ജയത്തോടെ ട്രിവാന്‍ഡ്രം റോയല്‍സ് മടങ്ങി; ആലപ്പി റിപ്പിള്‍സും പുറത്തേക്കുള്ള വഴിയില്‍

Published : Sep 03, 2025, 07:12 PM IST
Allappey Ripples

Synopsis

20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സെടുത്ത റോയല്‍സിനെതിരെ റിപ്പിള്‍സിന് 17 ഓവറില്‍ 98 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.

തിരുവനന്തപുരം: സീസണിലെ തങ്ങളുടെ അവസാന മത്സരത്തില്‍ ആലപ്പി റിപ്പിള്‍സിനെതിരെ ഉജ്ജ്വല വിജയവുമായി ട്രിവാന്‍ഡ്രം റോയല്‍സ്. 110 റണ്‍സിനായിരുന്നു റോയല്‍സിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത റോയല്‍സ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ റിപ്പിള്‍സ് 17 ഓവറില്‍ 98 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. തോല്‍വിയോടെ റിപ്പിള്‍സിന്റെ സെമി സാധ്യതകള്‍ മങ്ങി. റോയല്‍സിന്റെ സെമി സാധ്യതകള്‍ നേരത്തെ തന്നെ അവസാനിച്ചിരുന്നു. റോയല്‍സിന് വേണ്ടി നാല് വിക്കറ്റ് വീഴ്ത്തിയ അഭിജിത് പ്രവീണ്‍ ആണ് പ്ലെയര്‍ ഓഫ് ദി മാച്ച്.

ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് റോയല്‍സിന് നല്‍കിയത്. കൃഷ്ണപ്രസാദും വിഷ്ണുരാജും ചേര്‍ന്ന് 154 റണ്‍സാണ് ആദ്യ വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്. പതിഞ്ഞ താളത്തിലാണ് തുടങ്ങിയതെങ്കിലും പിന്നീട് ഇരുവരും ചേര്‍ന്ന് ആഞ്ഞടിക്കുകയായിരുന്നു. 36 പന്തുകളില്‍ നിന്നായിരുന്നു കൃഷ്ണപ്രസാദ് അര്‍ദ്ധസെഞ്ച്വറി തികച്ചത്. എന്നാല്‍ അന്‍പതില്‍ നിന്ന് തൊണ്ണൂറിലേക്കെത്താന്‍ വേണ്ടി വന്നത് 16 പന്തുകളും. തുടരെ രണ്ടാം സെഞ്ച്വറിയിലേക്കെന്ന് തോന്നിച്ച കൃഷ്ണപ്രസാദ് 52 പന്തില്‍ 90 റണ്‍സെടുത്താണ് പുറത്തായത്.

തൊട്ടടുത്ത ഓവറില്‍ 60 റണ്‍സെടുത്ത വിഷ്ണുരാജും മടങ്ങി. അവസാന ഓവറില്‍ ആഞ്ഞടിച്ച എം നിഖിലും സഞ്ജീവ് സതീശനുമാണ് റോയല്‍സിന്റെ സ്‌കോര്‍ 200 കടത്തിയത്. സഞ്ജീവ് സതീശന്‍ 12 പന്തുകളില്‍ രണ്ട് ഫോറും മൂന്ന് സിക്‌സുമടക്കം 31 റണ്‍സാണ് നേടിയത്. നിഖില്‍ ഏഴ് പന്തുകളില്‍ നിന്ന് 18 റണ്‍സുമായി പുറത്താകാതെ നിന്നു. ആലപ്പിയ്ക്ക് വേണ്ടി ശ്രീരൂപ് മൂന്ന് വിക്കറ്റ് വീഴ്ത്തി.

മുഹമ്മദ് അസറുദ്ദീന്റെ അഭാവത്തില്‍ എ കെ ആകര്‍ഷായിരുന്നു ജലജ് സക്‌സേനയ്‌ക്കൊപ്പം ആലപ്പിയ്ക്കായി ഇന്നിങ്‌സ് തുറന്നത്. എന്നാല്‍ തുടക്കത്തില്‍ തന്നെ ജലജ് സക്‌സേന റണ്ണൌട്ടായത് ടീമിന് തിരിച്ചടിയായി. ആകര്‍ഷും കെ എ അരുണും ചേര്‍ന്നുള്ള കൂട്ടുകെട്ട് ആലപ്പിയ്ക്ക് പ്രതീക്ഷ നല്കിയെങ്കിലും അത് ഏറെ നീണ്ടില്ല. ഒന്‍പതാം ഓവറില്‍ അരുണിനെയും അഭിഷേക് പി നായരെയും മടക്കി അഭിജിത് പ്രവീണ്‍ ആലപ്പിയുടെ മുന്നേറ്റത്തിന് തടയിട്ടു. ഒരു റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ അക്ഷയ് ടി കെ റണ്ണൌട്ടായി.

ഒരു റണ്ണെടുത്ത മുഹമ്മദ് കൈഫിനെയും അഭിജിത് പ്രവീണ്‍ പുറത്താക്കിയതോടെ ആലപ്പിയുടെ തകര്‍ച്ച പൂര്‍ണ്ണമായി. 43 പന്തുകളില്‍ നിന്ന് 55 റണ്‍സെടുത്ത എ കെ ആകര്‍ഷാണ് ആലപ്പിയുടെ ടോപ് സ്‌കോറര്‍. നാലോവറില്‍ 18 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയ അഭിജിത് പ്രവീണാണ് റോയല്‍സിന്റെ ബൌളിങ് നിരയില്‍ തിളങ്ങിയത്.

PREV
Read more Articles on
click me!

Recommended Stories

എന്തുകൊണ്ട് റിങ്കു സിംഗിനെ ടീമില്‍ നിന്നൊഴിവാക്കി? കൂടുതലൊന്നും പ്രതികരിക്കാതെ സൂര്യകുമാര്‍ യാദവ്
മുഷ്താഖ് അലി ട്രോഫി: മുഹമ്മദ് ഷമി മിന്നിയിട്ടും ബംഗാളിന് തോല്‍വി, സൂുപ്പര്‍ ലീഗിലെത്താതെ പുറത്ത്