
ഹോബാര്‍ട്ട്: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം ശ്രീ ചരണിക്ക് നാണക്കേടിന്റെ റെക്കോഡ്. ഒരു ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങുന്ന ഇന്ത്യന്‍ താരമെന്ന മോശം പങ്കിടുകയാണിപ്പോള്‍ ശ്രീ ചരണി. ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിനത്തില്‍ 10 ഓവറില്‍ 106 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റാണ് താരം വീഴ്ത്തിയത്. ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാറിനൊപ്പമാണ് ഇപ്പോള്‍ ചരണിയുടെ സ്ഥാനം. ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങുന്ന സ്പിന്നര്‍ എന്ന മറക്കാന്‍ ആഗ്രഹിക്കുന്ന നേട്ടവും ചരണിയുടെ അക്കൗണ്ടിലായി. ഇതോടെ യുസ്വേന്ദ്ര ചഹലിന്റെ റെക്കോര്‍ഡാണ് ചരണി മറികടന്നത്. 2020-ല്‍ സിഡ്നിയില്‍ ഓസ്ട്രേലിയയ്ക്കെതിരെ 89 റണ്‍സ് വഴങ്ങിയതായിരുന്നു ഇതുവരെ ഒരു ഇന്ത്യന്‍ സ്പിന്നറുടെ ഏറ്റവും മോശം പ്രകടനം.
ശ്രീ ചരണി (10-0-106-2) ഓസ്ട്രേലിയ - ഹോബാര്‍ട്ട് മാര്‍ച്ച് 2026
ഭുവനേശ്വര്‍ കുമാര്‍ (10-0-106-1) ദക്ഷിണാഫ്രിക്ക - മുംബൈ ഒക്ടോബര്‍ 2015
വിനയ് കുമാര്‍ (9-0-102-1) ഓസ്ട്രേലിയ - ബെംഗളൂരു നവംബര്‍ 2013
ഭുവനേശ്വര്‍ കുമാര്‍ (10-0-92-1) ന്യൂസിലന്‍ഡ് - കാണ്‍പൂര്‍ ഒക്ടോബര്‍ 2017
ദീപ്തി ശര്‍മ (10-0-90-1) ഓസ്ട്രേലിയ - ഹോബാര്‍ട്ട് മാര്‍ച്ച് 2026
യുസ്വേന്ദ്ര ചഹല്‍ (10-0-89-1) ഓസ്ട്രേലിയ - നവംബര്‍ 2020
പ്രിയ മിശ്ര (10-0-88-1) ഓസ്ട്രേലിയ - ബ്രിസ്ബേന്‍ ഡിസംബര്‍ 2024
പതിനൊന്നാം ഓവറില്‍ പന്തെറിയാനെത്തിയ ചരണിക്ക് കൃത്യമായ ലൈനും ലെങ്തും കണ്ടെത്താന്‍ തുടക്കം മുതലേ ബുദ്ധിമുട്ടേണ്ടി വന്നു. തന്റെ അവസാന ഏകദിനം കളിക്കുന്ന ഓസീസ് താരം അലീസ ഹീലി 32-ാം ഓവറില്‍ ചരണിയെ കടന്നാക്രമിച്ചു. നാല് ഫോറുകളും ഒരു സിക്‌സറുമടക്കം 23 റണ്‍സാണ് ആ ഓവറില്‍ പിറന്നത്. തന്റെ അവസാന ഓവറിലും ചരണി 22 റണ്‍സ് വഴങ്ങി. നികോള കാരിയുടെ വെടിക്കെട്ട് ബാറ്റിംഗാണ് അവസാന ഓവറില്‍ ഇന്ത്യയ്ക്ക് തിരിച്ചടിയായത്. ഇതിനിടയിലും തഹ്ലിയ മഗ്രാത്ത്, ജോര്‍ജിയ വെയര്‍ഹാം എന്നിവരുടെ നിര്‍ണ്ണായക വിക്കറ്റുകള്‍ വീഴ്ത്താന്‍ ചരണിക്ക് സാധിച്ചു എന്നത് മാത്രമാണ് ആശ്വാസകരമായ കാര്യം.
ചരണിയുടെയും ദീപ്തി ശര്‍മ്മയുടെയും (90 റണ്‍സ്) ചെലവേറിയ ഓവറുകളുടെ കരുത്തില്‍ ഓസ്ട്രേലിയ 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 409 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 45.1 ഓവറില്‍ 224ന് എല്ലാവരും പുറത്തായി. 185 റണ്‍സിന്റെ പരാജയം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!