിതീഷ് പവർപ്ലേയിൽ തന്നെ അപകടകാരിയായ പ്രഭ്സിമ്രാൻ സിംഗിനെ പുറത്താക്കി പഞ്ചാബിനെ പ്രതിരോധത്തിലാക്കി. ഹൈ റിസ്ക് ക്രിക്കറ്റ് കളിക്കുന്ന ടീമുകൾക്ക് നിതീഷിനെപ്പോലൊരു താരം ഉണ്ടെങ്കിൽ അഞ്ച് ബൗളിംഗ് ഓപ്ഷനുകളോടെ കളി തുടങ്ങാമെന്നും അത് ബാറ്റിംഗ് നിരയ്ക്ക് കൂടുതൽ കരുത്ത് നൽകുമെന്നും ദീപ്ദാസ് ഗുപ്ത കൂട്ടിച്ചേർത്തു. ഇഷാൻ കിഷനും ക്ലാസനും അർദ്ധസെഞ്ച്വറികൾ നേടിയ മത്സരത്തിൽ പഞ്ചാബിനെ 33 റൺസിന് തോൽപ്പിച്ച് ഹൈദരാബാദ് പോയിന്‍റ് പട്ടികയിൽ ഒന്നാമതെത്തി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!