കാത്തിരിപ്പ് അവസാനിച്ചോ?, സഞ്ജു സാംസൺ കളിക്കുന്ന കാര്യത്തില്‍ നിര്‍ണായക അപ്ഡേറ്റുമായി രാജസ്ഥാന്‍ റോയല്‍സ്

Published : May 15, 2025, 01:30 PM IST
കാത്തിരിപ്പ് അവസാനിച്ചോ?, സഞ്ജു സാംസൺ കളിക്കുന്ന കാര്യത്തില്‍ നിര്‍ണായക അപ്ഡേറ്റുമായി രാജസ്ഥാന്‍ റോയല്‍സ്

Synopsis

ഐപിഎല്ലില്‍ ഏപ്രില്‍ 16ന് നടന്ന ഡല്‍ഹിക്കെതിരായ മത്സരത്തില്‍ ബാറ്റിംഗിനിടെ വാരിയെല്ലിന് പരിക്കേറ്റ സഞ്ജു പിന്നീട് രാജസ്ഥാന് വേണ്ടി കളിച്ചിരുന്നില്ല.

ജയ്പൂര്‍: ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തി സംഘര്‍ഷത്തെത്തുടര്‍ന്ന് നിര്‍ത്തിവെച്ച ഐപിഎല്‍ മത്സരങ്ങള്‍ ശനിയാഴ്ച പനരാരംഭിക്കാനിരിക്കെ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ കളിക്കുന്ന കാര്യത്തില്‍ നിര്‍ണായക അപ്ഡേറ്റുമായി രാജസ്ഥാന്‍ റോയല്‍സ്. നിങ്ങള്‍ കാത്തിരുന്ന വീഡിയോ ഇതാ, എന്ന തലക്കെട്ടില്‍ രാജസ്ഥാന്‍ നെറ്റ്സില്‍ സഞ്ജു അടിച്ചു തകര്‍ക്കുന്ന വീഡിയോ ആണ് രാജസ്ഥാന്‍ പങ്കുവെച്ചത്.

ഐപിഎല്ലില്‍ ഏപ്രില്‍ 16ന് നടന്ന ഡല്‍ഹിക്കെതിരായ മത്സരത്തില്‍ ബാറ്റിംഗിനിടെ വാരിയെല്ലിന് പരിക്കേറ്റ സഞ്ജു പിന്നീട് രാജസ്ഥാന് വേണ്ടി കളിച്ചിരുന്നില്ല. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിനിടെ കൈവിരലിന് പരിക്കേറ്റതിനെത്തുടര്‍ന്ന് ഐപിഎല്ലിലെ ആദ്യ മൂന്ന് കളികളിലും ഇംപാക്ട് പ്ലേയറായി മാത്രമായിരുന്നു സഞ്ജുവിന് കളിച്ചത്. സഞ്ജുവിന്‍റെ അഭാവത്തില്‍ റിയാന്‍ പരാഗ് ആണ് രാജസ്ഥാനെ സീസണിലെ ഭൂരിഭാഗം മത്സരങ്ങളിലും നയിച്ചത്. ആദ്യ മൂന്ന് കളിക്കുശേഷം നായകനായി തിരിച്ചെത്തിയെങ്കിലും സഞ്ജു നയിച്ച നാലു കളികളില്‍ ഒരെണ്ണത്തില്‍ മാത്രമെ രാജസ്ഥാന് ജയിക്കാനായിരുന്നുള്ളു.

ഇതിനിടെയാണ് ഡല്‍ഹിക്കെതിരായ മത്സരത്തില്‍ മികച്ച ഫോമില്‍ ബാറ്റ് ചെയ്യുന്നതിനിടെ വാരിയെല്ലിന് പരിക്കേറ്റ് ബാറ്റിംഗ് തുടരാനാവാതെ സഞ്ജു കയറിപ്പോയത്. പിന്നീട് നടന്ന മത്സരങ്ങളില്‍ അവസാന ഓവറുകളില്‍ മൂന്ന് കളികള്‍ കൈവിട്ട രാജസ്ഥാന്‍റെ പ്ലേ ഓഫ് പ്രതീക്ഷകളും അവസാനിച്ചിരുന്നു. സീസണില്‍ 12 കളികളില്‍ മൂന്നെണ്ണം മാത്രമാണ് രാജസ്ഥാന് ജയിക്കാനായത്. ആറ് പോയന്‍റുമായി പോയന്‍റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണിപ്പോൾ രാജസ്ഥാന്‍.

17ന് പുനരാരംഭിക്കുന്ന ഐപിഎല്ലില്‍ 18ന് ഹോം ഗ്രൗണ്ടില്‍ പഞ്ചാബ് കിംഗ്സിനെതിരെ ആണ് രാജസ്ഥാന്‍റെ അടുത്ത മത്സരം. 20ന് ദില്ലി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെയും രാജസ്ഥാന്‍ അവസാന മത്സരത്തില്‍ നേരിടും. ചെന്നൈക്കെതിരായ മത്സരമായിരിക്കം പോയന്‍റ് പട്ടികയിലെ അവസാന സ്ഥാനക്കാരെ നിശ്ചയിക്കുക എന്നതിനാല്‍ ഇരു ടീമുകള്‍ക്കും ഇത് അഭിമാനപോരാട്ടം കൂടിയാകും.

അവസാന രണ്ട് കളികളിലും ജയിച്ച് പോയന്‍റ് പട്ടികയില്‍ മുന്നേറി ഭേദപ്പെട്ട നിലയില്‍ സീസണ്‍ അവസാനിപ്പിക്കാനായിരിക്കും രാജസ്ഥാന്‍ ശ്രമിക്കുക. സീസണില്‍ ഇതുവരെ ഏഴ് മത്സരങ്ങള്‍ കളിച്ച സഞ്ജു 37.33 ശരാശരിയിലും 143.58 സ്ട്രൈക്ക് റേറ്റിലും 224 റണ്‍സാണ് നേടിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

അഭിഷേകോ ബുമ്രയോ അല്ല, ടി20 ലോകകപ്പില്‍ ഇന്ത്യയുടെ 'എക്സ്' ഫാക്ടറാകുന്ന താരത്തെ പ്രവചിച്ച് ഇര്‍ഫാന്‍ പത്താന്‍
സൂപ്പര്‍ ലീഗ് പ്രതീക്ഷ അവസാനിച്ചു, സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സഞ്ജുവില്ലാതെ കേരളം നാളെ ആസമിനെതിരെ