Latest Videos

ബംഗ്ലാദേശിനെ തൂത്തുവാരിയ ജയം; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ലോട്ടറിയടിച്ച് ടീം ഇന്ത്യ

By Web TeamFirst Published Dec 25, 2022, 1:53 PM IST
Highlights

ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ ഓസ്ട്രേലിയക്കെതിരെ നാട്ടില്‍ കളിക്കുന്ന നാല് ടെസ്റ്റുകളുടെ പരമ്പരയാണ് ഇനി ലോക ചാമ്പ്യന്‍ഷിപ്പില്‍ ടീം ഇന്ത്യക്ക് മുന്നിലുള്ളത്

ധാക്ക: ബംഗ്ലാദേശിനെതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പര തൂത്തുവാരിയതോടെ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്‍റ് പട്ടികയില്‍ രണ്ടാംസ്ഥാനം നിലനിര്‍ത്തി ടീം ഇന്ത്യ. ഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ പരമ്പര ജയം ഇന്ത്യക്ക് അനിവാര്യമായിരുന്നു. ബംഗ്ലാദേശ്-ഇന്ത്യ രണ്ടാം ടെസ്റ്റിന് ശേഷമുള്ള പുതുക്കിയ പട്ടിക പ്രകാരം ഓസ്‌ട്രേലിയ തന്നെയാണ് തലപ്പത്ത്. 13 മത്സരങ്ങളില്‍ 120 പോയിന്‍റും 76.92 പോയിന്‍റ് ശരാശരിയുമാണ്(PCT-Points percentage system) ഓസീസിന്‍റെ സമ്പാദ്യം. രണ്ടാമതുള്ള ഇന്ത്യക്കുള്ളത് 14 കളിയില്‍ 87 പോയിന്‍റും 58.93 പോയിന്‍റ് ശരാശരിയും. ദക്ഷിണാഫ്രിക്കയാണ് മൂന്നാമത്. 

ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ ഓസ്ട്രേലിയക്കെതിരെ നാട്ടില്‍ കളിക്കുന്ന നാല് ടെസ്റ്റുകളുടെ പരമ്പരയാണ് ഇനി ലോക ചാമ്പ്യന്‍ഷിപ്പില്‍ ടീം ഇന്ത്യക്ക് മുന്നിലുള്ളത്. ഫെബ്രുവരി 9-ാം തിയതി നാഗ്‌പൂരില്‍ ആദ്യ ടെസ്റ്റ് ആരംഭിക്കും. ഫെബ്രുവരി 17-21 തിയതികളില്‍ ദില്ലിയില്‍ രണ്ടാം ടെസ്റ്റും മാര്‍ച്ച് 1-5 തിയതികളില്‍ ധരംശാലയില്‍ മൂന്നാം ടെസ്റ്റും മാര്‍ച്ച് 9 മുതല്‍ 13 വരെ അഹമ്മദാബാദില്‍ നാലാം ടെസ്റ്റും നടക്കും. ഓസ്ട്രേലിയക്കെതിരായ പരമ്പര 3-1ന് സ്വന്തമാക്കിയാല്‍ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനലിന് യോഗ്യത നേടാനാവും. ബംഗ്ലാദേശിനെതിരായ പരമ്പര 2-0ന് തൂത്തുവാരിയില്ലായിരുന്നു എങ്കില്‍ ഇന്ത്യക്ക് കരുത്തരായ ഓസ്ട്രേലിയക്കെതിരെ 4-0ന്‍റെ വിജയം അനിവാര്യമായി വരുമായിരുന്നു. 

ബംഗ്ലാദേശിനെതിരെ ചിറ്റഗോങ്ങിലെ ആദ്യ ടെസ്റ്റ് 188 റണ്‍സിന് വിജയിച്ച ഇന്ത്യ ധാക്കയിലെ രണ്ടാം കളിയില്‍ മൂന്ന് വിക്കറ്റിന്‍റെ ജയമാണ് സ്വന്തമാക്കിയത്. 47 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ ഇന്ത്യ 145 റണ്‍സ് വിജയലക്ഷ്യം നേടി. ജയിക്കാന്‍ 100 റണ്‍സ് ലക്ഷ്യം തേടി നാലാം ദിനമായ ഇന്ന് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലെ വിക്കറ്റ് നഷ്‌ടമായെങ്കിലും അശ്വിന്‍-അയ്യര്‍ സഖ്യത്തിന്‍റെ പോരാട്ടമാണ് ത്രില്ലര്‍ ജയത്തിലേക്ക് നയിച്ചത്. സ്കോര്‍: ബംഗ്ലാദേശ്- 227 & 231, ഇന്ത്യ- 314 & 145/7. അശ്വിന്‍ 62 പന്തില്‍ 42* ഉം അയ്യര്‍ 46 പന്തില്‍ 29* ഉം റണ്‍സുമായി പുറത്താവാതെ നിന്നു. ഇരുവരും എട്ടാം വിക്കറ്റില്‍ പുറത്താകാതെ 71* റണ്‍സ് ചേര്‍ത്തു. അശ്വിന്‍ രണ്ടാം ടെസ്റ്റിലെയും പുജാര പരമ്പരയുടേയും താരമായി തെരഞ്ഞെടുക്കപ്പെട്ടു.  

അശ്വിന്‍-ശ്രേയസ് ഫിനിഷിംഗ്; ബംഗ്ലാ കടുവകളെ 2-0ന് ഫിനിഷ് ചെയ്ത് പരമ്പര തൂത്തുവാരി ഇന്ത്യ

click me!