സിംബാബ്‌വെക്കെതിരായ രണ്ടാം ടി20 മത്സരത്തിൽ ഇന്ത്യ കൂറ്റൻ സ്കോർ പടുത്തുയർത്തി. ഇഷാൻ കിഷന്റെയും (81) തിലക് വർമ്മയുടെയും (60) അർദ്ധസെഞ്ച്വറികളുടെ മികവിൽ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 220 റൺസ് വിജയലക്ഷ്യം വെച്ചു.
ഹരാരെ: ഇന്ത്യക്കെതിരായ രണ്ടാം ടി20യില്‍ സിംബാബ്‌വെയ്ക്ക് 220 റണ്‍സ് വിജയലക്ഷ്യം. ഹരാരെ, സ്‌പോര്‍ട്‌സ് ക്ലബില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ ഇഷാന്‍ കിഷന്‍ (44 പന്തില്‍ 81), തിലക് വര്‍മ (29 പന്തില്‍ 60) എന്നിവരുടെ ഇന്നിംഗ്‌സാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. അഞ്ച് വിക്കറ്റുകള്‍ മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്. നേരത്തെ, ആദ്യ മത്സരം കളിച്ച ടീമില്‍ നിന്ന് ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. അശോക് ശര്‍മയ്ക്ക് പകരം യഷ് താക്കൂര്‍ ടീമിലെത്തി. സിംബാബ്‌വെ മാറ്റമൊന്നും വരുത്തിയിട്ടില്ല.
രണ്ടാം ഓവറില്‍ തന്നെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. എട്ട് റണ്‍സെടുത്ത അഭിഷേക് ശര്‍മയെ, മുസറബാനി ഗള്ളിയില്‍ റ്യാന്‍ ബേളിന്റെ കൈകളിലെത്തിച്ചു. മൂന്നാം ഓവറില്‍ വൈഭവ് സൂര്യവംശിയും (9 പന്തില്‍ 20) മടങ്ങി. റിച്ചാര്‍ഡ് ഗരാവക്കെതിരെ തുടര്‍ച്ചയായി ഒരു സിക്‌സും മൂന്ന് ഫോറും നേടി ആത്മവിശ്വാസത്തിലായിരുന്നു സൂര്യവംശി. എന്നാല്‍ ഓവറിന്റെ അവസാന പന്തില്‍ പുറത്തായി. മുസറബാനിക്കായിരുന്നു ക്യാച്ച്. ഒരു സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടുന്നതായിരുന്നു സൂര്യവംശിയുടെ ഇന്നിംഗ്‌സ്.
തുടര്‍ന്ന് ശ്രേയസ് അയ്യര്‍ (25) - കിഷന്‍ സഖ്യം 66 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ശ്രേയസ് പത്താം ഓവറിന്റെ അവസാന പന്തില്‍ മടങ്ങി. ബ്രയാന്‍ ബെന്നറ്റിന്റെ പന്തില്‍ ബ്രാഡ് ഇവാന്‍സിന് ക്യാച്ച് നല്‍കുകയായിരുന്നു. ഇതോടെ മൂന്നിന് 95 എന്ന നിലയിലായി ഇന്ത്യ. പിന്നീട് തിലക് - കിഷന്‍ സഖ്യം 94 റണ്‍സ് കൂടി ചേര്‍ത്ത് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിക്കുകയായിരുന്നു. 18-ാം ഓവറില്‍ കിഷന്‍ മടങ്ങുമ്പോള്‍ രണ്ട് സിക്‌സും ഒമ്പത് ഫോറും നേടിയിരുന്നു. റിങ്കും സിംഗ് (12) അവസാന ഓവറിലും മടങ്ങി. തിലക് - ശിവം ദുബെ (6) സഖ്യം പുറത്താവാതെ നിന്നു. 29 പന്തുകള്‍ നേരിട്ട തിലക് മൂന്ന് സിക്‌സും അഞ്ച് ഫോറും നേടി. മൂന്ന് മത്സരങ്ങളുടെ പരമ്പരകളുടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലാണ്. ആദ്യ ടി20 ഇന്ത്യ ഏഴ് വിക്കറ്റിന് ജയിച്ചിരുന്നു. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം...
ഇന്ത്യ: വൈഭവ് സൂര്യവംശി, അഭിഷേക് ശര്‍മ്മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ്മ, റിങ്കു സിംഗ്, ശിവം ദൂബെ, രവി ബിഷ്‌ണോയ്, പ്രിന്‍സ് യാദവ്, യാഷ് താക്കൂര്‍, മയങ്ക് യാദവ്.
സിംബാബ്വെ: ബ്രയാന്‍ ബെനെറ്റ്, ബെന്‍ കറന്‍, ഡിയോണ്‍ മേയേഴ്‌സ്, ???ന്ദര്‍ റാസ (ക്യാപ്റ്റന്‍), റയാന്‍ ബേര്‍ള്‍, വെസ്ലി മാധേവെരെ, തടിവനാഷെ മരുമാനി (വിക്കറ്റ് കീപ്പര്‍), ബ്രാഡ് എവന്‍സ്, ന്യൂമാന്‍ ഞാമുരി, റിച്ചാര്‍ഡ് എന്‍ഗാരവ, ബ്ലെസ്സിംഗ് മുസരബാനി.

