
മുംബൈ: ഐപിഎല്ലിലെ അതിശയകരമായ പ്രകടനത്തിലൂടെ ഇന്ത്യൻ ക്രിക്കറ്റിൽ വിസ്മയം തീർത്ത രാജസ്ഥാന്‍ റോയല്‍സിന്‍റെ 15-കാരൻ വൈഭവ് സൂര്യവംശിയെ ഇന്ത്യൻ സീനിയർ ടീമിൽ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിക്ക് വ്യക്തമായ നിർദ്ദേശം നൽകി ബിസിസിഐ. വൈഭവ് അസാധാരണ പ്രതിഭയാണെന്നും അവനെ ടീമിലെത്തിക്കാൻ ആവശ്യമായതെന്തും ചെയ്യാമെന്നും ബിസിസിഐ നേതൃത്വം സെലക്ഷൻ കമ്മിറ്റിയോട് വ്യക്തമാക്കിയതായാണ് റിപ്പോർട്ടുകൾ.
ഇത്തവണത്തെ ഐപിഎല്ലിലെ ഏറ്റവും വലിയ കണ്ടെത്തലായിരുന്നു വൈഭവ്. 16 മത്സരങ്ങളിൽ നിന്ന് 237.31 എന്ന അവിശ്വസനീയമായ സ്ട്രൈക്ക് റേറ്റിൽ 776 റൺസ് അടിച്ചുകൂട്ടിയ വൈഭവ് ഓറഞ്ച് ക്യാപ്പും സ്വന്തമാക്കി. ടി20 ക്രിക്കറ്റിന്‍റെ നിർവചനം തന്നെ തിരുത്തിക്കുറിക്കുന്ന പ്രകടനമാണ് വൈഭവ് ഇത്തവണ കാഴ്ചവെച്ചത്. ഒരു സീസണിൽ ഏറ്റവും കൂടതല്‍ സിക്സറുകള്‍ പറത്തിയതിന്‍റെ റെക്കോര്‍ഡും വൈഭവ് ഇത്തവണ സ്വന്തമാക്കി. 72 സിക്സറുകളാണ് വൈഭവ് പറത്തിയത്. തൊട്ടടുത്തുള്ള അഭിഷേക് ശർമ്മയുടെ (43 സിക്സറുകൾ) ഇരട്ടിയോളമാണിത്.
വൈഭവിന്‍റെ പ്രായം കണക്കിലെടുത്ത് ഇത്ര വേഗത്തിൽ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് കൊണ്ടുവരണമോ എന്ന കാര്യത്തിൽ ക്രിക്കറ്റ് ലോകത്ത് ഭിന്നാഭിപ്രായങ്ങൾ നിലനിൽക്കുന്നുണ്ട്. എന്നാൽ, തന്നെക്കാൾ രണ്ടിരട്ടി പ്രായമുള്ള, പരിചയസമ്പന്നരായ ബൗളർമാരെ യാതൊരു ഭയവുമില്ലാതെ നേരിടുന്ന വൈഭവിന്‍റെ പക്വത പ്രശംസനീയമാണെന്നാണ് ബിസിസിഐയുടെ വിലയിരുത്തൽ. അണ്ടർ 19 ലോകകപ്പ് ജേതാവ് കൂടിയായ വൈഭവ് വിദേശ ബൗളര്‍മാരെ അടം നേരിടുന്നതിൽ ഐപിഎല്ലിൽ പുറത്തെടുത്ത മികവ് സെലക്ടർമാരെയും ബിസിസിഐയെയും ആകർഷിച്ചിട്ടുണ്ട്.
ഈ മാസം അവസാനം അയർലൻഡിനെതിരെ നടക്കാനിരിക്കുന്ന രണ്ട് ടി20 മത്സരങ്ങൾക്കുള്ള ടീമിൽ വൈഭവിനെ ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്. ബിസിസിഐ സെക്രട്ടറി ദേവ്ജിത് സൈകിയയും വൈഭവിനെ വാനോളം പുകഴ്ത്തിയിരുന്നു. ഇന്ത്യൻ ക്രിക്കറ്റിലെ പുതിയ അത്ഭുത ബാലനാണ് വൈഭവ്. വരും ദിവസങ്ങളിൽ അവൻ ലോക ക്രിക്കറ്റിനെ തന്നെ അത്ഭുതപ്പെടുത്തുമെന്ന് എനിക്ക് ഉറപ്പുണ്ടെന്ന് സൈകിയ പറഞ്ഞു.
സെലക്ടർമാർ എല്ലാവരും ഐപിഎൽ മത്സരങ്ങൾ നേരിൽ കണ്ട് വിലയിരുത്തുന്നുണ്ടെന്നും, അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കുള്ള ടീം തിരഞ്ഞെടുപ്പിൽ വൈഭവിന്റെ കരിയറിന് ഏറ്റവും ഗുണകരമായ തീരുമാനങ്ങൾ അവർ കൈക്കൊള്ളുമെന്നും സൈകിയ കൂട്ടിച്ചേർത്തു. വൈഭവ് അസാധാരണ പ്രതിഭയാണെന്നും അവൻ വലിയ നേട്ടങ്ങൾ കൊയ്യുമെന്നും സൈകിയ പ്രതീക്ഷ പ്രകടിപ്പിച്ചു.
ജൂൺ 26, 28 തീയതികളിലാണ് അയർലൻഡിനെതിരായ ടി20 മത്സരങ്ങൾ. അതിനുശേഷം ടീം ഇംഗ്ലണ്ടിലേക്ക് തിരിക്കും. ഈ ആഴ്ച അവസാനം മുള്ളൻപൂരിൽ ആരംഭിക്കുന്ന അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റിനിടെ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. എന്തായാലും വൈഭവ് സൂര്യവംശി നീല ജേഴ്സിയിൽ അരങ്ങേറ്റം കുറിക്കുന്നത് കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!