
ലക്നൗ: ഐപിഎല്ലിലെ നിർണായക മത്സരത്തിൽ ലക്നൗ സൂപ്പർ ജയന്‍റ്സിനോട് 7 വിക്കറ്റിന്‍റെ കനത്ത തോൽവി വഴങ്ങിയെങ്കിലും, ചെന്നൈ സൂപ്പർ കിംഗ്സിന്‍റെ പ്ലേ ഓഫ് പ്രതീക്ഷകൾ തീര്‍ത്തും അവസാനിച്ചിട്ടില്ല. ലക്നൗവിനെതിരാ തോല്‍വിയോടെ പോയിന്‍റ് പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് വീണെങ്കിലും ചെന്നൈ പ്ലേ ഓഫിലെത്താന്‍ ഇനിയും സാധ്യതകള്‍ അവശേഷിക്കുന്നുണ്ട്. നിലവിൽ 12 മത്സരങ്ങളിൽ നിന്ന് 12 പോയിന്‍റുള്ള ചെന്നൈ പോയിന്‍റ് പട്ടികയിൽ ആറാം സ്ഥാനത്താണെങ്കിലും സാങ്കേതികമായി ചെന്നൈ ഇപ്പോഴും പ്ലേ ഓഫ് റേസസില്‍ സജീവമാണ്.
ചെന്നൈക്ക് ഇനി അവശേഷിക്കുന്നത് രണ്ട് ലീഗ് മത്സരങ്ങൾ മാത്രമാണ്. പ്ലേ ഓഫ് ഉറപ്പാക്കാൻ ഈ രണ്ട് മത്സരങ്ങളിലും വൻ മാർജിനിൽ വിജയിക്കുക എന്നതാണ് ചെന്നൈക്ക് പ്ലേ ഓഫിലെത്താനുള്ള മാര്‍ഗം. എന്നാല്‍ അതത്ര എളുപ്പമല്ല, കാരണം പോയിന്‍റ് പട്ടികയില്‍ രണ്ടാമതുള്ള ഗുജറാത്തും മൂന്നാമതുള്ള ഹൈദരാബാദുമാണ് ചെന്നൈയുടെ എതിരാളികള്‍ എന്നതുതന്നെ. ഇതില്‍ ഹൈദരാബാദിനെതിരായ മത്സരം ഹോം മത്സരമാണെങ്കില്‍ അവസാന ലീഗ് മത്സരം ഗുജറത്തിന്‍റെ ഹോം ഗ്രൗണ്ടിലാണെന്നതും വലിയ വെല്ലുവിളിയാണ്.
ഈ രണ്ട് മത്സരങ്ങളും ജയിച്ചാൽ ചെന്നൈക്ക് ലീഗ് ഘട്ടത്തിൽ 16 പോയിന്‍റാകും. ഐപിഎല്ലിന്‍റെ കഴിഞ്ഞ 18 വർഷത്തെ ചരിത്രം പരിശോധിച്ചാൽ 16 പോയിന്‍റ് നേടുന്ന ടീമുകൾ ടോപ്പ്-4ൽ ഇടംപിടിച്ച് പ്ലേ ഓഫ് യോഗ്യത നേടാറുണ്ട്. എന്നാല്‍ ഇത്തവണ 16 പോയിന്‍റ് മാത്രം മതിയാകില്ല ചെന്നൈക്ക് പ്ലേ ഓഫ് ഉറപ്പിക്കാൻ. മറ്റ് ടീമുകളുടെ പ്രകടനവും ചെന്നൈയുടെ വിധി നിശ്ചയിക്കുന്നതില്‍ നിർണായകമാകും. നിലവിലെ സാഹചര്യത്തിൽ ഈ സീസണിൽ ആറ് ടീമുകൾക്ക് 16-ഓ അതിലധികമോ പോയിന്‍റ് നേടാനുള്ള സാധ്യതയുണ്ട്. അതിനാൽ വരും ദിവസങ്ങളിലെ മറ്റ് ടീമുകളുടെ മത്സരഫലങ്ങളും ചെന്നൈയുടെ നെറ്റ് റൺറേറ്റും പ്ലേ ഓഫ് നിർണ്ണയിക്കുന്നതിൽ നിർണായക പങ്കുവഹിക്കും.
മൂന്നാം സ്ഥാനത്തുള്ള ഹൈദരാബാദിനെ ചെന്നൈ തോല്‍പിക്കുകയും അവസാന ലീഗ് മത്സരത്തില്‍ ഹൈദരാബാദ് ബെംഗളൂരുവിനോട് തോല്‍ക്കുകയും ചെന്നൈ അവസാന മത്സരത്തില്‍ ഗുജറാത്തിനെ തോല്‍പിക്കുകയും ചെയ്താല്‍ ചെന്നൈക്ക് പ്ലേ ഓഫിലെത്താനുള്ള വഴി തുറക്കും. ഈ സാഹചര്യത്തില്‍ ചെന്നൈക്ക് 16 പോയിന്‍റും ഹൈദരാബാദിന് 14 പോയിന്‍റും മാത്രമാകും. ഇതിന് പുറമെ നാളെ നടക്കുന്ന മത്സരത്തില്‍ ആര്‍സിബി പഞ്ചാബ് കിംഗ്സിനെ തോല്‍പ്പിക്കുകയും വേണം. ഇതോടെ പഞ്ചാബിന് ലക്നൗവിനെതിരായ അവസാന മത്സരം ജയിച്ചാലും പരമാവധി 15 പോയിന്‍റിലെത്താനെ കഴിയു.
പഞ്ചാബിന്‍റെയും ഹൈദരാബാദിന്‍റെയും ഭീഷണി മറികടന്നാലും രാജസ്ഥാന്‍ റോയല്‍സ് ചെന്നൈക്ക് ഭീഷണി ഉയര്‍ത്താനിടയുണ്ട്. 12 പോയിന്‍റും മൂന്ന് കളികളും ബാക്കിയുള്ള രാജസ്ഥാന്‍ റോയല്‍സ് ഒരു മത്സരത്തിലെങ്കിലും തോല്‍ക്കുകയും നെറ്റ് റണ്‍റേറ്റില്‍ ചെന്നൈയെ മറികടക്കാനാവാതിരിക്കുകയും ചെയ്താലും ചെന്നൈക്ക് പ്ലേ ഓഫിലേക്ക് വഴിതുറക്കും. അവസാന രണ്ട് മത്സരങ്ങളിലൊന്നില്‍ തോറ്റാല്‍ ഈ കണക്കുകൂട്ടുലുകളെല്ലാം മാറി മറിയും. ചെന്നൈ പ്ലേ ഓഫിലെത്താതെ പുറത്താവുകയും ചെയ്യും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!