
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റില്‍ പുതിയ ചരിത്രം കുറിച്ച് പതിനഞ്ചുകാരന്‍ വൈഭവ് സൂര്യവംശി. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കും ഏഷ്യന്‍ ഗെയിംസിനുമുള്ള ഇന്ത്യന്‍ ടീമിനെ ശനിയാഴ്ച പ്രഖ്യാപിച്ചപ്പോള്‍, യുവ ഇടംകയ്യന്‍ ബാറ്റര്‍ വൈഭവ് ടീമിലിടം നേടി. ഇതോടെ ഇന്ത്യന്‍ സീനിയര്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ദീര്‍ഘകാലത്തെ റെക്കോര്‍ഡാണ് സൂര്യവംശി തകര്‍ത്തത്. 1989-ല്‍ പതിനാറാം വയസ്സില്‍ പാകിസ്ഥാനെതിരെ സച്ചിന്‍ അരങ്ങേറ്റം കുറിച്ചതിനു ശേഷം കഴിഞ്ഞ 36 വര്‍ഷമായി തകരാതെ നിന്ന റെക്കോര്‍ഡാണ് ഈ ബീഹാര്‍ സ്വദേശി സ്വന്തം പേരിലാക്കിയത്.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2026 സീസണില്‍ കാഴ്ചവെച്ച അസാമാന്യ പ്രകടനമാണ് വൈഭവിന് ഇന്ത്യന്‍ ടീമിലേക്കുള്ള വഴിതുറന്നത്. സീസണില്‍ ഉടനീളം തകര്‍പ്പന്‍ ഫോമിലായിരുന്ന താരം 776 റണ്‍സോടെ ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമനായി. ഓറഞ്ച് ക്യാപ്, മോസ്റ്റ് വാല്യുബിള്‍ പ്ലെയര്‍, സൂപ്പര്‍ സ്‌ട്രൈക്കര്‍ ഉള്‍പ്പെടെ അഞ്ച് പ്രധാന പുരസ്‌കാരങ്ങളാണ് ഈ പതിനഞ്ചുകാരന്‍ ഐപിഎല്ലില്‍ വാരിക്കൂട്ടിയത്. ഇതിനുപുറമേ, ഒരു ഐപിഎല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന താരമെന്ന ക്രിസ് ഗെയിലിന്റെ ചരിത്ര റെക്കോര്‍ഡും വൈഭവ് ഇത്തവണ തിരുത്തിക്കുറിച്ചു.
കഴിഞ്ഞ വര്‍ഷം രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി ഐപിഎല്ലില്‍ അരങ്ങേറ്റം കുറിച്ചതു മുതല്‍ ക്രിക്കറ്റ് ലോകത്തെ സജീവ ചര്‍ച്ചാവിഷയമാണ് ഈ ഇടംകയ്യന്‍ ബാറ്റര്‍. കഴിഞ്ഞ സീസണിലെ മികച്ച പ്രകടനത്തിന് പിന്നാലെ യൂത്ത് ക്രിക്കറ്റിലും താരം റണ്‍സ് അടിച്ചുകൂട്ടി. ഈ വര്‍ഷം ആദ്യം നടന്ന അണ്ടര്‍-19 ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ വൈഭവ് നേടിയ 175 റണ്‍സ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍, 2026 സീസണ്‍ ആരംഭിക്കുന്നതിന് മുന്‍പ് വൈഭവിന്റെ പ്രകടനത്തെക്കുറിച്ച് ക്രിക്കറ്റ് വിദഗ്ധര്‍ക്കും ആരാധകര്‍ക്കും ചില സംശയങ്ങള്‍ ഉണ്ടായിരുന്നു.
ആദ്യ സീസണിലെ പുതുമ മാറുന്നതോടെ എതിര്‍ ടീമുകള്‍ കൃത്യമായ തന്ത്രങ്ങളുമായി വരുമെന്നും, അതുകൊണ്ടുതന്നെ വൈഭവിന് ഇത്തവണ പിടിച്ചുനില്‍ക്കാന്‍ പാടാകുമെന്നുമായിരുന്നു പലരുടെയും വിലയിരുത്തല്‍. പക്ഷേ, വിമര്‍ശകരുടെ എല്ലാ കണക്കുകൂട്ടലുകളും തകിടം മറിക്കുന്ന പ്രകടനമാണ് താരം പുറത്തെടുത്തത്. ജസ്പ്രിത് ബുംറ, ജോഷ് ഹേസല്‍വുഡ്, പാറ്റ് കമ്മിന്‍സ്, കാഗിസോ റബാഡ തുടങ്ങിയ ലോകോത്തര ബൗളര്‍മാരെ ഒരു ഭയവുമില്ലാതെയാണ് വൈഭവ് നേരിട്ടത്. ഐപിഎല്ലിന്റെ 19-ാം പതിപ്പില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ താരം സെഞ്ച്വറി നേടി. കൂടാതെ പ്ലേ ഓഫ് മത്സരങ്ങളിലെ രണ്ടെണ്ണം ഉള്‍പ്പെടെ മൂന്ന് തവണ തൊണ്ണൂറുകളില്‍ എത്തി നില്‍ക്കാനും വൈഭവിന് സാധിച്ചു.
ട്വന്റി-20 ടീം പ്രഖ്യാപനത്തിന് പിന്നാലെ, വൈഭവിന്റെ പ്രകടനത്തെ അവഗണിക്കാന്‍ സെലക്ടര്‍മാര്‍ക്ക് സാധിക്കുമായിരുന്നില്ലെന്ന് ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ തുറന്നുപറഞ്ഞു. വൈഭവ് സ്വന്തം പ്രകടനം കൊണ്ട് സെലക്ഷന്‍ കമ്മിറ്റിയുടെ വാതില്‍ തകര്‍ത്ത് അകത്തുകയറുകയായിരുന്നു എന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. അയര്‍ലന്‍ഡിനെതിരെയുള്ള ട്വന്റി-20 പരമ്പരയ്ക്ക് മുന്‍പായി, ശ്രീലങ്ക എ, അഫ്ഗാനിസ്ഥാന്‍ എ ടീമുകള്‍ക്കെതിരായ മത്സരങ്ങളില്‍ ഇന്ത്യ എ ടീമിന് വേണ്ടിയാകും വൈഭവ് ഇനി അടുത്തതായി കളത്തിലിറങ്ങുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!