പൊരുതിയത് തിലക് വര്‍മ മാത്രം, അടിതെറ്റി വീണ് ഇന്ത്യ, രണ്ടാം ടി20യില്‍ വമ്പന്‍ ജയവുമായി ദക്ഷിണാഫ്രിക്ക, പരമ്പരയില്‍ ഒപ്പം

Published : Dec 11, 2025, 10:53 PM IST
India vs South Africa

Synopsis

34 പന്തില്‍ 62 റണ്‍സുമായി പൊരുതി തിലക് വര്‍മയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ജിതേഷ് ശര്‍മ 17 പന്തില്‍ 27 റണ്‍സടിച്ചപ്പോള്‍ അക്സര്‍ പട്ടേല്‍ 21 റണ്‍സെടുത്തു.

മുള്ളൻപൂര്‍: അര്‍ധസെഞ്ചുറിയുമായി പൊരുതിയ തിലക് വര്‍മയുടെ ഒറ്റയാള്‍ പോരാട്ടത്തിനും ഇന്ത്യയെ വമ്പന്‍ തോല്‍വിയില്‍ നിന്ന് രക്ഷിക്കാനായില്ല, ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടി20യില്‍ ഇന്ത്യ 51 റണ്‍സിന്‍റെ വമ്പന്‍ തോല്‍വി വഴങ്ങി. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സെടുത്തപ്പോള്‍ ഇന്ത്യ 19.1 ഓവറില്‍ 162 റണ്‍സിന് ഓള്‍ ഔട്ടായി. 34 പന്തില്‍ 62 റണ്‍സുമായി പൊരുതിയ തിലക് വര്‍മയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ജിതേഷ് ശര്‍മ 17 പന്തില്‍ 27 റണ്‍സടിച്ചപ്പോള്‍ അക്സര്‍ പട്ടേല്‍ 21 റണ്‍സെടുത്തു. 

വൈസ് ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്‍ ഗോള്‍ഡന്‍ ഡക്കായപ്പോള്‍ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ് നാലു പന്തില്‍ അഞ്ച് റണ്‍സെടുത്ത് മടങ്ങി. അഭിഷേക് ശര്‍മ 8 പന്തില്‍ 17 റണ്‍സെടുത്തു. ജയത്തോടെ അഞ്ച് മത്സര പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 1-1ന് ഒപ്പമെത്തി. ദക്ഷിണാഫ്രിക്കക്കായി ഓട്ട്നീല്‍ ബാര്‍ട്മാന്‍ നാലു വിക്കറ്റെടുത്തപ്പോള്‍ മാര്‍ക്കോ യാന്‍സനും ലുതോ സിംപാലയും ലുങ്കി എന്‍ഗിഡിയും രണ്ട് വിക്കറ്റ് വീതമെടുത്തു. പരമ്പരയിലെ മൂന്നാം മത്സരം ഞായറാഴ്ച ധരംശാലയില്‍ നടക്കും. സ്കോര്‍ ദക്ഷിണാഫ്രിക്ക 20 ഓവറില്‍ 213-4, ഇന്ത്യ 19.1 ഓവറില്‍ 162 ന് ഓള്‍ ഔട്ട്.

അടിതെറ്റി ആദ്യം മുതലെ

വമ്പന്‍ വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യക്ക് അഭിഷേക് ശര്‍മ ആദ്യ ഓവറില്‍ സിക്സ് അടിച്ച് നല്ല തുടക്കമിട്ടെങ്കിലും അഞ്ചാം പന്തില്‍ ശുഭ്മാന്‍ ഗില്‍ ഗോള്‍ഡന്‍ ഡക്കായി മടങ്ങി. ആദ്യ ഓവറിലെ വിക്കറ്റ് വീണതോടെ മൂന്നാം നമ്പറില്‍ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവിന് പകരം അക്സര്‍ പട്ടേലാണ് എത്തിയത്. അക്സറും അഭിഷേക് ശര്‍മയും ചേര്‍ന്ന് ഇന്ത്യക്ക് പ്രതീക്ഷ നല്‍കിയെങ്കിലും രണ്ടാം ഓവറിലെ അവസാന പന്തില്‍ അഭിഷേകിനെ വീഴ്ത്തിയ യാന്‍സന്‍ ഇന്ത്യക്ക് രണ്ടാം പ്രഹരമേല്‍പ്പിച്ചു. ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ് വന്നതും പോയതും പെട്ടെന്നായിരുന്നു. യാന്‍സനെ ബൗണ്ടറിയടിച്ച് തുടങ്ങിയ സൂര്യകുമാര്‍ യാദവ് യാന്‍സന്‍റെ പന്തില്‍ തന്നെ വീണു. 32-3 എന്ന നിലയില്‍ പതറിയ ഇന്ത്യ പവര്‍ പ്ലേയില്‍ 50 കടന്നത് തിലക് വര്‍മയുടെ മിന്നലടികളുടെ മികവിലാണ്. എട്ടാം ഓവറിൽ അക്സറും(21 പന്തില്‍ 21) വീണതോടെ ഇന്ത് 67-4ലേക്ക് വീണു.

