
കൊല്‍ക്കത്ത: ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്തു നിന്ന് ഗൗതം ഗംഭീറിനെ മാറ്റണോ എന്ന ചോദ്യത്തിന് മറുപടി നല്‍കി മുന്‍ നായകനും ബിസിസിഐ പ്രസിഡന്‍റുമായ സൗരവ് ഗാംഗുലി. കൊല്‍ക്കത്ത ടെസ്റ്റില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയോട് തോറ്റ പശ്ചാത്തലത്തിലായിരുന്നു മാധ്യമങ്ങള്‍ ഗംഭീറിനെ മാറ്റേണ്ടതുണ്ടോ എന്ന് മുന്‍ നായകനോട് ചോദിച്ചത്. ഗംഭീര്‍ പരിശീലകനായശേഷം നാട്ടില്‍ കളിച്ച ആറ് ടെസ്റ്റില്‍ നാലിലും ഇന്ത്യ തോറ്റിരുന്നു. കൊല്‍ക്കത്തയില്‍ സ്പിന്‍ പിച്ചൊരുക്കാന്‍ ഇന്ത്യൻ ടീം നിര്‍ദേശിച്ചിരുന്നുവെന്നും ഗാംഗുലി പറഞ്ഞിരുന്നു.
ഗൗതം ഗംഭീറിനെയും ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിനെയും ഇപ്പോള്‍ പുറത്താക്കേണ്ട കാര്യമില്ല. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഗംഭീറും ഗില്ലും ഗംഭീര പ്രകടനമാണ് പുറത്തെടുത്തതെന്നും ഗാംഗുലി പറഞ്ഞു. ഇംഗ്ലണ്ടിലെ മികച്ച ബാറ്റിംഗ് വിക്കറ്റുകളില്‍ ഗംഭീറും ഗില്ലും മികവ് കാട്ടിയിട്ടുണ്ട്. ഇന്ത്യയിലും മികച്ച ബാറ്റിംഗ് വിക്കറ്റ് കിട്ടിയാല്‍ അവര്‍ക്ക് മികവ് കാട്ടാനാകും. കൊല്‍ക്കത്തയിലെ പിച്ച് തയാറാക്കിയതില്‍ ക്യൂറേറ്റര്‍ക്ക് പിഴവ് പറ്റിയിട്ടില്ല. മത്സരത്തിന് നാലുദിവസം മുമ്പ് ബിസിസിഐ ക്യൂറേറ്റര്‍ക്ക് പിച്ചിന്‍റെ ചുമതല കൈമാറുകയാണ് ലോക്കല്‍ ക്യൂറേറ്റര്മാര്‍ ചെയ്യുക.
കൊല്‍ക്കത്തയിലും അതുതന്നെയാണ് സംഭവിച്ചത്. ഈഡന്‍ ഗാര്‍ഡന്‍സിലെ ക്യൂറേറ്ററായ സുജന്‍ മുഖര്‍ജി ഇന്ത്യൻ ടീം മാനേജ്മെന്‍റിന്‍റെയും ബിസിസിഐ ചീഫ് ക്യൂറേറ്ററുടെയും നിര്‍ദേശത്തിനനുസരിച്ചാണ് പിച്ച് തയാറാക്കിയത്. ബിസിസിഐ നിര്‍ദേശിക്കുമ്പോള്‍ അതിനനുസരിച്ചുള്ള പിച്ച് മാത്രമെ തയാറാക്കാന്‍ ക്യൂറേറ്റര്‍ക്ക് കഴിയു. കൊല്‍ക്കത്തയിലെ പിച്ച് നിലവാരത്തിനൊത്തുയര്‍ന്നില്ലെന്ന കാര്യം അംഗീകരിക്കുന്നു. ഇന്ത്യൻ ടീം ഇതിനെക്കാള്‍ മികച്ച പിച്ച് അര്‍ഹിക്കുന്നു. പക്ഷെ ചിലപ്പോള്‍ കാര്യങ്ങള്‍ നമ്മുടെ നിയന്ത്രണത്തിലായിരിക്കില്ല. ടീം മാനേജ്മെന്‍റിന്‍റെയോ കോച്ചിന്‍റെയോ ക്യാപ്റ്റന്‍റെയോ നിര്‍ദേശങ്ങള്‍ ലോക്കല്‍ ക്യൂറേറ്റര്‍ക്ക് അവഗണിക്കാനാവില്ലെന്നും ഗാംഗുലി പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക