
ജയ്പൂർ: ഐപിഎല്ലില്‍ റെക്കോർഡുകൾ ഒന്നിനുപുറകെ ഒന്നായി തകർത്തെറിഞ്ഞ് രാജസ്ഥാൻ റോയൽസിന്‍റെ കൗമാരതാരം വൈഭവ് സൂര്യവംശി. ലക്നൗ സൂപ്പർ ജയന്‍റ്സിനെതിരായ നിർണായക മത്സരത്തിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത വൈഭവ്, ഒരൊറ്റ ഐപിഎൽ സീസണിൽ 50 സിക്സറുകൾ തികയ്ക്കുന്ന ആദ്യ ഇന്ത്യൻ ബാറ്റർ എന്ന ചരിത്രനേട്ടം സ്വന്തം പേരിലാക്കി.
ജയ്പൂരിലെ സവായ് മാൻസിങ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ലക്നൗ ഉയർത്തിയ 220 റൺസെന്ന കൂറ്റൻ ലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് വേണ്ടി വൈഭവ് ഒരിക്കൽക്കൂടി രക്ഷകനായി. വെറും 38 പന്തുകളിൽ നിന്ന് 7 ഫോറും 10 സിക്സറുകളുമടക്കം 93 റൺസാണ് വൈഭവ് അടിച്ചുകൂട്ടിയത്. വൈഭവിന്‍റെ മാസ്മരിക ഇന്നിങ്സിന്‍റെ അനായാസ ജയവുമായി രാജസ്ഥാൻ റോയൽസ് പ്ലേഓഫ് പ്രതീക്ഷകൾ സജീവമാക്കി.
ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ, 2024-ൽ അഭിഷേക് ശർമ്മ സ്ഥാപിച്ച 42 സിക്സറുകളുടെ റെക്കോർഡ് മറികടന്ന് ഒരു സീസണിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന ഇന്ത്യൻ താരമായി വൈഭവ് മാറിയിരുന്നു. ലക്നൗവിനെതിരെ ഇറങ്ങുമ്പോള്‍ 43 സിക്സറുകളാണ് വൈഭവിന്‍റെ പേരിലുണ്ടായിരുന്നത്. ലക്നൗവിനെതിരായ മത്സരത്തിന്‍റെ 11-ാം ഓവറിൽ പേസർ മായങ്ക് യാദവിനെതിരെ തുടർച്ചയായി രണ്ട് സിക്സറുകൾ പറത്തിയ വൈഭവ് സീസണിലെ സിക്സറുകളില്‍ അര്‍ധസെഞ്ചുറി തികച്ചു. ഈ സീസണിൽ 13 മത്സരങ്ങളിൽ നിന്നായി 53 സിക്സറുകളാണ് വൈഭവ് ഇതുവരെ നേടിയത്.
ഒരു ഐപിഎൽ സീസണിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ വെസ്റ്റ് ഇൻഡീസ് ഇതിഹാസം ക്രിസ് ഗെയിലിന്റെ എക്കാലത്തെയും വലിയ റെക്കോർഡിന് തൊട്ടരികിലാണ് ഇപ്പോൾ വൈഭവ്. 2012-ൽ റോയൽ ചലഞ്ഞേഴ്സ് ബംഗളൂരുവിന് വേണ്ടി ഗെയ്ൽ അടിച്ചുകൂട്ടിയ 59 സിക്സറുകളെന്ന റെക്കോർഡ് തകർക്കാൻ വൈഭവിന് ഇനി വെറും 7 സിക്സറുകൾ കൂടി മതി. 52 സിക്സുകളുമായി രണ്ടാം സ്ഥാനത്തുണ്ടായിരുന്ന കൊല്‍ക്കത്തയുടെ ആന്ദ്രെ റസലിനെ വൈഭവ് ഇന്നലെ പിന്നിലാക്കിയിരുന്നു.
ലീഗ് ഘട്ടത്തിൽ മുംബൈ ഇന്ത്യൻസിനെതിരായ ഒരു മത്സരവും, രാജസ്ഥാൻ പ്ലേഓഫിലെത്തുകയാണെങ്കിൽ ലഭിക്കുന്ന മത്സരങ്ങളും കണക്കിലെടുത്താള ഗെയ്‌ലിന്‍റെ റെക്കോർഡ് 15-കാരൻ വൈഭവ് മറികടക്കുമെന്ന് ഉറപ്പാണ്. ഒരു ഇന്നിങ്സിൽ കൂടുതൽ സിക്സറുകൾ പറത്തുന്ന ഇന്ത്യൻ താരമെന്ന റെക്കോര്‍ഡും വൈഭവ് നേരത്തെ സ്വന്തമാക്കിയിരുന്നു. സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ 37 പന്തിൽ 103 റൺസ് നേടിയ വൈഭവ് 12 സിക്സറുകൾ പറത്തിയാണ് റെക്കോർഡിട്ടത്. ഇതുവരെ കളിച്ച 13 മത്സരങ്ങളിൽ നിന്നായി 579 റൺസ് നേടി ടൂർണമെന്‍റിലെ റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ്പും ഇന്നലെ വൈഭവ് സ്വന്തമാക്കി. ലക്നൗവിനെതിരായ പ്രകടനത്തോടെ ഒരു സീസണിൽ പവർപ്ലേയിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ താരമെന്ന ട്രാവിസ് ഹെഡിന്‍റെ റെക്കോർഡും (426 റൺസ്) വൈഭവ് മറികടന്നിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!