വിവാദ സ്പിന്നര്‍ ഉസ്മാന്‍ താരിഖിന് മൂന്ന് വിക്കറ്റ്; അമേരിക്കയേയും തീര്‍ത്ത് പാകിസ്ഥാന്‍, ജയം 32 റണ്‍സിന്

Published : Feb 10, 2026, 10:39 PM IST
Usman Tariq

Synopsis

ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ സഹിബ്‌സാദ ഫർഹാന്റെ (73) മികവിൽ 190 റൺസ് നേടിയപ്പോൾ, മറുപടി ബാറ്റിംഗിൽ അമേരിക്കയ്ക്ക് 158 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. 

കൊളംബോ: ടി20 ലോകകപ്പില്‍ പാകിസ്ഥാന് രണ്ടാം ജയം. അമേരിക്കയ്‌ക്കെതിരെ 32 റണ്‍സിന്റെ ജയമാണ് പാകിസ്ഥാന്‍ സ്വന്തമാക്കിയത്. കൊളംബോ, സിംഹളീസ് സ്‌പോര്‍ട്‌സ് ക്ലബില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാന്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സാണ് നേടിയത്. സഹിബ്‌സാദ ഫര്‍ഹാന്‍ (41 പന്തില്‍ 73) അര്‍ധ സെഞ്ചുറി നേടി. മറുപടി ബാറ്റിംഗില്‍ അമേരിക്കയ്ക്ക് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുക്കാനാണ് സാധിച്ചത്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഉസ്മാന്‍ താരിഖ്, രണ്ട് പേരെ പുറത്താക്കിയ ഷദാബ് ഖാന്‍ എന്നിവരാണ് അമേരിക്കയെ തകര്‍ത്തത്.

മികച്ച തുടക്കം ലഭിച്ചിരുന്നു അമേരിക്കയ്ക്ക്. ഒന്നാം വിക്കറ്റില്‍ ഷയാന്‍ ജഹാന്‍ഗിര്‍ - ആന്‍ഡ്രീസ് ഗൗസ് (13) സഖ്യം 42 റണ്‍സ് ചേര്‍ത്തിരുന്നു. എന്നാല്‍ അഞ്ചാം ഓവറില്‍ കൂട്ടുകെട്ട് പൊളിഞ്ഞു. ഗൗസിനെ മുഹമ്മദ് നവാസ് പുറത്താക്കി. തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ മൊനാങ്ക് പട്ടേലിന് മൂന്ന് റണ്‍സെടുക്കാന്‍ മാത്രാണ് സാധിച്ചത്. പിന്നാലെ ജഹാന്‍ഗിറും മടങ്ങി. 34 പന്തുകള്‍ നേരിട്ട താരം 49 റണ്‍സ് നേടി. മിലിന്ദ് കുമാര്‍ (29) - ശുഭം രഞ്ജാനെ സഖ്യം 54 റണ്‍സ് കൂട്ടിചേര്‍ത്തെങ്കിലും തോല്‍വി ഭാരം കുറയ്ക്കാന്‍ മാത്രമാണ് സാധിച്ചത്.

മിലിന്ദ് 16-ാം ഓവറില്‍ മടങ്ങി. സഞ്ജയ് കൃഷ്ണമൂര്‍ത്തി (0), ഹര്‍മീത് സിംഗ് (6), മുഹമ്മദ് മുഹസിന്‍ (0) എന്നിവര്‍ക്ക് തിളങ്ങാനായതുമില്ല. രഞ്ജാനെ (51) അവസാന ഓവറില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. മൂന്ന് വീതം സിക്‌സും ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. ഷാഡ്‌ലി ഷാല്‍ക്‌വിക്ക് (1) - എഹ്‌സാന്‍ ആദില്‍ (1) പുറത്താവാത നിന്നു. നേരത്തെ പാകിസ്ഥാന് വേണ്ടി ഫര്‍ഹാന് പുറമെ ബാബര്‍ അസം (32 പന്തില്‍ 46), ഷദാബ് ഖാന്‍ (12 പന്തില്‍ 30) എന്നിവരും തിളങ്ങി. സെയിം അയൂബാണ് (19) രണ്ടക്കം കണ്ട മറ്റൊരു താരം. അമേരിക്കയ്ക്ക് വേണ്ടി ഷാഡ്‌ലി ഷാല്‍ക്‌വിക്ക് നാല് വിക്കറ്റ് നേടി. നാല് ഓവറില്‍ 25 റണ്‍സ് മാത്രമാണ് താരം വിട്ടുകൊടുത്തത്. ഇന്ത്യക്കെതിരേയും നാല് വിക്കറ്റ് വീഴ്ത്തിയിരുന്നു.

