
മുംബൈ: ക്യാപ്റ്റൻ വിരാട് കോലിയും വൈസ് ക്യാപ്റ്റൻ രോഹിത് ശർമയുമില്ലാതെ ജൂലൈയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ശ്രീലങ്കയിലേക്ക് നടത്തുന്ന പര്യടനത്തിൽ ആരാവും ഇന്ത്യയെ നയിക്കുക എന്ന ആകാംക്ഷയിലാണ് ആരാധകർ. ശ്രീലങ്കക്കെതിരെ മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20യും അടങ്ങിയ പരമ്പരയിലാണ് ഇന്ത്യ കളിക്കുന്നത്. ഇംഗ്ലണ്ടിലായിരിക്കുമെന്നതിനാൽ കോലിക്കും രോഹിത്തിനും പുറമെ റിഷഭ് പന്ത്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി തുടങ്ങിയ പ്രമുഖരും ശ്രീലങ്കക്കെതിരായ പരമ്പരയിൽ കളിക്കില്ല.
ഏകദിന-ടി20 സ്പെഷലിസ്റ്റുകളായ കളിക്കാരായിരിക്കും ശ്രീലങ്കക്കെതിരായ പരമ്പരയിൽ കളിക്കുക. ഈ സാഹചര്യത്തിൽ ഇന്ത്യയെ നയിക്കാനിടയുള്ള രണ്ടുപേരെ തെരഞ്ഞെടുത്തിരിക്കുകയാണ് മുൻ ഇന്ത്യൻ താരം കൂടിയായ ദീപ് ദാസ് ഗുപ്ത. ടീമിലെ സീനിയർ താരങ്ങളായ ശിഖർ ധവാനോ ഭുവനേശ്വർ കുമാറോ ആകും ശ്രീലങ്കക്കെതിരെ ഇന്ത്യയെ നയിക്കുകയെന്ന് ദീപ് ദാസ് ഗുപ്ത പറഞ്ഞു.
കോലിയും രോഹിത്തും രാഹുലും ഇല്ലാത്ത സാഹചര്യത്തിൽ ധവാൻ തന്നെയാകും ഇന്ത്യയെ നയിക്കുക. ഭുവനേശ്വർ കുമാർ കായികക്ഷമത തെളിയിച്ചാൽ അദ്ദേഹവും ക്യാപ്റ്റനാവാൻ സാധ്യതയുള്ള കളിക്കാരനാണ്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമിലേക്ക് ഭുവനേശ്വറിനെ പരിഗണിക്കാതിരുന്നതിൽ അത്ഭുതമില്ലെന്നും ദീപ് ദാസ് ഗുപ്ത പറഞ്ഞു.
ഇംഗ്ലണ്ടിലെ സാഹചര്യങ്ങളിൽ ഭുവിക്ക് തിളങ്ങാനാവുമെങ്കിലും കഴിഞ്ഞ രണ്ട്-രണ്ടര വർഷമായി അദ്ദേഹം ടെസ്റ്റ് ക്രിക്കറ്റിലോ രഞ്ജി ട്രോഫിയിലോ കളിച്ചിട്ടില്ല. മാത്രമല്ല പരിക്കും അദ്ദേഹത്തെ അലട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് സെലക്ടർമാർ അദ്ദേഹത്തെ ഒഴിവാക്കിയതെന്നും ദീപ് ദാസ് ഗുപ്ത പറഞ്ഞു.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ചെങ്കിലും ശ്രീലങ്കക്കെതിരായ ഏകദിന-ടി20 പരമ്പരകൾക്കുള്ള ടീമിനെ ഇതുവരെ സെലക്ടർമാർ പ്രഖ്യാപിച്ചിട്ടില്ല.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!