സൂപ്പര്‍നോവാസിനെ തകര്‍ത്തു; വനിത ടി20 ചലഞ്ച് ട്രെയ്ല്‍ബ്ലേസേഴ്‌സിന്

By Web TeamFirst Published Nov 9, 2020, 11:17 PM IST
Highlights

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ട്രെയ്ല്‍ബ്ലേസേഴ്‌സ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ സൂപ്പര്‍നോവാസിന് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 102 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്.

ഷാര്‍ജ: വനിത ടി20 ചലഞ്ച് കിരീടം ട്രെയ്ല്‍ബ്ലേസേഴ്‌സിന്. നിലവിലെ ചാംപ്യന്മാരായ സൂപ്പര്‍നോവാസിനെ 16 റണ്‍സിന് തോല്‍പ്പിച്ചാണ് ട്രെയ്ല്‍ബ്ലേസേഴ്‌സ് കന്നി കിരീടം സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ട്രെയ്ല്‍ബ്ലേസേഴ്‌സ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ സൂപ്പര്‍നോവാസിന് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 102 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. കഴിഞ്ഞ രണ്ട് തവണയും സൂപ്പര്‍നോവാസിനായിരുന്നു കിരീടം.

30 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറാണ് സൂപ്പര്‍നോവാസിന്റെ ടോപ് സ്‌കോറര്‍. മറ്റാര്‍ക്കും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. ചമാരി അത്തപ്പട്ടു (6), ജമീമ റോഡ്രിഗസ് (13), തായി ഭാട്ടിയ (14), ശശികല സിരിവര്‍ധനെ (19), അനുജ പാട്ടീല്‍ (8), പൂജ വസ്ത്രകര്‍ (0) എന്നിവര്‍ നിരാശപ്പെടുത്തി. രാധാ യാധവ് (5), ഷകേറ സല്‍മാന്‍ (4) എന്നിവര്‍ പുറത്താവാതെ നിന്നു. സല്‍മാന്‍ ഖതുന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. ദീപ്തി ശര്‍മയ്ക്ക് രണ്ടും സോഫി എക്ലെസ്റ്റോണ്‍ ഒരു വിക്കറ്റും വീഴ്ത്തി.

നേരത്തെ, ക്യാപ്റ്റന്‍ സ്മൃതി മന്ദാന (49 പന്തില്‍ 68)യുടെ പ്രകടനമാണ് ട്രെയ്ല്‍ബ്ലേസേഴ്‌സിന് തുണയായത്. മറ്റാര്‍ക്കും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. നാല് ഓവറില്‍ 16 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റെടുത്ത രാധ യാദവിന്റെ പ്രകടനം സൂപ്പര്‍നോവാസിന് വിജയപ്രതീക്ഷ നല്‍കിയിരുന്നു. മികച്ച തുടക്കമാണ് ട്രെയ്ല്‍ബ്ലേസേഴ്‌സിന് ലഭിച്ചത്. ഓപ്പണിങ് വിക്കറ്റില്‍ മന്ദാന- ദിയാന്‍ഡ്ര ഡോട്ടിന്‍ സഖ്യം 71 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 

12 ഓവറിന്റെ ആദ്യ പന്തില്‍ ഇവര്‍ പിരിഞ്ഞത്. എന്നാല്‍ പിന്നീടെത്തിയരില്‍ ആര്‍ക്കും പൊരുതാന്‍ പോലും സാധിച്ചില്ല. മന്ദാന കൂടി മടങ്ങിയത് ട്രെയ്ല്‍ബ്ലേസേഴ്‌സിന് കനത്തി തിരിച്ചടിയായി. അഞ്ച് ഫോറും മൂന്ന് സിക്‌സും അടങ്ങുന്തായിരുന്നു മന്ദാനയുടെ ഇന്നിങ്‌സ്.

റിച്ച ഘോഷ് (10), ദീപ്തി ശര്‍മ (9), ഹര്‍ലീന്‍ ഡിയോള്‍ (4), സോഫി എക്ലെസ്റ്റോണ്‍ (1), ജുലന്‍ ഗോസ്വാമി (1) എന്നിവര്‍ നിരാശപ്പെടുത്തി. നുസ്ഹത്ത് പര്‍വീന്‍ (0) പുറത്താവാതെ നിന്നു. രാധ യാദവിന് പുറമെ പൂനം യാദവ്, ശശികല സിരിവര്‍ധനെ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

click me!