
ലക്നൗ: ഐപിഎല്‍ റണ്‍വേട്ടക്കാരില്‍ വിരാട് കോലിയെ മറികടന്ന് നാലാം സ്ഥാനത്തേക്ക് ഉയര്‍ന്ന് രാജസ്ഥാന്‍ റോയല്‍സ് കൗമാരതാരം വൈഭവ് സൂര്യവംശി. ലക്നൗ സൂപ്പര്‍ ജയന്‍റ്സിനെതിരെ 8 റണ്‍സ് മാത്രമെടുത്ത് പുറത്താി നിരാശപ്പെടുത്തിയെങ്കിലും സീസണിലെ റണ്‍വേട്ടക്കാരില്‍ വിരാട് കോലിയെ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളി 254 റണ്‍സുമായാണ് വൈഭവ് നാലാം സ്ഥാനത്തേക്ക് കയറിയത്. 247 റണ്‍സുമായാണ് കോലി അഞ്ചാം സ്ഥാനത്ത് നില്‍ക്കുന്നത്.
ലക്നൗവിനെതിരെ 12 പന്തില്‍ 22 റണ്‍സെടുത്ത രാജസ്ഥാന്‍ ഓപ്പണര്‍ യശസ്വി ജയ്സ്വാളും റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 7 മത്സരങ്ങളില്‍ 245 റണ്‍സുമായി വിരാട് കോലിക്ക് തൊട്ടുപിന്നിലാണ് യശസ്വി ജയ്സ്വാള്‍. റണ്‍വേട്ടക്കാരുടെ ആദ്യ 15ലേക്ക് ലക്നൗ താരം മിച്ചല്‍ മാര്‍ഷ് എത്തിയതാണ് മറ്റൊരു മാറ്റം. 210 റണ്‍സുമായി പന്ത്രണ്ടാം സ്ഥാനത്താണ് മിച്ചല്‍ മാര്‍ഷ് ഇപ്പോള്‍. ഇന്നലെ രാജസ്ഥാനെതിരെ 41 പന്തില്‍ 55 റണ്‍സെടുത്ത പ്രകടനമാണ് മിച്ചല്‍ മാര്‍ഷിനെ ആദ്യ 15ല്‍ എത്തിച്ചത്. റണ്‍വേട്ടക്കാരുടെ പട്ടികയില്‍ മാറ്റം വന്നതോടെ ചെന്നൈ സൂപ്പര്‍ കിംഗ്സിനായി കളിക്കുന്ന മലയാളി താരം സഞ്ജു സാംസണ്‍ ആദ്യ 20ല്‍ നിന്ന് പുറത്തായി. പുതിയ പട്ടികയില്‍ 21-ാം സ്ഥാനത്താണ് സഞ്ജു. ഇന്ന് മുംബൈ ഇന്ത്യൻസിനെ നേരിടുന്ന ചെന്നൈക്കായി തിളങ്ങിയാല്‍ സഞ്ജുവിന് വീണ്ടും ടോപ് 5ല്‍ എത്താന്‍ അവസരമുണ്ട്.
വിക്കറ്റ് വേട്ടക്കാര്‍ക്കുള്ള പര്‍പ്പിള്‍ ക്യാപിന് പുതിയ അവകാശിയെത്തിയതാണ് മറ്റൊരു മാറ്റം. ലക്നൗ സൂപ്പര്‍ ജയന്‍റ്സ് പേസര്‍ പ്രിന്‍സ് യാദവാണ് വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമനായി പര്‍പ്പിള്‍ ക്യാപ് സ്വന്തമാക്കിയത്. ഏഴ് കളികളില്‍ നിന്ന് 13 വിക്കറ്റുമായാണ് പ്രിന്‍സ് യാദവ് പര്‍പ്പിള്‍ ക്യാപ് സ്വന്തമാക്കിയത്. 13 വിക്കറ്റുള്ള ചെന്നൈയുടെ അന്‍ഷുല്‍ കാംബോജ് ആണ് രണ്ടാം സ്ഥാനത്ത്. ഇന്ന് മുംബൈക്കെതിരെ വിക്കറ്റെടുത്താല്‍ കാംബോജിന് വീണ്ടും ഒന്നാമനാകാം. 12 വിക്കറ്റുള്ള സണ്‍റൈസേഴ്സിന്‍റെ ഇഷാന്‍ മലിംഗയാണ് മൂന്നാമത്. 12 വിക്കറ്റെടുത്ത പ്രസിദ്ധ് കൃഷ്ണ നാലാമതാണ്. ഇന്നലെ ലക്നൗവിനെതിരെ മൂന്ന് വിക്കറ്റെടുത്തതോടെ രാജസ്ഥാന്‍റെ ജോഫ്ര ആര്‍ച്ചര്‍ 11 വിക്കറ്റുമായി അഞ്ചാം സ്ഥാനത്തേക്ക് കയറി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!