U19 Asia Cup : അവസാന ബോള്‍ ത്രില്ലറില്‍ പാക്കിസ്ഥാനോട് ഇന്ത്യക്ക് തോല്‍വി

By Web TeamFirst Published Dec 25, 2021, 10:21 PM IST
Highlights

ആദ്യ പന്തില്‍ സീഷാന്‍ സമീറിനെ പുറത്താക്കി രവി കുമാര്‍ ഇന്ത്യക്ക് പ്രതീക്ഷ നല്‍കി. അടുത്ത രണ്ട് പന്തിലും ഓരോ റണ്ണെ പാക്കിസ്ഥാന് എടുക്കാന്‍ കഴിഞ്ഞുള്ളു. നാലും അഞ്ചും പന്തുകളില്‍ രണ്ട് റണ്‍സ് വീതമെടുത്തതോടെ അവസാന പന്തില്‍ ജയത്തിലേക്ക് നാല് റണ്‍സ് വേണമെന്നായി.

ദുബായ്: അണ്ടര്‍ 19 ഏഷ്യാ കപ്പില്‍(U19 Asia Cup) ആവേശം അവസാന പന്തിലേക്ക് നീണ്ട പോരാട്ടത്തിനൊടുവില്‍ പാക്കിസ്ഥാനോട് ഇന്ത്യക്ക് തോല്‍വി(IND vs PAK) . ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയര്‍ത്തിയ 240 റണ്‍സ് വിജയലക്ഷ്യം അവസാന പന്തില്‍ ബൗണ്ടറിയടിച്ച് പാക്കിസ്ഥാന്‍ മറികടന്നു. അവസാന പന്തില്‍ ജയിക്കാന്‍ നാലു റണ്‍സ് വേണ്ടിയിരുന്നപ്പോള്‍ ബൗണ്ടറി നേടിയ അഹമ്മദ് ഖാനാണ് പാക്കിസ്ഥാന് ജയം സമ്മാനിച്ചത്. രവികുമാര്‍ എറിഞ്ഞ അവസാന ഓവറില്‍ 10 റണ്‍സായിരുന്നു പാക്കിസ്ഥാന് ജയിക്കാന്‍ വേണ്ടിയിരുന്നത്.

ആദ്യ പന്തില്‍ സീഷാന്‍ സമീറിനെ പുറത്താക്കി രവി കുമാര്‍ ഇന്ത്യക്ക് പ്രതീക്ഷ നല്‍കി. അടുത്ത രണ്ട് പന്തിലും ഓരോ റണ്ണെ പാക്കിസ്ഥാന് എടുക്കാന്‍ കഴിഞ്ഞുള്ളു. നാലും അഞ്ചും പന്തുകളില്‍ രണ്ട് റണ്‍സ് വീതമെടുത്തതോടെ അവസാന പന്തില്‍ ജയത്തിലേക്ക് നാല് റണ്‍സ് വേണമെന്നായി. രവി കുമാറിന്‍റെ അവസാന പന്ത് ബൗണ്ടറി കടത്തി അഹമ്മദ് ഖാന്‍ പാക്കിസ്ഥാന് അവിസ്മരണീയ ജയം സമ്മാനിക്കുകയും ചെയ്തു. അഹമ്മദ് ഖാന്‍ 19 പന്തില്‍ 29 റണ്‍സുമായി പുറത്താകാതെ നിന്നു. സ്കോര്‍ ഇന്ത്യ 49 ഓവറില്‍ 239ന് ഓള്‍ ഔട്ട്, പാക്കിസ്ഥാന്‍ 50 ഓവറില്‍ 240-8.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ തുടക്കത്തിലെ തകര്‍ന്നു. ഓപ്പണര്‍ ആങ്ക്രിഷ് രഘുവംശി(0), ഷെയ്ഖ് റഷീദ്(6), ക്യാപ്റ്റന്‍ യാഷ് ദുള്‍(0) നിഷാന്ത് സന്ധു(8) എന്നിവരെ നഷ്ടമാവുമ്പോള്‍ ഇന്ത്യന്‍ സ്കോര്‍ ബോര്‍ഡില്‍ 41 റണ്‍സെ ഉണ്ടായിരുന്നുള്ളു. അഞ്ചാം വിക്കറ്റില്‍ രാജ് ബാവക്കൊപ്പം(25) ഹര്‍നൂര്‍ സിംഗ്(46) നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്കോറിനുള്ള അടിത്തറയിട്ടത്. ഇരുവരും പുറത്തായശേഷം വിക്കറ്റ് കീപ്പര്‍ ആരാധ്യ യാദവ്(50) കൗശല്‍ താംബെ(32), രാജ്‌വര്‍ധന്‍ ഹങ്കരേക്കര്‍(20 പന്തില്‍ 33) എന്നിവര്‍ ചേര്‍ന്ന് നടത്തിയ ചെറുത്തു നില്‍പ്പ് ഇന്ത്യയെ 239ല്‍ എത്തിച്ചു. 10 ഓവറില്‍ 60 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റെടുത്ത സീഷാന്‍ ഷമീറാണ് ഇന്ത്യയെ എറിഞ്ഞിട്ടത്.

മറുപടി ബാറ്റിംഗില്‍ തുടക്കത്തിലെ ഓപ്പണര്‍ അബ്ദുള്‍ വാഹിദിനെ(0) നഷ്ടമായെങ്കിലും മാസ് സദാഖത്തും(29), മുഹമ്മദ് ഷെഹ്സാദും(81) ചേര്‍ന്ന് പാക്കിസ്ഥാനെ മുന്നോട്ടു നയിച്ചു. ക്യാപ്റ്റന്‍ കാസിം അക്രം(22), ഇര്‍ഫാന്‍ ഖാന്‍(32), റിസ്‌വാന്‍ മെഹമ്മൂദ്(29) എന്നിവരുടെ ചെറുത്തുനില്‍പ്പിനൊപ്പം വാലറ്റത്ത് അഹമ്മദ് ഖാന്‍ നടത്തി അപ്രതീക്ഷിത പ്രകടം പാക്കിസ്ഥാന് ജയം സമ്മാനിച്ചു. ഇന്ത്യക്കായി രാജ് ബാവ നാലു വിക്കറ്റെടുത്തു.

click me!