തിലക് വര്‍മയുടെ ഹീറോയിസത്തിനും ഇന്ത്യയെ രക്ഷിക്കാനായില്ല; ഓസീസിനെതിരെ തോല്‍വി, പരമ്പരയില്‍ ഒപ്പത്തിനൊപ്പം

Published : Oct 04, 2025, 11:05 AM IST
Tilak Scored 94 Against Australia

Synopsis

ഇന്ത്യ എ ടീമിനെതിരായ രണ്ടാം ഏകദിനത്തിൽ ഓസ്‌ട്രേലിയ എ ടീമിന് ഒമ്പത് വിക്കറ്റിന്റെ തകർപ്പൻ ജയം. തിലക് വർമയുടെ (94) ഇന്നിംഗ്‌സിനും ഇന്ത്യയെ രക്ഷിക്കാനായില്ല.

കാണ്‍പൂര്‍: ഇന്ത്യ എ ടീമിനെതിരായ രണ്ടാം ഏകദിനത്തില്‍ ഓസ്‌ട്രേലിയ എ ടീമിന് ഒമ്പത് വിക്കറ്റ് ജയം. ടോസ് നേടി ബാറ്റിംഗിനെത്തിയ ഇന്ത്യ 45.5 ഓവറില്‍ 246ന് എല്ലാവരും പുറത്തായിരുന്നു. 94 റണ്‍സ് നേടിയ തിലക് വര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 54 റണ്‍സ് നേടിയ റിയാന്‍ പരാഗും തിളങ്ങി. മറുപടി ബാറ്റിംഗില്‍ ഓസ്‌ട്രേലിയ 5.5 ഓവറില്‍ 48 റണ്‍സെടുത്ത് നില്‍ക്കെ മഴ കളി തടസപ്പെടുത്തി. മത്സര പുനരാരംഭിച്ചപ്പോള്‍ ഓസ്‌ട്രേലിയയുടെ വിജയലക്ഷ്യം 25 ഓവറില്‍ 160 റണ്‍സാക്കി പുതുക്കി നിശ്ചയിച്ചു. 16.4 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഓസീസ് ലക്ഷ്യം മറികടന്നു.

ജേക്ക് ഫ്രേസര്‍-മക്ഗുര്‍കിന്റെ (20 പന്തില്‍ 36) വിക്കറ്റ് മാത്രമാണ് ഓസീസിന് നഷ്ടമായത്. മക്കെന്‍സി ഹാര്‍വി (49 പന്തില്‍ 70), കൂപ്പര്‍ കൊനോലി (31 പന്തില്‍ 50) എന്നിവര്‍ പുറത്താവാതെ, അനായാസം ടീമിനെ വിജയത്തിലേക്ക് നയിച്ചു. മികച്ച തുടക്കമായിരുന്ന ഓസീസിന്. ഒന്നാം വിക്കറ്റില്‍ ഹാര്‍വി - മക്ഗുര്‍ക് സഖ്യം 57 റണ്‍സ് ചേര്‍ത്തു. മക്ഗുര്‍ക്കിനെ നിശാന്ത് സിന്ധു പുറത്താക്കിയെങ്കിലും കൊനോലിയെ കൂട്ടുപിടിച്ച്, ഹാര്‍വി ടീമിനെ വിജയത്തിലേക്ക് നയിച്ചു. ഇരുവരും 103 റണ്‍സാണ് കൂട്ടിചേര്‍ത്തത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇരുവരും 1-1ന് ഒപ്പമെത്തി.