മികച്ച തുടക്കമായിരുന്നു പാകിസ്ഥാന്. ഫര്‍ഹാനൊപ്പം ഓപ്പണിംഗ് വിക്കറ്റില്‍ 54 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാന്‍ അയൂബിന് സാധിച്ചിരുന്നു. എന്നാല്‍ ആറാം ഓവറില്‍ കൂട്ടുകെട്ട് പൊളിഞ്ഞു. അയൂബിനെ ഷാഡ്‌ലി ഷാല്‍ക്‌വിക്ക് മടക്കി. അതേ ഓവറില്‍ ക്യാപ്റ്റന്‍ സല്‍മാന്‍ അഗയും (1) പുറത്തായി. പിന്നാലെ ഫര്‍ഹാന്‍ - ബാബര്‍ സഖ്യം 81 റണ്‍സ് കൂട്ടിചേര്‍ത്തു. തുടക്കത്തില്‍ ബാബര്‍ റണ്‍സ് കണ്ടെത്താന്‍ വിഷമിച്ചെങ്കിലും പിന്നീട് അക്രമിച്ച് കളിച്ചു. 15-ാം ഓവറില്‍ ബാബര്‍ മടങ്ങി. 16-ാം ഓവറില്‍ ഫര്‍ഹാനും മടങ്ങി. അഞ്ച് സിക്‌സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്.

പിന്നീട് വന്നവരില്‍ ഷദാബ് മാത്രമാണ് പിടിച്ചുനിന്നത്. മുഹമ്മദ് നവാസ് (5), ഫഹീം അഷ്‌റഫ് (1), ഉസ്മാന്‍ ഖാന്‍ (0), അബ്രാര്‍ അഹമ്മദ് (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഷഹീന്‍ അഫ്രീദി (9) പുറത്താവാതെ നിന്നു. ഒരു മാറ്റവുമായിട്ടാണ് പാകിസ്ഥാന്‍ ഇറങ്ങുന്നത്. സല്‍മാന്‍ മിര്‍സയ്ക്ക് പകരം വിവാദ സ്പിന്നര്‍ ഉസ്മാന്‍ താരിഖിനെ ടീമില്‍ ഉള്‍പ്പെടുത്തി. അമേരിക്ക രണ്ട് മാറ്റം വരുത്തി അലി ഖാന് പകരം എഹ്‌സാന്‍ ആദില്‍ ടീമിലെത്തി. സായ്‌തേജ മുക്കാമല്ലയും പുറത്തായി. ഷയാന്‍ ജഹാഗിര്‍ പകരം ടീമിലെത്തി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

സഞ്ജുവിന് കഴിയാത്തത് ഷറഫു അടിച്ചെടുത്തു; കണ്ണൂര്‍, പഴയങ്ങാടിക്കാരന്‍ ഇനി യുഎഇ ക്രിക്കറ്റിന്റെ ഭാവിതാരം
തുടക്കം ഇഷാന്‍ കിഷനില്‍ നിന്ന്; തിളങ്ങിയിട്ടും ബിസിസിഐ വാര്‍ഷിക കരാറില്‍ ഇടം ലഭിക്കാതെ പോയ അഞ്ച് താരങ്ങള്‍