റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ടീമിൽ തന്നെ നിലനിർത്തുമെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്ന് പേസർ യഷ് ദയാൽ. ഒരു സീസൺ നഷ്ടപ്പെട്ടതിന് ശേഷം ആഭ്യന്തര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ താരം മികച്ച പ്രകടനത്തിലൂടെ ഇന്ത്യൻ ടീമിൽ ഇടംനേടാനാണ് ലക്ഷ്യമിടുന്നത്.
ലക്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് മുന്നോടിയായി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു തങ്ങളുടെ പേസര്‍ യഷ് ദയാലിനെ ടീമില്‍ നിലനിര്‍ത്തിയിരുന്നു. എന്നാല്‍ താരത്തെ ഒഴിവാക്കുമെന്നാണ് ആരാധകര്‍ പോലും കരുതിയത്. എന്നാല്‍ പട്ടിക പുറത്തുവന്നപ്പോള്‍ ടീമിന് ആദ്യ കിരീടം സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച താരത്തെ നിലനിര്‍ത്താന്‍ നിലവിലെ ചാമ്പ്യന്മാര്‍ തീരുമാനിച്ചു. ഈ തീരുമാനം ദയാലിനെ തന്നെ ഞെട്ടിച്ചു. അടുത്ത സീസണിലും ടീമിനൊപ്പം തുടരുമെന്ന് തനിക്ക് യാതൊരു ധാരണയുമുണ്ടായിരുന്നില്ലെന്ന് ഉത്തര്‍പ്രദേശ് പേസര്‍ വ്യക്തമാക്കി.
2027ല്‍ ആര്‍സിബിക്കായി മികച്ച പ്രകടനം കാഴ്ചവെച്ച് ഈ വിശ്വാസം കാത്തുസൂക്ഷിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ''എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ കാര്യമാണ്. ആര്‍സിബി എന്നെ നിലനിര്‍ത്തുമെന്ന് എനിക്ക് ഒരു ധാരണയുമുണ്ടായിരുന്നില്ല. അവര്‍ എന്നെ നിലനിര്‍ത്തുകയും എന്നില്‍ വിശ്വാസം അര്‍പ്പിക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ മികച്ച പ്രകടനം നടത്താന്‍ ഞാന്‍ പരമാവധി ശ്രമിക്കും. എനിക്കുള്ള പരിചയസമ്പത്ത് വെച്ച് ഈ സീസണില്‍ എന്റെ 100 ശതമാനം നല്‍കാന്‍ ഞാന്‍ ശ്രമിക്കും.'' ദയാല്‍ പറഞ്ഞു.
ആര്‍സിബിയുടെ ആദ്യ ഐപിഎല്‍ കിരീടനേട്ടത്തില്‍ ദയാല്‍ പ്രധാന പങ്കുവഹിച്ചിരുന്നു. ആ സീസണില്‍ 15 മത്സരങ്ങളില്‍ നിന്ന് 36.15 ശരാശരിയിലും 9.59 ഇക്കോണമിയിലും 13 വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തി. അടുത്ത സീസണില്‍ നിയമ നടപടികള്‍ നേരിടേണ്ടി വന്നതിനാല്‍ കളിക്കാന്‍ സാധിച്ചില്ല. ഒരു സീസണ്‍ മാറിനില്‍ക്കേണ്ടി വന്നത് തന്നെ വല്ലാതെ വേദനിപ്പിച്ചുവെന്ന് യുപി പേസര്‍ പറഞ്ഞു. ''നമുക്കൊപ്പം കളിക്കുന്നവര്‍ കളിക്കുമ്പോള്‍ നമ്മള്‍ വീട്ടിലിരുന്ന് ടിവിയില്‍ കളി കാണേണ്ടി വരുന്നത് തീര്‍ച്ചയായും വിഷമമുള്ള കാര്യമാണ്. പക്ഷേ ഇപ്പോള്‍ കുഴപ്പമില്ല. എനിക്ക് ഇപ്പോള്‍ കളിക്കാന്‍ കഴിയും.'' അദ്ദേഹം പറഞ്ഞു.
നിയമപ്രശ്‌നങ്ങള്‍ അവസാനിച്ചതോടെ ദയാല്‍ ഉത്തര്‍പ്രദേശിനായി ആഭ്യന്തര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. വീണ്ടും കളിക്കളത്തിലേക്ക് മടങ്ങിയെത്തുന്നതിനാണ് ഏറ്റവും വലിയ മുന്‍ഗണനയെന്നും അദ്ദേഹം വ്യക്തമാക്കി. ''അതെ, ഇപ്പോഴത്തെ സമയം ഞാന്‍ ഇത് ആസ്വദിക്കുന്നുണ്ട്. എനിക്ക് ക്രിക്കറ്റ് കളിക്കുക എന്നത് മാത്രമേയുള്ളൂ. ക്രിക്കറ്റാണ് എനിക്ക് എല്ലാം. ജയിക്കുകയോ തോല്‍ക്കുകയോ ചെയ്യുന്നത് ഞാന്‍ കാര്യമാക്കുന്നില്ല. എന്റെ പ്രകടനവും വിഷയമല്ല. എനിക്ക് എന്റെ ജീവിതം ആസ്വദിക്കണം, ക്രിക്കറ്റാണ് എന്റെ ജീവിതം.'' അദ്ദേഹം പറഞ്ഞു.