കാണ്‍പൂര്‍, ഗ്രീന്‍ പാര്‍ക്കില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യയെ നാല് വിക്കറ്റ് നേടിയ ജാക്ക് എഡ്വേര്‍ഡ്‌സാണ് താരതമ്യേന ചെറിയ സ്‌കോറില്‍ ഒതുക്കിയത്. വില്‍ സതര്‍ലന്‍ഡ്, തന്‍വീര്‍ സംഗ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി. ടോസ് നേടി ബാറ്റിംഗ് ചെയ്യാനുള്ള ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ തീരുമാനം തെറ്റെന്ന് തെളിയിക്കുന്ന രീതിയിലായിരുന്നു ഇന്ത്യയുടെ തുടക്കം. രണ്ടാം ഓവറില്‍ തന്നെ അഭിഷേക് ശര്‍മ ഗോള്‍ഡന്‍ ഡക്കായി. സതലന്‍ഡിന് ക്യാച്ച് നല്‍കിയാണ് അഭിഷേക് മടങ്ങിയത്. ഏഷ്യാ കപ്പില്‍ പുറത്തെടുത്ത മിന്നുന്ന പ്രകടനം ആവര്‍ത്തിക്കാന്‍ അഭിഷേകിന് സാധിച്ചില്ല. തൊട്ടടുത്ത ഓവറില്‍ പ്രഭ്സിമ്രാന്‍ സിംഗും മടങ്ങി. 10 പന്തുകളില്‍ നിന്ന് ഒരു റണ്‍സെടുക്കാന്‍ മാത്രമാണ് പ്രഭ്സിമ്രാന് കഴിഞ്ഞത്. തുടര്‍ന്ന് ക്രീസിലെത്തിയ ശ്രേയസ് അയ്യര്‍ എട്ട് റണ്‍സെടുത്ത് മടങ്ങി. എഡ്വേര്‍ഡ്സിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു ശ്രേയസ്. ഇതോടെ മൂന്നിന് 17 എന്ന നിലയിലായി ഇന്ത്യ.

പിന്നീട് പരാഗ് - തിലക് സഖ്യം 101 റണ്‍സ് കൂട്ടിചേര്‍ത്തു. ഈ കൂട്ടുകെട്ടാണ് കൂട്ടതകര്‍ച്ച ഒഴിവാക്കിയത്. എന്നാല്‍ പരാഗിനെ പുറത്താക്കി ഓസീസ് മത്സരത്തിലേക്ക് തിരിച്ചെത്തി. ഇതോടെ നാലിന് 118 എന്ന നിലയിലായി ഇന്ത്യ. ശേഷം, വീണ്ടും തകര്‍ച്ച. നിശാന്ത് സിന്ധു (1), സൂര്യന്‍ഷ് ഷെഡ്‌ഗെ (10), ഹര്‍ഷിത് റാണ (21), യുധ്വീര്‍ സിംഗ് (4) തിലകിന് പിന്തുണ നല്‍കാനുള്ള ശ്രമം പോലും നടത്തിയില്ല. വാലറ്റത്ത് രവി ബിഷ്ണോയിയുടെ (30 പന്തില്‍ 26) പ്രകടനം നിര്‍ണായകമായി. തിലകിനൊപ്പം 34 റണ്‍സാണ് ബിഷ്ണോയ് ചേര്‍ത്തത്.

ബിഷ്ണോയ് 42-ാം ഓവറില്‍ മടങ്ങിയെങ്കിലും അര്‍ഷ്ദീപ് സിംഗിനെ കൂട്ടുപിടിച്ച് തിലക് മാന്യമായ സ്‌കോറിലേക്ക് നയിച്ചു. എന്നാല്‍ സെഞ്ചുറി പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. 46-ാം ഓവറില്‍ പുറത്തായി. നാല് സിക്സും അഞ്ച് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്സ്. ഏഷ്യാ കപ്പില്‍ കളിച്ച അഭിഷേക്, തിലക് എന്നിവര്‍ക്ക് പുറമെ ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിംഗ് എന്നിവരും ഇന്ത്യന്‍ ടീമില്‍ ഇടം കണ്ടെത്തി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ന്യൂസിലന്‍ഡിന്‍റെ തകര്‍ച്ചക്ക് തുടക്കമിട്ടത് സഞ്ജുവിന്‍റെ ബ്രില്യൻസ്, പറക്കും ക്യാച്ച്, പിന്നാലെ രണ്ട് ഭീമാബദ്ധങ്ങളും
ഇന്ത്യ-ന്യൂസിലൻഡ് കാര്യവട്ടം ടി20: വിദ്യാർത്ഥികൾക്ക് ടിക്കറ്റ് നിരക്കിൽ വന്‍ ഇളവ് പ്രഖ്യാപിച്ച് കെസിഎ