കഴിഞ്ഞ മത്സരത്തിലെ ബാറ്റിംഗ് ഹീറോ ആയ ഹാര്‍ദ്ദിക് ആയിരുന്നു പിന്നീട് ക്രീസിലെത്തിയത്. എന്നാല്‍ പാണ്ഡ്യക്ക് താളം കണ്ടെത്താന്‍ കഴിയാതിരുന്നതോടെ ഇന്ത്യ കിതച്ചു. ഒരറ്റത്ത് തിലക് തകര്‍ത്തടിച്ചെങ്കിലും മറുവശത്ത് ഹാര്‍ദ്ദിക്കിന് റണ്ണടിക്കാനാവാതിരുന്നത് ഇന്ത്യക്ക് തിരിച്ചടിയായി. 27 പന്തില്‍ തിലക് അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കിയതിന് പിന്നാലെ സ്കോറിംഗ് നിരക്കിന്‍റെ സമ്മർദ്ദത്തില്‍ ഹാര്‍ദ്ദിക്കും മടങ്ങി.ഒരു ലൈഫ് ലഭിച്ചതിന് തൊട്ടു പിന്നാലെ സിംപാലയുടെ പന്തില്‍ ബ്രെവിസിന് ക്യാച്ച് നല്‍കിയാണ് ഹാര്‍ദ്ദിക്(23 പന്തില്‍ 20) പുറത്തായത്.

ജിതേഷേ ശര്‍മ തകര്‍പ്പനടികളോടെ ഫിനിഷ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും ലക്ഷ്യം ഏറെ അകലെയായിരുന്നു. 17 പന്തില്‍ 27 റണ്‍സെടുത്ത ജിതേഷ് വീണതിന് പിന്നാലെ ഒട്നീല്‍ ബാര്‍ട്‌മാന്‍റെ ഒരോവറില്‍ ശിവം ദുബെ(1), അര്‍ഷ്ദീപ് സിംഗ്(4), വരുണ്‍ ചക്രവര്‍ത്തി(0) എന്നിവര്‍ പുറത്തായി. ഒടുവില്‍ അവസാന ഓവറിലെ ആദ്യ പന്തില്‍ തിലക് വര്‍മയും(34 പന്തില്‍ 62) വീണതോടെ ഇന്ത്യയുടെ പതനം പൂര്‍ത്തിയായി. ദക്ഷിണാഫ്രിക്കക്കായി ഒട്ട്‌നീല്‍ ബാര്‍ട്മാന്‍ 24 റണ്‍സിന് നാലു വിക്കറ്റെടുത്തപ്പോള്‍ എന്‍ഗിഡിയും യാന്‍സനും സിംപാലയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഓപ്പണര്‍ ക്വിന്‍റണ്‍ ഡി കോക്കിന്‍റെ വെടിക്കെട്ട് അര്‍ധ സെഞ്ചുറിയുടെ കരുത്തിലാണ് കൂറ്റൻ സ്കോര്‍ ഉയര്‍ത്തിയത്. 46 പന്തില്‍ 90 റണ്‍സടിച്ച ഡി കോക്ക് ആണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍. ക്യാപ്റ്റൻ ഏയ്ഡന്‍ മാര്‍ക്രം 26 പന്തില്‍ 29 റണ്‍സടിച്ചപ്പോള്‍ ഡേവിഡ് മില്ലര്‍ 12 പന്തില്‍ 20 റണ്‍സോടെയും ഡൊണോവന്‍ ഫെരേര 16 പന്തില്‍ 30 റണ്‍സോടെയും പുറത്താകാതെ നിന്നു. ഇന്ത്യക്കായി വരുണ്‍ ചക്രവര്‍ത്തി രണ്ട് വിക്കറ്റെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അഭിഷേക് ശര്‍മയോട് സഹതാരങ്ങള്‍ക്ക് 'അസൂയ'; കാരണം വ്യക്തമാക്കി സഞ്ജു
ലോകകപ്പ് കളിക്കാന്‍ ബാബര്‍ അസം പരിക്ക് മറച്ചുവച്ചു? ആരോപണവുമായി സെലക്ഷന്‍ കമ്മിറ്റി അംഗം