Asianet News MalayalamAsianet News Malayalam

അശ്വിന്‍-ശ്രേയസ് ഫിനിഷിംഗ്; ബംഗ്ലാ കടുവകളെ 2-0ന് ഫിനിഷ് ചെയ്ത് പരമ്പര തൂത്തുവാരി ഇന്ത്യ

നാല് വിക്കറ്റിന് 45 റൺസ് എന്ന നിലയിലാണ് ഇന്ത്യ ബാറ്റിംഗ് നാലാം ദിനം ബാറ്റിംഗ് പുനരാരംഭിച്ചത്

India beat Bangladesh by 3 wickets in 2nd test Ravichandran Ashwin Shreyas Iyer make it 2 0 for IND
Author
First Published Dec 25, 2022, 10:56 AM IST

ധാക്ക: ബംഗ്ലാദേശിനെതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പര തൂത്തുവാരി ടീം ഇന്ത്യ. ആദ്യ ടെസ്റ്റ് 188 റണ്‍സിന് വിജയിച്ച ഇന്ത്യ ധാക്കയിലെ രണ്ടാം കളിയില്‍ മൂന്ന് വിക്കറ്റിന്‍റെ ജയമാണ് സ്വന്തമാക്കിയത്. 47 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ ഇന്ത്യ 145 റണ്‍സ് വിജയലക്ഷ്യം നേടി. ജയിക്കാന്‍ 100 റണ്‍സ് ലക്ഷ്യം തേടി നാലാം ദിനമായ ഇന്ന് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലെ വിക്കറ്റ് നഷ്‌ടമായെങ്കിലും അശ്വിന്‍-അയ്യര്‍ സഖ്യത്തിന്‍റെ പോരാട്ടമാണ് ത്രില്ലര്‍ ജയത്തിലേക്ക് നയിച്ചത്. സ്കോര്‍: ബംഗ്ലാദേശ്- 227 & 231, ഇന്ത്യ- 314 & 145/7

നാല് വിക്കറ്റിന് 45 റൺസ് എന്ന നിലയിലാണ് ഇന്ത്യ ബാറ്റിംഗ് നാലാം ദിനം ബാറ്റിംഗ് പുനരാരംഭിച്ചത്. 26 റൺസുമായി അക്സർ പട്ടേലും മൂന്ന് റൺസുമായി ജയ്ദേവ് ഉനാദ്‌കട്ടുമായിരുന്നു ക്രീസിൽ. ആറ് വിക്കറ്റ് ശേഷിക്കേ ജയിക്കാൻ ഇന്ത്യക്ക് 100 റൺസ് കൂടി വേണമായിരുന്നു. പക്ഷേ നാലാം ദിനത്തെ രണ്ടാം ഓവറില്‍ ഇന്ത്യക്ക് തിരിച്ചടി നേരിട്ടു. 16 പന്തില്‍ 13 റണ്‍സെടുത്ത ഇന്നലത്തെ നൈറ്റ് വാച്ച്‌മാന്‍ ജയ്‌ദേവ് ഉനദ്‌കട്ടിനെ ഷാക്കിബ് എല്‍ബിയില്‍ കുടുക്കി. മൂന്ന് ഓവറിന്‍റെ ഇടവേളയില്‍ റിഷഭ് പന്തും പുറത്തായി. 13 പന്തില്‍ പന്തില്‍ 9 റണ്‍സെടുത്ത പന്തിന്‍റെ വിക്കറ്റ് മെഹിദി ഹസനായിരുന്നു. രണ്ട് ഓവറിന്‍റെ ഇടവേളയില്‍ അക്‌സര്‍ പട്ടേലിനേയും പുറത്താക്കി മെഹിസി ഹസന്‍ അഞ്ച് വിക്കറ്റ് തികച്ചു. 68 പന്തില്‍ 34 റണ്‍സാണ് അക്‌സറിന്‍റെ സമ്പാദ്യം.  

ഒടുവില്‍ അര്‍ധസെഞ്ചുറി കൂട്ടുകെട്ടുമായി ശ്രേയസ് അയ്യരും രവി അശ്വിനും ഇന്ത്യക്ക് ത്രില്ലര്‍ ജയം സമ്മാനിക്കുകയായിരുന്നു. അശ്വിന്‍ 62 പന്തില്‍ 42* ഉം അയ്യര്‍ 46 പന്തില്‍ 29* ഉം റണ്‍സുമായി പുറത്താവാതെ നിന്നു. ഇരുവരും എട്ടാം വിക്കറ്റില്‍ പുറത്താകാതെ 71* റണ്‍സ് ചേര്‍ത്തു. ശുഭ്മാൻ ഗിൽ ഏഴും കെ എൽ രാഹുൽ രണ്ടും ചേതേശ്വർ പുജാര ആറും വിരാട് കോലി ഒന്നും റൺസിന് ഇന്നലെ പുറത്തായിരുന്നു. മെഹിദി ഹസന്‍ മിറാസിന്‍റെ അഞ്ച് വിക്കറ്റ് നേട്ടം ബംഗ്ലാദേശിനെ സഹായിച്ചില്ല. ഷാക്കിബ് അല്‍ ഹസന്‍ രണ്ട് വിക്കറ്റ് നേടി. 

നേരത്തേ ബംഗ്ലാദേശ് രണ്ടാം ഇന്നിംഗ്സിൽ 231 റൺസിന് പുറത്തായി. 73 റൺസെടുത്ത ലിറ്റൺ ദാസാണ് ടോപ്സ്കോറർ. സാകിര്‍ ഹസൻ അൻപത്തിയൊന്ന് റൺസെടുത്തു. വാലറ്റത്ത് 31 റൺസ് വീതമെടുത്ത് പൊരുതിയ നൂറൂൽ ഹസനും ടസ്കിൻ അഹമ്മദും നടത്തിയ പോരാട്ടമാണ് ബംഗ്ലാദേശ് സ്കോര്‍ 231ൽ എത്തിച്ചത്. അക്സ‍ർ പട്ടേൽ മൂന്നും മുഹമ്മദ് സിറാജും രവിചന്ദ്രന്‍ അശ്വിനും രണ്ട് വിക്കറ്റ് വീതവും നേടി. ഉമേഷ് യാദവും ജയദേവ് ഉനദ്‌കട്ടും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

ബംഗ്ലാ താരങ്ങളോട് കോലി ഉരസിയത് എന്തിന്? പഴയ വൈരത്തിന്‍റെ തുടര്‍ച്ചയെന്ന് ഗാവസ്‌കര്‍

Latest Videos
Follow Us:
Download App:
  • android
  • ios