
മുംബൈ: വനിതാ ഏകദിന ലോകകപ്പില്‍ കിരീടം നേടിയ ഇന്ത്യൻ ടീമിന് മുന്നറിയിപ്പുമായി മുന്‍ ഇന്ത്യൻ താരം സുനില്‍ ഗവാസ്കര്‍. വനിതാ ലോകകപ്പില്‍ കിരീടം നേടിയ ഇന്ത്യൻ ടീമിന് ബിസിസിഐയും സംസ്ഥാന സര്‍ക്കാരുകളും പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ബിസിസിഐ 51 കോടി രൂപയാണ് ഇന്ത്യൻ ടീമിന് പാരിതോഷികം പ്രഖ്യാപിച്ചത്. ഇതിന് പുറമെ വിവിധ സംസ്ഥാന അസോസിയേഷനുകളും താരങ്ങള്‍ക്ക് വന്‍തുക പാരിതോഷികം പ്രഖ്യാപിച്ചു.
എന്നാല്‍ ഇതിനെല്ലാം പുറമെ ചില സ്വകാര്യ ഏജന്‍സികളും വ്യക്തികളും ബ്രാന്‍ഡുകളും പരസ്യ കമ്പനികളുമെല്ലാം താരങ്ങള്‍ക്ക് പാരിതോഷികം പ്രഖ്യാപിക്കാനിടയുണ്ടെന്നും അവര്‍ പ്രഖ്യാപിക്കുന്ന വ്യാജ വാഗ്ദാനങ്ങളില്‍ വീണുപോവരുതെന്നും വനിതാ താരങ്ങളോട് ഗവാസ്കര്‍ പറഞ്ഞു. അവര്‍ നിങ്ങളുടെ പേര് അവരുടെ പരസ്യത്തിനായി ഉപയോഗിക്കും. പലതും വാഗ്ദാനം ചെയ്യും. എന്നാല്‍ അതൊന്നും കിട്ടണമെന്നില്ലെന്നും 1983ലെ ഏകദിന ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന്‍റെ അനുഭവം വെച്ചാണ് താനിത് പറയുന്നതെന്നും ഗവാസ്കര്‍ മിഡ് ഡേ പത്രത്തിലെഴുതിയ കോളത്തില്‍ പറഞ്ഞു.
പാരിതോഷികം പ്രഖ്യാപിക്കുന്നവരുടെ ലക്ഷ്യം അവരുടെ പബ്ലിസിറ്റിയും അവരുടെ ബ്രാന്‍ഡിന്‍റെ പരസ്യവും മാത്രമാണ്. അതുകൊണ്ട് തന്നെ ടീമിന്‍റെയോ കളിക്കാരുടെ വ്യക്തിഗത സ്പോണ്‍സര്‍മാരുടെയോ അല്ലാത്ത വാഗ്ദാനങ്ങളില്‍ കളിക്കാര്‍ വീണുപോവരുത്. ഇന്ത്യക്ക് ലോക കിരീടം സമ്മാനിച്ച താരങ്ങളെ ആദരിക്കുകയല്ല അവരുടെയൊന്നും ലക്ഷ്യമെന്നും ഗവാസ്കര്‍ വ്യക്തമാക്കി.
1983ലെ ഏകദിന ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന് ഇത്തരത്തില്‍ പല വാഗ്ദാനങ്ങളും ലഭിച്ചിരുന്നു. മാധ്യമങ്ങളിലും വ്യാപക പ്രചാരം ലഭിച്ചു. ഇക്കാര്യത്തില്‍ മാധ്യമങ്ങളെ കുറ്റം പറയാനാവില്ല. കാരണം അവരും തിരിച്ചറിയുന്നില്ല, നാണമില്ലാത്ത ഈ ആളുകള്‍ അവരെ ഉപയോഗിക്കുകയാണെന്ന്. പക്ഷെ പാരിതോഷികം പ്രഖ്യാപിച്ച പലരും അതൊന്നും നല്‍കിയില്ല.അതുകൊണ്ട് തന്നെ ലോകകപ്പ് കിരീടം നേടിയ വനിതാ ടീമിനോട് ഒന്നേ പറയാനുള്ളു, ഒരിക്കലും ഈ നാണമില്ലാത്തവരുടെ ചതിക്കുഴികളില്‍ വീണുപോവരുതെന്നും ഗവാസ്കര്‍ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!